12:33pm 13 November 2026
NEWS
ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ജൂലൈ 20 ഞായറാഴ്ചനടന്ന പ്രതിഷേധപ്രകടനങ്ങൾ പരിശുദ്ധ കുർബാനയോടുള്ള തികഞ്ഞ അവഹേളനം.
20/07/2025  11:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ജൂലൈ 20  ഞായറാഴ്ചനടന്ന പ്രതിഷേധപ്രകടനങ്ങൾ പരിശുദ്ധ കുർബാനയോടുള്ള തികഞ്ഞ അവഹേളനം.

സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനം അനുസരിച്ചു വളരെ സമാധാനപരമായി നിലവിൽ ഏകീകൃത കുർബാന അർപ്പിച്ചുകൊണ്ടിരിക്കുന്ന ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ജനാഭിമുഖ കുർബാന നടപ്പിലാക്കുന്നതിനുള്ള ആവശ്യമുന്നയിച്ചു കുർബാനമധ്യേ അവിശ്വാസികൾപോലും ചെയ്യാൻ മടിക്കുന്നതരത്തിലുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങിയവർ പരിശുദ്ധ കത്തോലിക്കാസഭയുടെ കൗദാശികജീവിതത്തെ അപമാനിക്കുകയായിരുന്നു. നിലവിൽ സഭാസിനഡിന്റെ തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പണം നടക്കുന്ന ദേവാലയങ്ങളിൽ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാനുള്ള ഇത്തരം നീക്കം പ്രശ്നപരിഹാര നിർദേശങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണ്. സീറോമലബാർസഭയിൽ ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഗ്രുപ്പുകൾ സഭാ സംവിധാനങ്ങളെയും അധികാരികളെയും പൊതുസമൂഹത്തിൽ അവഹേളിക്കനുള്ള ശ്രമങ്ങൾ നടത്തിവരുന്നത് സഭയിൽ ഒരുകാലത്തും സമാധാനം ഉണ്ടാകരുതെന്ന ഗൂഢ- ലക്ഷ്യത്തോടെയാണോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 

കത്തോലിക്കാസഭയിൽ ഏതു വിഷയവും ക്രൈസ്തവചൈതന്യത്തിൽ സംസാരിച്ചുതീർക്കാനാവസരം ഉണ്ടായിരുന്നിട്ടും പ്രതിഷേധങ്ങൾ  അങ്ങേയറ്റം അനാദരവിലേക്കും ദൈവനിന്ദയിലേക്കും  കടക്കുന്നത് ഈ സമരമുഖങ്ങളിൽ  തികഞ്ഞ സഭാവിരുദ്ധരും ദൈവദൂഷകരുമായ വ്യക്തികൾ കടന്നുകൂടിയെന്നതിന്റെ തെളിവാണ്. സീറോമലബാർസഭയെ തകർക്കുക എന്ന ദുഷ്ടലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇവർ തിരുസഭ അതിന്റെ ജീവൻ കണ്ടെത്തുന്ന ഏറ്റവും പരമമായ ആരാധനയും കൃതജ്ഞതപ്രകാശനവുമായ പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നതിലും, പരിശുദ്ധമായ ദേവാലയങ്ങളിൽ അനാദരവോടെ പെരുമാറുന്നതിനും, സഭാ അധികാരികളെ ഏറ്റു രീതിയിലും അവഹേളിക്കുന്നതിനും മടിക്കാത്തവരായിമാറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. നമ്മുടെ കർത്താവിന്റെ  ആത്മബലിയുടെ ഓർമയും പുനരവതരണവുമായ കുർബാനമദ്ധ്യേപോലും പ്രതിഷേധം നടത്താനും പരസ്പരം ഏറ്റുമുട്ടാനും തക്കവിധം നാം ദൈവഭയവും വിശ്വാസവുമില്ലാത്തവരായിമാറി എന്നത് അങ്ങേയറ്റം ഗൗരവമായി കാണേണ്ട വിഷയമാണ്. ആരാധനാ മദ്ധ്യേപോലും പ്രശ്നങ്ങളുണ്ടാക്കി വിശ്വാസികളെ ദേവാലയങ്ങളിൽനിന്നും കുർബാനയിൽനിന്നുമകറ്റാനുള്ള ഗൂഢലക്‌ഷ്യം ഇത്തരം പ്രതിഷേധങ്ങൾ വ്യാപിപിപ്പിക്കുന്നതിനു പിറകിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെയും പരിശുദ്ധ കുർബാനയേയും പൊതുസമൂഹത്തിൽ അവഹേളിക്കുവാൻ മടിക്കാത്ത ഈ പുതിയ പ്രവണതയ്ക്കെതിരെ തികഞ്ഞജാഗ്രത വിശ്വാസികൾ പുലർത്തേണ്ടതുണ്ട്. മിശിഹായുടെ സഭയ്ക്കുവേണ്ടിയോ കത്തോലിക്കാ സത്യാവിശ്വാസത്തിനുവേണ്ടിയോ അല്ല, അവരവരുടെ സ്വാർത്ഥലക്ഷ്യങ്ങൾക്കുവേണ്ടിമാത്രമാണ് ഇത്തരം ദൈവനിന്ദാപരമായ പ്രതിഷേധങ്ങളെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img