
കുർബാന തർക്കത്തെ തുടർന്ന് ബസലിക്ക ദേവാലയത്തിനുള്ളിൽ പ്രതിക്ഷേധം നടത്തുന്ന സഭാനുകൂലിക ളായ വിശ്വാസികൾ.
കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട് എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ 5 ദിവസങ്ങളായി സഭാനുകൂലികളായായ വിശ്വാസികൾ തുടരുന്ന പ്രതിഷേധ സമരം ഇനിയും ഏതാനും ദിവസങ്ങൾ കൂടി നീണ്ടുപോകുന്നത് അതിരൂപത നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കും.
ക്രിസ്മസ് ദിനം മുതൽ സഭയുടെയും വിശ്വാസികളുടേതുമായി നിരവധി പരിപാടികൾ ബസിലിക്കയിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സമരം അനിശ്ചിതമായി തുടരുന്ന പക്ഷം ഇതെല്ലാം തടസ്സപ്പെടുമെന്നതിൽ തർക്കമില്ല. സീറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയം കൂടിയായ എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ 24 ന് രാത്രി 11.30 മുതൽ നടക്കുന്ന ക്രിസ്മസ് കുർബാനയും മറ്റു പരിപാടികളും നടക്കേണ്ടത് സഭാതലവനായ മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിലാണ്. കൂടാതെ 27ന് അതിരൂപതയിലെ 16 ഡിക്കന്മാർക്ക് വൈദിക പട്ടം നൽകുന്ന ചടങ്ങിൻ്റേയും വേദി ബസിലിക്ക തന്നെ. അതിരൂപതയും ഡിക്കന്മാരുടെ കുടുംബവും പട്ടത്തിന്റെ നൂറ്ക്കണക്കിന് ക്ഷണക്കത്തുകൾ ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. സഭാ തലവൻറെ ക്രിസ്മസ് തിരുകർമ്മങ്ങളും വൈദീക പട്ടവും സഭയുടെ പാരമ്പര്യമനുസരിച്ച് ബസിലിക്കയിൽ നടത്താൻ കഴിയാതെ പോയാൽ മാർ റാഫേൽ തട്ടിലിനും മാർ ജോസഫ് പാംപ്ലാനിക്കും കൂരിയ അംഗങ്ങൾക്കും ഉണ്ടാക്കിയേക്കാവുന്ന നാണക്കേട് ചെറുതൊന്നുമല്ല.
ക്രിസ്തുമസ് നോമ്പ് കഴിയുന്നതു മുതൽ വിവാഹം, മാമോദിസ, ആദ്യകുർബാന തുടങ്ങിയ നിരവധി പരിപാടികൾക്കായി ഇടവകക്കാരും പുറത്തുനിന്നുള്ള വിശ്വാസികളും ബസിലിക്കയും പാരിഷ്ഹാളും ബുക്ക് ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ഇത്തരത്തിലുള്ള രണ്ടും മൂന്നും പരിപാടികൾ വരെ പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സമരം നടക്കുന്നതറിഞ്ഞ് ബന്ധപ്പെട്ടവർ വികാരിയെകണ്ട് ആശങ്ക അറിയിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനും കൃത്യമായ മറുപടി പറയാനാകുന്നില്ല. ഇത്തരം പ്രതിസന്ധികൾ മൂലം ദേവാലയത്തിനകത്ത് അനിശ്ചിതമായി തുടരുന്ന പ്രതിഷേധ സമരം എങ്ങനെയും ഒത്തുതീപ്പാക്കേണ്ടത് അതിരൂപത നേതൃത്വത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇതിനിടെ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദികളായ മാർ പാംപ്ലാനിയും കൂരിയയുമായോ ഒരു വിധത്തിലുള്ള ചർച്ചകൾക്കും തയ്യാറല്ലെന്നും സഭയിലെ സ്ഥിരം സിനഡ് അംഗങ്ങളുമായി മാത്രമേ ഒത്തുതീർപ്പിന് തയ്യാറുള്ളുവെന്നും വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി അറിയിച്ചു. ജോൺസൺ കോനിക്കര, ആൻറണി പുറത്തൂർ, ടെൻസൻ പുളിക്കൽ, ആൻറണി പുതുശ്ശേരി എന്നിവർ ഇന്നലത്തെ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.
Photo Courtesy - Google







