09:53pm 05 November 2026
NEWS
ജാതി സെൻസസിൻ്റെ പ്രസക്തിയും പിന്നാക്ക, ദളിത്, ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളും…
30/04/2025  09:30 PM IST
സുരേഷ് വണ്ടന്നൂർ
ജാതി സെൻസസിൻ്റെ പ്രസക്തിയും പിന്നാക്ക, ദളിത്, ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളും…

എന്തോ വലിയ വിപത്തെന്ന മട്ടിലും മഹാപരാധമെന്ന നിലയ്ക്കും ജാതി സെൻസസിനെ നോക്കിക്കാണുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുള്ളത്. മനുഷ്യ ശരീരത്തിലെ നാഡീഞരമ്പുകൾ പോലെ അതീവ പ്രാധാന്യമേറിയ ഒന്നാണ് ഒരു രാജ്യത്തെ ജനങ്ങളുടെ കണക്കെടുപ്പ് അഥവാ സെൻസസ്. ജനങ്ങളുടെ  ക്ഷേമ, ഐശ്വര്യങ്ങൾ കാത്തു സംരക്ഷിക്കേണ്ട ധാർമ്മിക ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. സെൻസസിൻ്റെ പ്രാധാന്യം അതു കൊണ്ടുതന്നെ ഒട്ടും ഒഴിച്ചുകൂടാനാകാത്തതാണ്.
ജനായത്തത്തിന്റെ അടിസ്ഥാന ഘടകമാണ് പ്രാതിനിധ്യം. സാമൂഹ്യ പ്രാതിനിധ്യമില്ലാത്ത ജനായത്തം അപകടമാണ്. വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കണക്കെടുപ്പ് യഥാസമയം നടത്തി ജനകോടികളുടെ അവകാശങ്ങളെ നിവർത്തിച്ചു നൽകേണ്ട ഉത്തരവാദിത്തം കൂടി ഭരണകൂടത്തിൻ്റേതാണ്.

എന്താണ് സെൻസസ്?

ജനസംഖ്യാശാസ്‌ത്രപരമായ,സാമ്പത്തിക, സാമൂഹിക വിവരങ്ങളുടെ ശേഖരണം, സമാഹരണം,വിശകലനം,പ്രചരിപ്പിക്കൽ എന്നിവയ്‌ക്ക് വേണ്ടിയുള്ള മൊത്തം പ്രക്രിയയാണ് സെൻസസ്.
ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ കൃത്യമായി നിർവചിക്കപ്പെട്ട സ്ഥലങ്ങളിലെ എല്ലാ ആളുകളും ഉൾപ്പെടുന്ന മൊത്തം കണക്ക് കൂടിയാണ് സെൻസസ്.
കഴിഞ്ഞ ദശകത്തിലെ രാജ്യത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും സർക്കാരിന്റെ നിലവിലുള്ള പദ്ധതികൾ നിരീക്ഷിക്കുന്നതിനും ഭാവിയിലേക്കുള്ള ആസൂത്രണത്തിനുമുള്ള അടിസ്ഥാന ഘടകമാണത്.
ഇന്ത്യയിൽ സെൻസസിന്റെ ആവൃത്തി
ഓരോ 10 വർഷത്തിലൊരിക്കലുള്ള അഭ്യാസമായിരുന്നെങ്കിൽ 2021-ൽ നടക്കേണ്ടിയിരുന്ന രാജ്യത്തിൻ്റെ 8-ാമത് സെൻസസ് പ്രക്രിയയ്ക്ക് തടസ്സം നേരിട്ടത് കോവിഡ് മഹാമരിയാണ്. ഇപ്പോൾ രണ്ട് വർഷം പിന്നിട്ടിട്ടും സെൻസസ് അനന്തമായി നീളുന്നത് ചില്ലറ അസ്വാരസ്യങ്ങളല്ല പൊതു സമൂഹത്തിനിടയിൽ ഉണ്ടാക്കിയിട്ടുള്ളത്.

സെൻസസിന്റെ ആവൃത്തി:
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ബ്രിട്ടൻ തുടങ്ങി പല രാജ്യങ്ങളിലും ഓരോ 10 വർഷത്തിൽ ഒരിക്കലും കാനഡ, ജപ്പാൻ തുടങ്ങി രാജ്യങ്ങളിൽ ഓരോ അഞ്ച് വർഷത്തിൽ ഒരിക്കലുമാണ് സെൻസസ് നടക്കുന്നത്. ചില രാജ്യങ്ങളിൽ ക്രമരഹിതമായ ഇടവേളകളിൽ സെൻസസ് പ്രക്രിയ നടക്കാറുണ്ട്. ഇന്ത്യയിൽ സെൻസസിന് ഇടവേളയുണ്ടായത് 2021 മുതൽക്കാണ്.

