04:51pm 18 April 2026
NEWS
എട്ടു വർഷം മുമ്പ് കിട്ടിയ അലമാരയിൽ ലക്ഷങ്ങളുടെ സ്വർണം; ദാരിദ്യത്തിൽ കഴിയുമ്പോഴും സത്യസന്ധത കൈവിട്ടില്ല; കട്ടപ്പനയിലെ ബാബുവാണ് യഥാർത്ഥ ഹീറോ!
06/04/2026  09:04 AM IST
nila
എട്ടു വർഷം മുമ്പ് കിട്ടിയ അലമാരയിൽ ലക്ഷങ്ങളുടെ സ്വർണം; ദാരിദ്യത്തിൽ കഴിയുമ്പോഴും സത്യസന്ധത കൈവിട്ടില്ല; കട്ടപ്പനയിലെ ബാബുവാണ് യഥാർത്ഥ ഹീറോ!

കട്ടപ്പന: 11 വർഷം മുമ്പ് നഷ്ടപ്പെട്ട ഏഴു പവനോളം സ്വർണം തിരിച്ചുകിട്ടുക. പൊലീസ് അന്വേഷണത്തിലൂടെയല്ല, മറിച്ച്, അയൽവാസിയുടെ സത്യസന്ധതയിലൂടെ. കേരളം ഇന്ന് ചർച്ച ചെയ്യുന്നത് കട്ടപ്പനയിലെ ബാബു എന്ന മനുഷ്യന്റെ സത്യസന്ധതയെ കുറിച്ചാണ്. ദാരിദ്ര്യത്തിൽ കഴിയുമ്പോഴും തന്റെ സത്യസന്ധത കാത്തുസൂക്ഷിച്ച ഈ മനുഷ്യൻ ഇന്ന് മലയാളികളുടെ മനസിലെ ഹീറോയാണ്.

കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരിൽ ബാബു ആണ് ഇന്ന് വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചാവിഷയം. കഴിഞ്ഞ 11 വർഷവും തന്റെ വീടിനുള്ളിൽ ഇത്രയധികം സ്വർണം ഇരിപ്പുണ്ടെന്നറിയാതെ കഴിഞ്ഞ ബാബു സ്വർണം കണ്ടെത്തിയതോടെ അത് ഉടമയായ അയൽവാസിയെ ഏൽപ്പിക്കുകയായിരുന്നു. സിനിമാകഥയെ പോലും വെല്ലുന്ന സംഭവങ്ങളുടെ തുടക്കം പതിനൊന്ന് വർഷം മുമ്പാണ്. 

മരോട്ടിശ്ശേരിൽ ബാബുവിന്റെ അയൽവാസിയായ കൈനിക്കുന്നേൽ ജിജോ എന്ന അധ്യാപകന്റെ മാതാവ് 11 വർഷം മുമ്പ് ഒരു അപകടത്തെ തുടർന്ന് മരിക്കുന്നു. അമ്മ ഉപയോ​ഗിച്ചിരുന്ന പഴയ ഒരു സ്റ്റീൽ അലമാര എട്ടു വർഷം മുമ്പ് ജിജോ തന്റെ അയൽവാസിയായ ബാബുവിന് സൗജന്യമായി നൽകി. കാലപ്പഴക്കം കാരണം ഇതിനുള്ളിലെ ഡ്രോ അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ ഡ്രോ പൂർണമായി ബാബു തുറക്കാതെ ഉപയോഗിച്ചു. 

എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച ബാബു അലമാരയുടെ ഡ്രോ അഴിച്ചെടുത്തപ്പോൾ അതിനുള്ളിലെ ഒരു പേഴ്സ് ബാബുവിന്റെ ശ്ര​ദ്ധയിൽപെട്ടു. അത് തുറന്നു പരിശോധിച്ചപ്പോഴാണ് പേഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കണ്ടത്. സ്വർണ്ണകൊന്തയും മാലയും വളയും കമ്മലും ഉൾപ്പടെ ഏകദേശം ഏഴ് പവനോളം സ്വർണമാണ് പേഴ്സിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിനൊപ്പം നിരോധിച്ച ഏഴായിരത്തിഅഞ്ഞൂറ് രൂപയും അലമാരിയിൽ ഉണ്ടായിരുന്നു. 

ഇക്കാര്യം ബിജോയെ അറിയിക്കുകയും വാർഡ് കൗൺസിലർ ബീന സിബിയുടെ സാന്നിധ്യത്തിൽ മുതൽ കൈമാറുകയും ചെയ്തു. സാമ്പത്തിക ബാധ്യത മൂലം കിടപ്പാടം വിറ്റ് വാടകവീട്ടിൽ കഴിയുകയാണ് ബാബു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img