
നേപ്പാളിലെ ബഹുജന കലാപത്തിന് ഏതാണ്ട് അറുതിയായിരിക്കുന്നു. ന്യൂജെൻസി പ്രക്ഷോഭമെന്നാണ് തെരുവിലിറങ്ങിയ കലാപകാരികൾ ഇതിനെ വിളിച്ചത്. പ്രത്യക്ഷ കലാപം അടങ്ങിയെങ്കിലും കനൽത്തരികൾ ഇനിയും അണഞ്ഞിട്ടില്ല. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥതി നിലനിൽക്കുന്ന നേപ്പാളിൽ തെരുവിലിറങ്ങി സർക്കാരിനെ അട്ടിമറിക്കുന്നത് അഭിലഷണീയമായി കാണാനാവില്ല. ഭരണഘടനാ സ്ഥാപനങ്ങളുൾപ്പെടെ തീവച്ചും, കൊള്ളയടിച്ചും കൊലപാതകങ്ങൾ അരങ്ങേറിയും നടന്ന കലാപത്തിന്റെ മുന്നിലും, പിന്നിലും പ്രവർത്തിച്ചവരെ നിയമനടപടികളൊന്നും കൂടാതെ വെറുതെ വിടാൻ അധികാരികൾക്ക് ആവുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ആരൊക്കെ അതിന് ശ്രമിച്ചാലും നേപ്പാളിലെ സൈനികനേതൃത്വം അത് വകവച്ച് കൊടുക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. അതുകൊണ്ടാണ് കലാപത്തിന്റെ കനൽത്തരികൾ അണയാതെ കിടക്കുന്നുവെന്ന് സൂചിപ്പിക്കുന്നത്.
അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും എതിരെ ഉയർന്ന അമർഷമാണ് പിന്നീട് വലിയ കലാപമായി നേപ്പാളിൽ ആളിപ്പടർന്നത്. സർക്കാരിന്റെ ദുഷ്പ്രവർത്തികൾക്ക് എതിരായി സമൂഹ മാധ്യമങ്ങളിലൂടെയാണ് ആശയങ്ങൾ കൊടുമ്പിരിയായി പ്രചരിച്ചിരുന്നത്. അതിനെത്തുടർന്നാണ് സമൂഹമാധ്യമങ്ങളെ വിലക്കിക്കൊണ്ട് സർക്കാർ നടപടിയെടുത്തത്. അതോടെ ജനം തെരുവിലേക്കിറങ്ങി. യുവജനങ്ങളായിരുന്നു മുന്നണിയിൽ. ഒടുവിലത് വലിയ തീക്കളിയായി വളർന്നു. തെരുവിൽ വലിയ താണ്ഡവമാണ് നടന്നത്. പാർലമെന്റിന്റെയും സുപ്രീംകോടതിയുടെയും മന്ദിരങ്ങൾവരെ തീയിട്ട് നശിപ്പിച്ചു. മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാലിന്റെ ഭാര്യ രാജലക്ഷ്മി ചിത്രകാറിനെവരെ ചുട്ടുകൊന്ന് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കലാപം പടർന്നുപിടിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും നടക്കുന്നു എന്ന് ആരോപിച്ച് അതിനെ തടയിടാനാണ് കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ നടപടി തുടങ്ങിയത്. പ്രധാനപ്പെട്ട സമൂഹ മാധ്യമങ്ങളെല്ലാം വാർത്താവിനിമയ മന്ത്രാലയത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യണമെന്നുള്ള നിബന്ധനയാണ് ആദ്യം കൊണ്ടുവന്നത്. ആ വ്യവസ്ഥ പാലിക്കാൻ അവർ വിസമ്മതിച്ചതോടെ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂ ട്യൂബ്, എക്‌സ് തുടങ്ങിയ വൻസമൂഹ മാധ്യമ സൈറ്റുകൾ ഉൾപ്പെടെ 26 കമ്പനികളെ നേപ്പാൾ സർക്കാർ നിരോധിച്ചു. തുടർന്നാണ് നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെൻ സി(ജനറേഷൻ സെഡ്) ബാനറുകൾ ഉയർത്തി യുവജനങ്ങൾ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ അണിനിരന്നത്. തുടർന്ന് പ്രക്ഷോഭം ആളിക്കത്തുകയും, രാജ്യത്തുടനീളം കലാപമായി പടർന്ന് പന്തലിക്കുകയും ചെയ്തത്.
