
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്ത അനുയായിയാണ് സഹകരണമന്ത്രി കെ എൻ രാജണ്ണ. ഹൈക്കമാണ്ടുമായുള്ള ചർച്ച കഴിഞ്ഞ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സിദ്ധരാമയ്യയെ സന്ദർശിച്ച ശേഷം രാജണ്ണ മാധ്യമങ്ങൾക്ക് നൽകിയ സൂചന വിപുലമായ നേതൃമാറ്റത്തിന്റേതാണ്. "ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾ സിദ്ധരാമയ്യ സ്വതന്ത്രനായിരുന്നു. സുപ്രധാന തീരുമാനങ്ങൾ പലതും കൈക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ല. ഒന്നിലേറെ അധികാര കേന്ദ്രങ്ങളുണ്ട്. ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ മുഖ്യമന്ത്രിയ്ക്ക് സാധിക്കുന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് കാരണം. സപ്റ്റംബറിന് ശേഷം വലിയ മാറ്റങ്ങളുണ്ടാകും" അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഡി കെ ശിവകുമാർ പിസിസി അധ്യക്ഷപദവിയിൽ നിന്നും മാറേണ്ടിവരുമെന്നാണ് രാജണ്ണയുടെ വാക്കുകൾ ധ്വനിപ്പിക്കുന്നത്. ഉപമുഖ്യമന്ത്രി പദവിയും പിസിസി അധ്യക്ഷ സ്ഥാനവും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ പലപ്പോഴും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ ഒതുങ്ങാത്ത സുപ്രധാന അധികാര കേന്ദ്രമാണ്. ഇപ്പോൾ വഹിക്കുന്ന ചുമതലകളെക്കാൾ ഉയർന്ന സ്ഥാനം നൽകാതെ ശിവകുമാറിനെ പിസിസി അധ്യക്ഷപദവിയിൽ നിന്ന് മാറ്റാനാവില്ല. ഉയർന്നപദവി മുഖ്യമന്ത്രിക്കസേരയാണ്. ശിവകുമാർ മോഹിക്കുന്നതും മറ്റൊന്നല്ല. പ്രബലമായ അഹിന്ദ ഗ്രൂപ്പ് സിദ്ധരാമയ്യയെ മാറ്റുന്നതിനും പകരം ശിവകുമാറെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനും എതിരാണ്. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് ശിവകുമാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത്. ബെലഗാവി രാഷ്ട്രീയത്തിൽ സ്ത്രീ-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിലൂടെ ശിവകുമാർ കൈകടത്തുന്നതാണ് ജാർക്കിഹോളിയെ പ്രകോപിപ്പിക്കുന്നത്. എന്നാൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിക്കൊടുത്താൽ മാത്രമെ ഹൈക്കമാണ്ടിന് പാർട്ടിയിലും ഗവണ്മെന്റിലും നേതൃമാറ്റം കൊണ്ടുവരാൻ കഴിയുകയുള്ളു. പിസിസി അധ്യക്ഷപദവി ലഭിച്ചാൽ ജാർക്കിഹോളി വഴങ്ങിയേക്കും. ദളിത് നേതാവായ ജാർക്കിഹോളിയുടെ പ്രധാന ലക്ഷ്യം അടുത്ത തവണ മുഖ്യമന്ത്രിയാകാനുള്ള അടിത്തറ പാകുക എന്നതാണ്. വനംമന്ത്രി ഈശ്വർ ഖന്ത്രെയും പിസിസി അധ്യക്ഷപദവി മോഹിക്കുന്നുണ്ട്. സിദ്ധരാമയ്യയുടെ പിന്തുണ ജാർക്കിഹോളിയ്ക്ക് ലഭിക്കാനാണ് സാധ്യത. മുഡ കേസ് ഉൾപ്പെടെ സിദ്ധരാമയ്യ ഗുരുതരമായ ചില ആരോപണങ്ങൾ നേരിടുന്നുണ്ട്. ശിവകുമാറിനെ പിസിസി അധ്യക്ഷപദവിയിൽ നിന്ന് മാറ്റണമെന്ന് ജാർക്കിഹോളിയെ പോലുള്ളവർ ശഠിക്കുമ്പോൾ സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദവിയിൽ നിന്ന് മാറ്റി പകരം ശിവകുമാറിനെ കുടിയിരുത്തുക എന്ന പോംവഴിയേ ഹൈക്കമാണ്ടിന്റെ മുന്നിലുള്ളൂ. അക്കാര്യം ഹൈക്കമാണ്ട് സിദ്ധരാമയ്യയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് രാജണ്ണയുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്. ഈയ്യിടെയായി ഗവണ്മെന്റിനെ വിമർശിക്കുന്ന കോൺഗ്രസ്സ് എം എൽ എ മാരിൽ പലരും സിദ്ധരാമയ്യയുടെ അനുയായികളാണ്. അക്കാര്യവും ഹൈക്കമാണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടത്രേ. സംസ്ഥാനത്ത് കോൺഗ്രസ്സിലും ഗവണ്മെന്റിലും നേതൃമാറ്റം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Photo Courtesy - Google