നോഡൽ മന്ത്രാലയവും നിയമ/ഭരണഘടനാപരമായ പിന്തുണയും:

അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലാണ് ഈ നിയമത്തിന്റെ പൈലറ്റ് ബിൽ തയ്യാറാക്കിയത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരം ജനസംഖ്യാ സെൻസസ് ഒരു യൂണിയൻ വിഷയമാണ്.
ഇത് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സീരിയൽ നമ്പർ 69 ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങളുടെ രഹസ്യാത്മകത:

ജനസംഖ്യാ സെൻസസ് സമയത്ത് ശേഖരിക്കുന്ന വിവരങ്ങൾ വളരെ രഹസ്യാത്മകമാണ്. അത് കോടതികൾക്ക് പോലും ആക്സസ് ചെയ്യാൻ കഴിയില്ല.
1948-ലെ സെൻസസ് ആക്ട് പ്രകാരം രഹസ്യസ്വഭാവം ഉറപ്പുനൽകുന്നു.
നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ പാലിക്കാത്തതിനോ ലംഘിക്കുന്നതിനോ പൊതുജനങ്ങൾക്കും സെൻസസ് ഉദ്യോഗസ്ഥർക്കും പിഴ ചുമത്തുമെന്നും നിയമം വ്യക്തമാക്കുന്നു.

ജാതി സെൻസസിന്റെ ഉദ്ദേശ്യം എന്താണ്?

ഭരണഘടന ഉറപ്പു നൽകുന്ന ജനസംഖ്യാ ആനുപാതിക പ്രതിനിധ്യം, സംവരണം, സാമൂഹികാവസ്ഥ, ജാതി തിരിച്ചുള്ള കണക്കുകൾ എന്നിവ ലഭിക്കാനും, ഒ.ബി.സി മുതൽ ദളിത്,ഗോത്ര അതിപിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യം ലഭിക്കുന്നുണ്ടോ,സാമൂഹിക, സാമ്പത്തിക വിവേചനങ്ങൾ നേരിടുന്നുണ്ടോ,എങ്കിൽ അവ തടയുന്നതിനും 
ഭരണത്തിൻ്റെ എല്ലാ മേഖലകളിലും തുല്യത ഉറപ്പുവരുത്തുന്നതിനും തൊഴിൽ മേഖലയിൽ സംവരണം പ്രാവർത്തികമാക്കുന്നതിനും, തുടങ്ങി എല്ലാ മൗലികാവകാശങ്ങളും തടസ്സമില്ലാതെ നൽകുന്നതിന് ജാതി തിരിച്ചുള്ള കണക്കെടുപ്പ് അനിവാര്യമാണ്‌.
ജാതി സെൻസസ് കൂടുതൽ സംവരണത്തിനും കൂടുതൽ സമുദായങ്ങൾക്കും വേണ്ടിയുള്ള മത്സരപരമായ ആവശ്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. ആകയാൽ ആരോഗ്യപരമായ ഒരു ജനാധിപത്യ ഇന്ത്യ പുലർന്നുകാണുവാൻ ആഗ്രഹിക്കുവരെല്ലാം ജാതി സെൻസസ് നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് രംഗത്തിറങ്ങേണ്ടതാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയിൽ അങ്ങനെയൊരു കണക്കെടുപ്പ് പുറത്തു വന്നിട്ടില്ല.
സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സർക്കാർ നിയോഗിച്ച കാക്കകലേക്കർ കമ്മീഷൻ്റെ പ്രധാന നിർദേശങ്ങളിൽ ഒന്ന് 1961-ലെ സെൻസസിൽ ജാതി കൂടി ഉൾക്കൊള്ളിക്കണമെന്നതായിരുന്നു. പക്ഷേ വിവിധ കോണുകളിൽ നിന്നുയർന്ന ശക്തമായ എതിർപ്പ് കാരണം അതുണ്ടായില്ല.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കു മതന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15:4), 16 (4) പ്രകാരം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഉദ്യോഗമേഖലകളിൽ പിന്നാക്കവിഭാഗങ്ങൾക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിരിക്കുന്നു.