പ്രക്ഷോഭകാരികളുടെ രോഷം തണുപ്പിക്കാൻ നേപ്പാൾ ആഭ്യന്തര കാര്യമന്ത്രി രമേശ് ലേഖക് സ്ഥാനം രാജിവച്ചൊഴിഞ്ഞെങ്കിലും പ്രക്ഷോഭക്ഷകാരികൾ അടങ്ങാൻ തയ്യാറായില്ല. എങ്ങനെയും അധികാരത്തിൽ എത്താനുള്ള ഒരു കൂട്ടുമുന്നണിയുണ്ടാക്കി പ്രധാന കക്ഷികളെല്ലാം കൂടി ഭരിക്കുകയായിരുന്നു നേപ്പാളിൽ. രാഷ്ട്രീയത്തിലെ കടുത്ത എതിരാളികളായ നേപ്പാളി കോൺഗ്രസും, ശർമ്മാ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റും (CPN(UML) ആണ് അധികാരത്തിലെ പ്രധാന പങ്കാളികൾ. മറ്റൊരു പ്രബല കമ്മ്യൂണിസ്റ്റ് കക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ്(CPN(M) ആണ് മുന്നണിയിലെ മൂന്നാമൻ. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന പുഷ്പ കമാൽ ദഹാൽ ആണ് ഇതിന്റെ നേതാവ്.
CPN(UML) ന്റെ നേതാവ് കെ.പി. ശർമ്മ ഒലി ഈ കൂട്ടുകുടുംബത്തിലൂടെ നേതാവായി അധികാരത്തിലെത്തിയത് 2024 ജൂലൈ 15 നാണ്. കമ്മ്യൂണിസ്റ്റ് കക്ഷികളുടെ ചിരവൈരിയായ ഷെർ ബഹദൂർ ദ്യുബ നയിക്കുന്ന നേപ്പാളി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാണെങ്കിലും, അധികാരത്തിൽ തുടരാൻ ശർമ്മ ഒലിക്ക് പ്രധാനമന്ത്രി പദം വിട്ടുനൽകുകയായിരുന്നു.
നേപ്പാളിന്റെ ആധുനിക ചരിത്രത്തിൽ ഉടനീളം പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികൾ അധികാരം നിലനിർത്താനായി കിണഞ്ഞ് പരിശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ദഹിക്കാത്ത ഉദാഹരണമായിരുന്നു കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ. ഇപ്പോൾ അരങ്ങേറിയ യുവജനകലാപം പ്രധാന കക്ഷികൾ അധികാരത്തിന് വേണ്ടി നടത്തുന്ന ഒടുക്കത്തെ അഡ്ജസ്റ്റ്‌മെന്റുകൾക്ക് നേരെയുള്ള വിപ്രതിപത്തിയുടെ പ്രകാശനം കൂടിയായിരുന്നു. സമ്പൂർണ്ണമായ ഒരു മാറ്റം പ്രക്ഷോഭകാരികൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനെതന്നെ സംഭവിച്ചു. ശർമ്മ ഒലി അധികാരത്തിൽ നിന്ന് താഴെയിറങ്ങി. അദ്ദേഹം രാജ്യം വിട്ട് പോയെന്നാണ് വാർത്തകൾ. സുപ്രധാന കക്ഷികളുടെ നേതാക്കന്മാരെല്ലാം അണിയറയിലായി. എന്നാൽ ഈ അവസ്ഥ എത്രനാൾ തുടരുമെന്ന് വ്യക്തമല്ല. ഇപ്പോൾ പുറത്തായെങ്കിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കെല്ലാം നേപ്പാളിൽ ആഴത്തിൽ വേരുകളുണ്ട്. അവരെയെല്ലാം അടിച്ചൊതുക്കി അധികാരം സുരക്ഷിതമായി കയ്യാളണമെങ്കിൽ സമരം നടത്തിയവർക്കുൾപ്പെടെ അധികം വിയർപ്പൊഴുക്കേണ്ടിവരും.
