08:32pm 03 August 2026
NEWS
മഴദൈവം കനിഞ്ഞു കാവേരിയിലെ കാർമേഘങ്ങൾ നീങ്ങുന്നു
03/08/2026  05:49 PM IST
വിഷ്ണുമംഗലം കുമാർ
മഴദൈവം കനിഞ്ഞു കാവേരിയിലെ കാർമേഘങ്ങൾ നീങ്ങുന്നു

ബംഗളുരു : ഈ മാസം പതിമൂന്നിന് നടത്താൻ പ്രഖ്യാപിച്ച സംസ്ഥാന ബന്ദിൽ നിന്നും കൃഷിക്കാരും കന്നഡ സംഘങ്ങളും വിട്ടുനിൽക്കണമെന്നും ബന്ദാഹ്വാനം പിൻവലിക്കണമെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അഭ്യർത്ഥിച്ചു. സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആ അഭ്യർത്ഥന നടത്തിയത്. പൊടുന്നനെ ഉയർന്നുവന്ന കാവേരി പ്രശ്നം അദ്ദേഹത്തെ വിഷമസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ മാസം 29 മുതൽ ദിവസേന 3500 ക്യുസെക്സ് കാവേരി വെള്ളം പതിനഞ്ചു ദിവസം കർണാടകം തമിഴ്നാടിന് വിട്ടുനൽകണമെന്ന സി ഡബ്ലൂ എം എയുടെ ഉത്തരവാണ് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയത്. കർണാടകം സമർപ്പിച്ച അപ്പീലും സി ഡബ്ലൂ എം എ തള്ളിയിരുന്നു. കാവേരി നദീതട മേഖലയിൽ വരൾച്ച അനുഭവപ്പെടുകയും കർണാടകത്തിലെ ഡാമുകളിൽ ജലനിരപ്പ് താഴുകയും ചെയ്തപ്പോഴാണ് അശനിപാതം കണക്കെ അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായത്. കർഷകരും കന്നഡസംഘങ്ങളും പ്രതിഷേധ രംഗത്തിറങ്ങിയതോടെ അന്തരീക്ഷം മോശമായി. സംഘർഷാവസ്ഥ ഉടലെടുത്തു. കാവേരി നദിയിൽ തമിഴ്നാട് അതിർത്തിയിലുള്ള മേക്കെദാട്ടിൽ അണക്കെട്ട് നിർമിക്കാൻ കർണാടകം നീക്കം നടത്തുമ്പോഴാണ് ഈ സംഭവവികാസങ്ങളൊക്കെ ഉണ്ടായത്. അണകെട്ടാൻ കർണാടകത്തിന് നിയമതടസ്സമില്ല. കേന്ദ്രനിലപാടും അനുകൂലമാണ്. പക്ഷെ അണ കെട്ടുന്നത് തമിഴ്നാട് നഖശിഖാന്തം എതിർക്കുകയാണ്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും ജനങ്ങൾക്കിടയിൽ വിദ്വേഷം പടരാൻ അത് കാരണമായി. അതിനിടയിലാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ അതോറിറ്റിയുടെ ഉത്തരവുണ്ടായത്. അപ്പീൽ അതോറിറ്റി തള്ളിയിട്ടും മൂന്നുദിവസം കർണാടകം വെള്ളം വിട്ടുകൊടുത്തിരുന്നില്ല. ബംഗളുരുവിൽ വന്ന് മേക്കെ ദാട്ടിനെ പറ്റി ഡി കെയുമായി ചർച്ച നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്തരീക്ഷം മോശമായതിനാൽ  ആ കൂടിക്കാഴ്ച്ച മാറ്റിവെക്കുകയാണ് ഡി കെ ചെയ്തത്.വിജയിന്റെ ജനനായകൻ പ്രദർശിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ് കർണാടകത്തിൽ സംജാതമായത്. കാവേരിവെള്ളം വിട്ടുകിട്ടാനായി തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഡി എം കെ നീക്കം തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് കുടകിൽ നല്ല മഴ ലഭിച്ചത്. വയനാട്ടിൽ മഴ ഇരച്ചുപെയ്തതിനാൽ കബഡി ഡാമിലെ ജലനിരപ്പ് ഉയർന്നു. പ്രകൃതി ഡി കെയെ കടാക്ഷിക്കുകയായിരുന്നു. കബനി ഡാമിലേക്ക് പതിനാറായിരം മുതൽ പതിനെട്ടായിരം വരെ ക്യുസെക്സ് വെള്ളമാണ് ഓരോ ദിവസവും ഒഴുകിയെത്തിയത്. കബനി ഡാമിലെ ജലനിരപ്പ് 17.08 ടി എം സിയായി ഉയർന്നു. തുടർന്നാണ് ഈ മാസം ഒന്നാം തിയ്യതി മുതൽ പതിനായിരം ക്യുസെക്സ് വെള്ളം കർണാടകം തമിഴ്നാട്ടിലേക്ക് ഒഴുക്കിവിട്ടത്. ഹാരംഗി, ഹേമാവതി, കെ ആർ സാഗർ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതിരൂക്ഷമാകുമായിരുന്ന പ്രശ്നമാണ് മഴദൈവം കനിഞ്ഞതിനാൽ പെട്ടെന്ന് പരിഹരിക്കപ്പെട്ടത്. സംഘർഷാവസ്ഥക്ക് അയവുവന്നു. ഇന്നലെത്തെ സർവകക്ഷിയോഗത്തിൽ മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, യഡിയൂരപ്പ എന്നിവരും പങ്കെടുത്തിരുന്നു. നേതാക്കളെല്ലാം സംതൃപ്തി രേഖപ്പെടുത്തി. ആ സാഹചര്യത്തിലാണ് ബന്ദാഹ്വാനം പിൻവലിക്കാൻ ഡി കെ ആവശ്യപ്പെട്ടത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img