ആർട്ടിക്കിൾ 340 എന്താണ് പറയുന്നത്?
നമ്മുടെ ഭരണഘടനയും ജാതി സെൻസസ് നടത്തുന്നതിന് അനുകൂലമാണ്. ആർട്ടിക്കിൾ ഇങ്ങനെ വായിക്കുന്നു:
"ഇന്ത്യയുടെ പ്രദേശത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരുടെ അവസ്ഥകളും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അന്വേഷിക്കാനും ശുപാർശകൾ നൽകാനും ഉചിതമെന്ന് തോന്നുന്ന വ്യക്തികൾ ഉൾപ്പെടുന്ന ഒരു കമ്മീഷനെ രാഷ്ട്രപതിക്ക് ഉത്തരവിലൂടെ നിയമിക്കാം. അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും യൂണിയനോ ഏതെങ്കിലും സംസ്ഥാനമോ സ്വീകരിക്കേണ്ട നടപടികളിലേക്ക് ആണ് ആർട്ടിക്കിൾ 340 വിരൽ ചൂണ്ടുന്നത്".

1881-ലാണ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യയായിരുന്ന ഡബ്ല്യു.സി. പ്ലോഡൻ, 
 ഇന്ത്യയിൽ ആദ്യത്തെ ജാതി(സിൻക്രണസ്)
 സെൻസസ് നടത്തിയത്. അതിനുശേഷം, പത്ത് വർഷത്തിലൊരിക്കൽ തുടർച്ചയായി സെൻസസ് നടത്തുന്നു.
ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെൻറി വാൾട്ടർ ആണ് 
ഒരു ഇന്ത്യൻ നഗരത്തിന്റെ ആദ്യത്തെ സമ്പൂർണ സെൻസസ് 1830-ൽ നടത്തിയത്.ഡാക്കയിൽ ആയിരുന്നു അത്.
1872-ൽ ഗവർണർ ജനറൽ ലോർഡ് മയോയുടെ കാലത്താണ് ഇന്ത്യയിൽ ആദ്യമായി സമന്വയമില്ലാത്ത സെൻസസ് നടന്നത്.
1931 വരെ ബ്രിട്ടീഷ് സർക്കാർ ജാതി സെൻസസ് നടത്തി.
സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്ന ശേഷം 1951-ലാണ് നെഹ്റു സർക്കാർ  ആദ്യത്തെ സെൻസസ് നടത്തിയത്. അന്നു മുതൽ 2001 വരെ രാജ്യത്ത് നടന്ന എല്ലാ സെൻസസുകളിലും ജാതി സെൻസസ് ഉൾപ്പെട്ടിരുന്നില്ല. 
 2011- സെൻസസിനൊപ്പം സാമൂഹിക, സാമ്പത്തിക, ജാതികണക്കുകൾ കൂടി ശേഖരിക്കാൻ അന്നത്തെ കേന്ദ്രസർക്കാർ നിർബന്ധിതമായെങ്കിലും അതിൻ്റെ റിപ്പോർട്ട് ഇനിയും വെളിച്ചം കാണാതെ ഇരുളിലാണ്. 

രോഹിണി കമ്മീഷൻ രൂപീകരണം

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം 2017 ഒക്ടോബർ 2ന് രാഷ്ട്രപതിയാണ് കമ്മീഷനെ നിയോഗിച്ചത്.
 
* ഉദ്ദേശ്യം: വിവിധ OBC ജാതികൾ അല്ലെങ്കിൽ സമുദായങ്ങൾക്കിടയിൽ സംവരണ ആനുകൂല്യങ്ങളുടെ അസമത്വ വിതരണത്തിന്റെ അളവ് പരിശോധിക്കുന്നതിന്.. 

* റഫറൻസ് നിബന്ധനകൾ: ഉപ-വർഗ്ഗീകരണത്തിന്റെ ആവശ്യകത വിലയിരുത്തുക, അതിനായി ഒരു ശാസ്ത്രീയ സമീപനം തയ്യാറാക്കുക, ഒബിസികളുടെ സെൻട്രൽ ലിസ്റ്റിൽ എന്തെങ്കിലും പൊരുത്തക്കേടുകളോ പിശകുകളോ കണ്ടെത്തൽ എന്നിവ ഇതിന്റെ പ്രാഥമിക റഫറൻസ് നിബന്ധനകളിൽ ഉൾപ്പെടുന്നു.