നേപ്പാളിലെ തെരുവുവിപ്ലവത്തെ ബംഗ്ലാദേശിലെയും, ശ്രീലങ്കയിലെയും പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തുന്നവരുണ്ട്. എന്നാൽ നേപ്പാളിലെ സ്ഥിതി വ്യത്യസ്തമെന്ന് കാണാം. ബംഗ്ലാദേശിലെ അട്ടിമറിയുടെ പിന്നിൽ ഇസ്ലാമിക യാഥാസ്ഥിതിക കക്ഷികളുടെയും, ബംഗ്ലാദേശ് സൈന്യത്തിന്റെയും ശക്തമായ കയ്യുണ്ട്. ഷേക്ക് ഹസീനയ്‌ക്കെതിരെ രംഗത്തിറങ്ങിയവർ പഴകിയ സംവിധാനങ്ങളുടെ വക്താക്കളായിരുന്നു. എന്നാൽ ശ്രീലങ്കയിലെ പ്രക്ഷോഭത്തിന് നേപ്പാളിന്റെ കഥയുമായി കുറെ സാമ്യങ്ങളുണ്ട്. അധികാരം ഉറപ്പിച്ചിരുന്ന അടിസ്ഥാന രാഷ്ട്രീയ കക്ഷികൾക്ക് ബദലായിരുന്നു പ്രക്ഷോഭകർ. അവരെ താഴെയിറക്കണമെങ്കിൽ ജനാധിപത്യ വിരുദ്ധമായ തെരുവു വിപ്ലവത്തിനേ സാധ്യതയുണ്ടായിരുന്നുള്ളൂ. പൊതു തെരഞ്ഞെടുപ്പുകൾ ശക്തമായ രാഷ്ട്രീയസംവിധാനങ്ങളുള്ള പ്രബല കക്ഷികൾ തങ്ങൾക്കനുകൂലമായ വിധിയെഴുത്തിലേക്ക് എത്തിക്കും. ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റ് അനുരാ കുമാര ദിസനായകെ പിന്നണിയിൽ നിന്നുള്ള പ്രവർത്തനം നിർത്തിവച്ചാണ് തെരുവ് കലാപം ആളിപ്പടർത്തിച്ചത്. നേപ്പാളിലെ കലാപത്തിന് അത്തരമൊരു നേതൃത്വം ചൂണ്ടിക്കാണിക്കാനില്ലെങ്കിലും പരമ്പരാഗത രാഷ്ട്രീയ കക്ഷികളെ ഓരത്താക്കാനുള്ള യജ്ഞമായിരുന്നു അതും. എന്നാൽ നേപ്പാളിലെ അധികാര കൈമാറ്റത്തിന് നേപ്പാൾ സൈന്യത്തിന്റെ പിന്തുണയില്ലാതെ ഒട്ടും കഴിയുമായിരുന്നില്ല. സ്ഥിതിഗതികൾ കൈവിട്ട് പോയിരുന്നെങ്കിൽ അവർ അധികാരം പിടിച്ചേനെ. ശ്രീലങ്കയിൽ അത്തരമൊരു സാഹചര്യം ഒരുക്കാൻ അവിടത്തെ സൈന്യം സന്നദ്ധമായിരുന്നില്ല എന്നൊരു വശം കൂടിയുണ്ട്.
2006 ജൂണിലാണ് നേപ്പാൾ 200 വർഷം പഴക്കമുള്ള റാണാ രാജവംശത്തിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് ഒരു ഫെഡറൽ റിപ്പബ്ലിക് ആയി മാറുന്നത്. രാജ്യാധിപത്യത്തിനെതിരായി മാവോയിസ്റ്റുകൾ നടത്തിയ ആഭ്യന്തരകലഹത്തിന്റെ അന്ത്യം കുറിച്ചത് ഈ സംഭവത്തോടെയാണ്. 1996 മുതൽ 2006 വരെ നീണ്ടുനിന്ന പതിറ്റാണ്ട് യുദ്ധമായിരുന്നു അത്. മാവോയിസ്റ്റുകളും സർക്കാരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഏതാണ്ട് പതിനയ്യായിരത്തിലധികം പേരാണ് അന്ന് കൊല്ലപ്പെട്ടത്. ~ഒടുവിൽ ഗ്യാനേന്ദ്ര മഹാരാജാവ് അധികാരം കയ്യൊഴിഞ്ഞു. അന്നുതൊട്ട് കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് കക്ഷികളുടെ വിഘടിപ്പിക്കപ്പെട്ട ഗ്രൂപ്പുകളും, നേപ്പാളി കോൺഗ്രസുമാണ് മാറിയും തിരിഞ്ഞും അധികാരം കൈകാര്യം ചെയ്തിരുന്നത്. രാജഭരണത്തിനെതിരെ പോരാടിയ കമ്മ്യൂണിസ്റ്റുകൾ അധികാരം കയ്യിലെത്തിയപ്പോൾ അതിലങ്ങ് അഭിരമിക്കുകയായിരുന്നു.
