09:30pm 10 November 2026
NEWS
ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനേക്കാള്‍ നന്നായി പൊതുജനത്തിനറിയാം ഡോ. എസ് എസ് ലാല്‍
12/08/2025  10:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനേക്കാള്‍ നന്നായി പൊതുജനത്തിനറിയാം ഡോ. എസ് എസ് ലാല്‍
HIGHLIGHTS

യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന്‍ സിറ്റിംഗ് കൊച്ചിയില്‍ നടന്നു

 

കൊച്ചി: സംസ്ഥാത്തെ ആറോഗ്യ മേഖലയുടെ ശോച്യാവസ്ഥ സര്‍ക്കാരിന് അറിയില്ലെങ്കിലും പൊതുജനത്തിന് എല്ലാം വ്യക്തമാണെന്ന് യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. എസ് എസ് ലാല്‍. എറണാകുളം ജില്ലയുടെ തീരദേശ മേഖലകളില്‍ ആരോഗ്യമേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും, കിലോമീറ്ററുകള്‍ താണ്ടി വേണം പലയിടങ്ങളില്‍ നിന്നും സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കാനെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. എസ് എസ് ലാല്‍ പറഞ്ഞു. പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പിന് പോലും മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. അടിയന്തിര വാക്‌സിനുകള്‍ക്ക് പോലും ഇതാണ് അവസ്ഥ. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ആരോഗ്യ കേരളം നമ്പര്‍ വണ്‍ എന്ന പ്രഖ്യാപനം വെറും കടലാസ് കണക്കായിരുന്നുവെന്ന് വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന്‍ പ്രഥമ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയിലെ വിവിധ മേഖലകളില്‍ ആരോഗ്യ രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ പല തലങ്ങളിലുള്ളവരും കമ്മീഷനുമായി പങ്കുവച്ചു. 

ജില്ലയില്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പലപ്പോഴും ചികിത്സ ലഭിക്കാത്തതിനാലാണ് രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നതെന്നും, ഇത് ചികിത്സ വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷം ചികിത്സ ലഭ്യമല്ല, പലപ്പോഴും ഉച്ചയ്ക്ക് ശേഷം സാധാരണക്കാരന് അപകടങ്ങള്‍ സംഭവിച്ചാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. 

പല സ്ഥലങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരുമില്ലാത്ത സ്ഥിതിയാണെന്ന് ബോധ്യപ്പെട്ടെന്നും, പ്രാദേശിക ഭരണകൂടങ്ങള്‍ അവരുടെ ഫണ്ട് ഉപയോഗിച്ചാണ് പലയിടത്തും ആരോഗ്യ കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതെന്നും, നിര്‍മ്മാണ പ്രവൃത്തികള്‍ പോലും സിഎസ്ആര്‍ പദ്ധതികളിലൂടെ നടപ്പാക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി പറഞ്ഞത് പോലെ സിസ്റ്റം തകരാറിന്റെ പ്രശ്‌നമാണിതെന്നും, മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയാലേ ഈ അവസ്ഥ മറികടക്കാനാകു എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ നന്നാക്കാന്‍ പണമോ, രാഷ്ട്രീയ ഇച്ഛാശക്തിയോ സര്‍ക്കാരിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ഡിസംബറില്‍ ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നായിരുന്നു തീരുമാനിച്ചതെങ്കിലും, സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ ആരോഗ്യ രംഗത്തെ വിടവുകള്‍ സംബന്ധിച്ചും പ്രശ്‌ന പരിഹാരത്തിനായുള്ള നിര്‍ദേശങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് ഒക്ടോബര്‍ മാസം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഹെല്‍ത്ത് കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. എസ്.എസ് ലാല്‍ പറഞ്ഞു. 

എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ നടന്ന യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന്‍ സിറ്റിംഗില്‍ അധ്യക്ഷന്‍ ഡോ എസ്.എസ്. ലാല്‍, കമ്മീഷന്‍ അംഗങ്ങളായ ഡോ ശ്രീജിത് എന്‍ കുമാര്‍, ഡോ പി എന്‍ അജിത, ഡോ രാജന്‍ ജോസഫ് മാഞ്ഞൂരാന്‍, ഡോ ഒ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ ബാബു എംഎല്‍എ, ടി ജെ വിനോദ് എംഎൽഎ , ഡൊമിനിക് പ്രസന്റേഷന്‍, ഷിബു തെക്കുംപുറം തുടങ്ങിയ നേതാക്കളും, ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രമുഖരും, ജന പ്രതിനിധികളും, പൊതു ജനങ്ങളും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img