12:56am 30 April 2026
NEWS
കീഴടങ്ങിയ മാവോയിസ്റ്റുകളെ മുഖ്യധാരയുടെ ഭാഗമാക്കുന്ന നടപടി ത്വരിതപ്പെടുത്തണം- മനുഷ്യാവകാശ പ്രവർത്തകർ
14/01/2025  11:32 AM IST
വിഷ്ണുമംഗലം കുമാർ
കീഴടങ്ങിയ മാവോയിസ്റ്റുകളെ മുഖ്യധാരയുടെ ഭാഗമാക്കുന്ന നടപടി ത്വരിതപ്പെടുത്തണം- മനുഷ്യാവകാശ പ്രവർത്തകർ

കർണാടകം: മുഖ്യമന്ത്രിയുടെ മുമ്പാകെ കീഴടങ്ങിയ മാവോയിസ്റ്റുകൾ ജയിലിലാണ് ഉള്ളത്. അവരുടെ പേരിൽ ഗുരുതരമായ നിരവധി കേസ്സുകളുണ്ട്. ജാമ്യമെടുത്ത് പുറത്തിറങ്ങാൻ അവരെ സഹായിക്കുന്ന നടപടി ഗവണ്മെന്റ് ത്വരിതപ്പെടുത്തണമെന്ന് സിറ്റിസൺ ഇനീഷ്യെറ്റിവ് ഫോർ പീസ് (സി ഐ പി ) എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ സംഘടനയുടെ പ്രതിനിധികളാണ് മുൻ മാവോയിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ നൂർ ശ്രീധറിന്റെ നേതൃത്വത്തിൽ ഗവണ്മെന്റിനെ പ്രതിനിധീകരിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി ചർച്ച നടത്തി അവരെ കീഴടങ്ങാൻ സജ്ജരാക്കിയത്.

നാൽപതു ദിവസത്തോളം നീണ്ട ചർച്ചകളുടെയും വനമേഖലയിലേക്കുള്ള സാഹസികത നിറഞ്ഞ ഒട്ടേറെ യാത്രകളുടെയും ഫലമായാണ് മധ്യസ്ഥർ മാവോയിസ്റ്റുകളുടെ കീഴടങ്ങൽ യാഥാർഥ്യമാക്കിയത്. ബംഗളുരുവിൽ എംഎൽഎ മാരുടെ വാസസ്ഥലമായ ലെജിസ്ലേറ്റീവ് ഹോമിൽ നടത്തിയ പത്രസമ്മേളനത്തിൽ നൂർ ശ്രീധർ, നഗരഗെരെ രമേഷ് തുടങ്ങിയവരോടൊപ്പം മുൻമന്ത്രി ലളിത നായിക്കും പങ്കെടുത്തിരുന്നു. അവരും സിഐപി പ്രതിനിധിയാണ്. നിയമസഹായവും മറ്റു സൗകര്യങ്ങളും തടസ്സം കൂടാതെ ലഭ്യമാക്കി മാവോയിസ്റ്റുകളെ ജയിലിൽ നിന്ന് പുറത്തിറക്കാനുള്ള ശ്രമത്തിന് വേഗത കൂട്ടണമെന്ന് സിഐപി ആവശ്യപ്പെട്ടു. കേസുകൾ ഒഴിവാക്കിക്കിട്ടാൻ കാലതാമസമെടുക്കും. തമിഴ് നാടിനും കേരളത്തിനും കർണാടകം ഔദ്യോഗികമായി കത്തെഴുതി അവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടണമെന്നും സിഐപി അഭ്യർത്ഥിച്ചു. മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനെ കുറിച്ച് ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് മനുഷ്യാവകാശ കൂട്ടായ്മ മുന്നോട്ടുവെച്ച മറ്റൊരു പ്രധാന ആവശ്യം. കീഴടങ്ങുമ്പോൾ മാവോയിസ്റ്റുകൾ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച നിവേദനത്തിലെ പ്രധാനപ്പെട്ട ആവശ്യമാണിത്.  "മാവോയിസ്റ്റുകളെ കാട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് ജയിലിൽ അടച്ചിരിക്കുകയാണ്. അവരെ പുറത്തിറക്കി മുഖ്യധാരയിൽ അണിചേർക്കേണ്ടതുണ്ട്. അവരെ ജാമ്യത്തിലിറക്കാനുള്ള നടപടി ഗവണ്മെന്റ് ഊർജ്ജിതപ്പെടുത്തണം" സിഐപി പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img