അധികാരക്കൊതിയൻമാരായ നേതാക്കളുടെ സാഗമ്യത്തിൽ പാർട്ടി വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയാണ് പുഷ്പ കമൽ ഭഗൻ പ്രചണ്ഡയും, ശർമ്മ ഒലിയുമെല്ലാം മാറിയും തിരിഞ്ഞും അധികാരത്തിലെത്തിയത്. ഇതിനിടയിൽ 2021 ൽ നേപ്പാളിലെ പരമോന്നത നീതിന്യായ പീഠം പുറത്താക്കിയ ശർമ്മ ഒലി പിന്നീട് അധികാരത്തിലേക്ക് തിരിച്ചുവരുന്നത് ഒരു കൂട്ടുമുന്നണി ഉണ്ടാക്കിക്കൊണ്ടാണ്. പ്രചണ്ഡയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയും, ശർമ്മയുടെ മാവോയിസ്റ്റ് കക്ഷിയും, നേപ്പാളി കോൺഗ്രസും ഉൾപ്പെടെ പ്രബല രാഷ്ട്രീയ കക്ഷികളെല്ലാം അധികാരം പങ്കിട്ടുകൊണ്ടുള്ള സർക്കാരായിരുന്നു ഇത്. അഴിമതിയും സ്വജനപക്ഷപാതവും, തൊഴിലില്ലായ്മയും ഒക്കെ ഈ സർക്കാരിന്റെ മുഖമുദ്രകളായിരുന്നു. ഒടുവിൽ ജനം മടുത്താണ് തെരുവിലേക്കിറങ്ങിയത്.
നേപ്പാളിൽ നടന്ന തെരുവുകലാപവും, അധികാര അട്ടിമറിയും ജനാധിപത്യത്തിന്റെ വിജയമായി ഘോഷിക്കാൻ പറ്റില്ല. ജനാധിപത്യ സംവിധാനങ്ങൾ നിലവിലിരിക്കുന്ന ഒരു നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കുന്നതിന് തുല്യമാണത്. ജനാധിപത്യത്തിന്റെ പ്രബലമായ തൂണുകളെ ദുർബലപ്പെടുത്തുന്ന പ്രക്രിയയാണിത്. നേപ്പാളിൽ ഒരു താൽക്കാലിക സർക്കാർ അധികാരത്തിൽ വന്നിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജി സുശീല കർക്കിയാണ് താൽക്കാലിക പ്രധാനമന്ത്രി. എന്നാൽ ഈ സംവിധാനം ഒരു ഞാണിന്മേൽകളിയാണ്. അധികാരം പോയ പ്രബല കക്ഷികളും സൈന്യവും രാജാവും പുതിയ അധികാരകാംക്ഷികളും ഒക്കെ പല കോണുകളിലായി നിന്ന് കടിപിടി കൂടുകയാണ്. നേപ്പാളീസ് സൈന്യം തന്നെയാണ് ഇതിലെ പ്രബലശക്തി. രാജാധികാരം തിരിച്ചുകൊണ്ടുവരാനാണ് സൈന്യത്തിന്റെ താൽപ്പര്യം. എന്നാൽ സമരത്തിനിറങ്ങിയ ജെൻ (GEN Z Protest) പ്രക്ഷോഭകർ അതിനൊട്ടും അനുകൂലമല്ല. പ്രസിഡന്റ് റാം ചന്ദ്രപൗഡേൽ ആണ് ജനാധിപത്യത്തിന്റെ തുടർച്ചയ്ക്കായി എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹത്തിനും പുതിയ പ്രധാനമന്ത്രി സുശീല കർക്കിക്കും നിയന്ത്രണം നിലനിർത്താനായില്ലെങ്കിൽ കഥ മാറിമറിയാൻ അധികകാലം വേണ്ട.











