12:44am 27 August 2026
NEWS
ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: ദുരൂഹതയുടെ ചുരുളഴിയുമോ?
01/08/2025  11:16 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: ദുരൂഹതയുടെ ചുരുളഴിയുമോ

 ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലിനെ തുടർന്ന് രൂപീകരിക്കപ്പെട്ട എസ് ഐ ടിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കുഴിയെടുപ്പ് ഇന്നും തുടരും. മൃതശരീരങ്ങൾ മറവുചെയ്തിട്ടുണ്ട് എന്ന് അയാൾ പറയുന്ന പതിമൂന്ന് ഇടങ്ങളാണ് വെളിപ്പെടുത്തൽ നടത്തിയ ആൾ ചൂണ്ടിക്കാട്ടിയത്. ഇന്നലെ ആറാമിടത്തിൽ മൂന്നടി കഴിച്ചപ്പോൾ തന്നെ മനുഷ്യ ശരീരത്തിന്റെ അസ്ഥിഭാഗങ്ങൾ കണ്ടുകിട്ടിയിരുന്നു. തലയോട്ടിയുടെ ഭാഗമടക്കം വേറിട്ടാണ് കിടന്നിരുന്നത്. ഇരുപതോളം അസ്ഥിഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെളിപ്പെടുത്തലുകാരനെ സാക്ഷിയാക്കിയാണ് കുഴിയെടുക്കുന്നത്. ആറാമിടത്തിൽ നിന്ന് കണ്ടെടുത്തത് പുരുഷന്റെ അസ്ഥിഭാഗങ്ങളാണെന്നാണ് പ്രാഥമിക പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധർ നൽകുന്ന സൂചന. ഇന്നലെ അസ്ഥിഭാഗങ്ങൾ കണ്ടെടുത്ത ആറാമിടത്തിന് സമീപമാണ് ഏഴും എട്ടും ഇടങ്ങൾ. കാടിനകത്ത് ഒരു താത്കാലിക ടെന്റ് കെട്ടിയിട്ടുണ്ട്. ഏഴ്, എട്ട്, പതിമൂന്ന് എന്നീ ഇടങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും ഒട്ടേറെ മൃതദേഹങ്ങൾ ഇവിടെ മറവുചെയ്തിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തലുകാരൻ എസ് ഐ ടി അധികൃതരെ അറിയിച്ചിരിക്കുന്നത്. ഒരു മരത്തിൽ ത്രികോണാകൃതിയിൽ ആറ്, ഏഴ്, എട്ട് എന്നീ ഇടങ്ങൾ മൃതദേഹങ്ങൾ മറവുചെയ്ത സമയത്ത് അയാൾ അടയാളപ്പെടുത്തിരുന്നത്രെ. വലുപ്പം വെച്ച മരത്തിൽ ഇപ്പോഴും ആ അടയാളം അവ്യക്തമായി തെളിയുന്നുണ്ടത്രെ. ഏഴാമിടമാണ് ഇന്ന് കുഴിക്കുന്നത്. കുഴിയെടുക്കുന്നതിനോടൊപ്പം വെളിപ്പെടുത്തൽ നടത്തിയ ആളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയും സമാന്തരമായി നടക്കുന്നുണ്ട്. സ്വാഭാവിക മരണം സംഭവിച്ചവരുടെ മൃതദേഹമാണോ അതല്ല ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടവരുടേതാണോ സംസ്കരിച്ചത്, ആരുടെ നിർദ്ദേശപ്രകാരമാണ് സംസ്കരിച്ചത്, സഹായിച്ചത് ആരൊക്കെ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ എസ് ഐ ടി ശ്രമിക്കുന്നുണ്ട്. അയാളുടെ വെളിപ്പെടുത്തലിനെ പറ്റി പൊതുസമൂഹത്തിൽ പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ദുരൂഹതകൾ മാറ്റാൻ എസ് ഐ ടിയ്‌ക്ക് സാധിക്കുമോ എന്നാണ് ധർമ്മസ്ഥലവാസികളും ഭക്തജനങ്ങളും ഉറ്റുനോക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img