കമ്മീഷന്റെ കണ്ടെത്തലുകൾ:

* ജാതി ഗ്രൂപ്പുകളുടെ വർഗ്ഗീകരണം: സ്രോതസ്സുകൾ പ്രകാരം, 27% സംവരണത്തിന്റെ ഏറ്റവും ചെറിയ വിഹിതവും ചരിത്രപരമായി തിങ്ങിനിറഞ്ഞവരുമായ പ്രബല ജാതികൾക്ക് (ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന) ജാതി ഗ്രൂപ്പുകളെ വിശാലമായ വിഭാഗങ്ങളായി വിഭജിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. സംവരണത്തിന്റെ ഏറ്റവും വലിയ പങ്ക് ജാതി വിഭാഗങ്ങൾക്കാണ്.

*അസമമായ വിതരണം: ഏതാനും വർഷങ്ങളായി 1.3 ലക്ഷം കേന്ദ്ര ജോലികളും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒബിസി പ്രവേശനവും കമ്മീഷൻ വിശകലനം ചെയ്തു, എല്ലാ ജോലികളിലും വിദ്യാഭ്യാസ സീറ്റുകളിലും 97% ഒബിസികളായി തരംതിരിക്കുന്ന 25% ഉപജാതികളിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തി.

* പ്രബലമായ കമ്മ്യൂണിറ്റികൾ: ഈ അവസരങ്ങളുടെ ഒരു പ്രധാന ഭാഗം (95%) 10 OBC കമ്മ്യൂണിറ്റികൾക്ക് മാത്രമാണ് ലഭിച്ചത്.

പ്രാതിനിധ്യമില്ലാത്ത ഗ്രൂപ്പുകൾ: ഒബിസി കമ്മ്യൂണിറ്റികളിൽ ഏകദേശം 37% (983) ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൂജ്യം പ്രാതിനിധ്യം ഉള്ളപ്പോൾ 994 ഒബിസി ഉപജാതികൾക്ക് റിക്രൂട്ട്‌മെന്റിലും പ്രവേശനത്തിലും ആകെ 2.68% മാത്രമാണ് പ്രാതിനിധ്യം ഉള്ളത്.
 രൂപീകരിച്ച് 6 വർഷത്തിനുശേഷം, 14 വിപുലീകരണങ്ങൾക്ക് ശേഷം മറ്റ് പിന്നേക്ക വിഭാഗങ്ങളുടെ (ഒ ബി സി) ഉപ വിഭാഗങ്ങൾക്കായി ചുമതലപ്പെടുത്തിയ രോഹിണി കമ്മീഷൻ ജൂലൈ 31 തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു.
കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെ നിലവിലുള്ള 27% സംവരണം ഒബിസികളുടെ ഭാഗമായ വിവിധ വിഭാഗങ്ങൾക്കിടയിൽ വിഭജിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന പന്ത് ഇപ്പോൾ നരേന്ദ്രമോദി സർക്കാരിന്റെ കോർട്ടിലാണ്. ജനസംഖ്യയും പ്രത്യേക സമുദായങ്ങളുടെ കുറവും അനുസരിച്ച് ഒ ബി സി വിഭാഗങ്ങൾക്കിടയിൽ സംവരണ പൂളിന്റെ ഉപ-വിഭജനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് മോദി സർക്കാർ 2017 ഒക്ടോബറിൽ കമ്മീഷൻ രൂപീകരിച്ചത്.
താരതമ്യേന മികച്ച സാമ്പത്തിക നിലവാരവും വിദ്യാഭ്യാസ നിലവാരവും ഉള്ള ഒബിസി വിഭാഗങ്ങൾ വിലകൊടുത്ത്
മിക്ക പിന്നോക്ക സമുദായങ്ങളുടെയും സംവരണത്തിന്റെ അനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതായി ഒബിസികൾക്കിടയിലെ താരതമ്യേന പിന്നോക്ക സമുദായങ്ങൾക്കിടയിൽ പരാതിയുണ്ട്. ഉപഗ്രൂപ്പിംഗ്, ഘടക ഗ്രൂപ്പുകൾക്കിടയിൽ സംവരണ ആനുകൂല്യങ്ങളുടെ തുല്യമായ വിതരണത്തിലേക്ക് നയിക്കുമെന്ന് പലരും വിശ്വസിക്കുന്നു. 2017 ഒക്ടോബറിലെ ഭരണഘടനയെ തുടർന്ന് 12 ആഴ്ചയ്ക്കുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ടത് ആയിരുന്നുവെങ്കിലും, 14 തവണ നീട്ടി നൽകുകയും അതിൻ്റെ കാലാവധി ജൂലൈ 31 തിങ്കളാഴ്ച അവസാനിക്കുകയും ചെയ്തു. കമ്മീഷൻ ഭരണഘടന ഈ വിഷയത്തിൽ പുനർവിചിന്തനം നടത്തിയിരുന്നു. കാരണം ഒബിസികൾക്കിടയിൽ സംവരണ പൂൾ വിഭജിക്കാനുള്ള അത്തരമൊരു നീക്കം വിവാദങ്ങൾക്ക് കാരണമാവുകയും അത് ബി.ജെ.പിയുടെ രാഷ്ട്രീയഭാവിയെ ബാധിക്കുകയും ചെയ്യും. ഇതേ തുടർന്ന് ബിജെപി സർക്കാർ ഈ വിഷയത്തിൽ കാലിടറി നീണ്ടു പോവുകയാണ്.


