
എറണാകുളം : കൊച്ചിയുടെ ജലഗതാഗത രംഗത്ത് ഒരു പുതിയ നാഴികക്കല്ലായി സംസ്ഥാന ഗതാഗത വകുപ്പിന്റെ മേഖല ഓഫീസ് കെട്ടിടം സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എറണാകുളം എം.പി ഹൈബി ഈഡൻ, കൊച്ചി മേയർ എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
മുൻ എറണാകുളം എം.എൽ.എയായ ഹൈബി ഈഡന്റെയും നിലവിലെ എം.എൽ.എ ടി.ജെ. വിനോദിന്റെയും ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി അറുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടനിർമാണം പൂർത്തിയാക്കിയത്. പൊതുജനങ്ങൾക്ക് സുഗമമായ സേവനവും, വകുപ്പിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യവും ഒരുക്കുന്നതിനായി നിർമിച്ചിരിക്കുന്നതാണ് ഈ കാര്യാലയം.
വരും നാളുകളിൽ ഗതാഗത മേഖല അടിമുടി മാറ്റങ്ങൾക്ക് ആയിരിക്കും സാക്ഷ്യം വഹിക്കുക എന്നും കെ.എസ്.ആർ.ടി.സി വിഭാഗത്തിൽ ഡിജിറ്റലൈസേഷൻ എല്ലാ മേഖലകളിലും എത്തിക്കും. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കൂച്ചുവിലങ്കിടുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
എറണാകുളം കെ.എസ്.ആർ.ടി.സിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ അണിയറയിൽ തയ്യാറാണെന്നും ധനകാര്യ വകുപ്പിൽ നിന്നും 15 കോടിയുടെയും കൊച്ചി മെട്രോയുടെ 5 കോടി സഹായത്തോടെ 20 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടം സംസ്ഥാന ജലഗതാഗത മേഖലയിലെ ഭരണ-സമന്വയ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും നൽകുമെന്നത് ഉറപ്പാണ്. കൂടാതെ, നഗരത്തിന്റെ സമഗ്ര ഗതാഗത വികസന പദ്ധതികളിൽ ഒരു പ്രധാന പിന്തുണയായി ഈ സൗകര്യം പ്രവർത്തിക്കും.
ചടങ്ങിൽ സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി.വി.നായർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.കെ.അഷറഫ്, സീന ടീച്ചർ, മാലിനി കുറുപ്പ്, കൗൺസിലർമാരായ അഡ്വ. ആൻ്റണി കുരീത്തറ, പദ്മജ.എസ്.മേനോൻ, ഷഹീർ എന്നിവരും പ്രസംഗിച്ചു.
Photo Courtesy - Google