രോഹിണി കമ്മീഷൻ റിപ്പോർട്ട്:

ഒബിസികൾക്കിടയിൽ ന്യായമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള രീതിയും അടിസ്ഥാനവും മാനദണ്ഡവും രൂപപ്പെടുത്തുക എന്നതായിരുന്നു കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. ജനസംഖ്യയുടെ 41% (നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് ) മുതൽ 52% വരെ (മണ്ഡൽ കമ്മീഷൻ) വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 27 ശതമാനം സംവരണം ലഭിക്കും. ഒബിസികളുടെ സെൻട്രൽ ലിസ്റ്റിൽ 2,600ലധികം ഉപജാതികൾ ഉണ്ട്. സംവരണ കോട്ടയുടെ നേട്ടം കൊയ്യുന്നത് വിരലിലെണ്ണാവുന്ന പ്രബല ജാതി വിഭാഗങ്ങൾ മാത്രമാണെന്ന് ധാരണ വർഷങ്ങളായി കെട്ടിപ്പടുക്കപ്പെട്ടു. വാസ്തവത്തിൽ രോഹിണി കമ്മീഷൻ കേന്ദ്രസർക്കാർ ജോലികളുടെയും ഒബിസി കോട്ടയ്ക്ക് കീഴിലുള്ള പ്രവേശനത്തിന്റെയും ഡാറ്റ വിശകലനം ചെയ്യുകയും ഈ ധാരണയെ സാധൂകരിക്കുകയും ചെയ്തു. എല്ലാ തൊഴിൽ-വിദ്യാഭ്യാസ സീറ്റുകളുടെയും 97% ഒബിസി ഉപജാതികളിലെ 25% പേർക്കാണ്. 983 ഒബിസി സമുദായങ്ങൾക്ക് പൂജ്യം പ്രാധിനിത്യം മാത്രമാണെന്നും കണ്ടെത്തി.

എന്നാൽ 2017 ജനുവരിയിൽ,ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും ഗ്രാമീണ മേഖലയിലെ സാമൂഹിക പദ്ധതികൾക്കുള്ള ഫണ്ട് കൈമാറുന്നതിനുമുള്ള പ്രധാന ഉപകരണമായി ദാരിദ്ര്യരേഖയ്ക്ക് പകരം സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഉപയോഗിക്കാനുള്ള ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിക്കുകയുണ്ടായി. ഇതിലൂടെ തെളിയുന്നത് ജാതി സെൻസസിൻ്റെ അനിവാര്യത എത്രമാത്രം വലുതാണ് എന്നതാണ്. 

ബീഹാറിൽ സർക്കാർ ജാതി സെൻസസ് പുറത്തുവിട്ടു കഴിഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ തുടർന്നും ഭരണത്തിൽ വരികയാണെങ്കിൽ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളം,തമിഴ്നാട്, തെലുങ്ക് ദേശം പോലുളള കോൺഗ്രസ് -ബി.ജെ.പി ഇതര . സർക്കാരുകളുടെയും മുന്നിൽ ജാതി സെൻസസ് എന്നത് കീറാമുട്ടിയായി തന്നെ നിൽക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img