
കൊച്ചി: ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെവി തോമസ് ആവശ്യപ്പെട്ടു.
അവർ ഉന്നയിക്കുന്നത് ഇന്ത്യൻ അക്കാഡമിക് സർട്ടിഫിക്കറ്റുകളുടെ മൂല്യം നിലനിർത്താനാവശ്യമായ നടപടികൾ ആണ്.
നാളെ രാജ്യത്തെ നിയന്ത്രിക്കേണ്ട യുവതകളുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ സംശയാസ്പദമാക്കുന്ന തരത്തിലാണ് നിലവിലെ കാര്യങ്ങൾ.
പത്തു വർഷമായി പരീക്ഷപേപ്പറുകൾ ചോരുന്ന ഒരു രാജ്യത്തെ യോഗ്യതാ സർട്ടിഫിക്കറ്റുകളെ ഏത് നിലയിലാവും മറ്റുള്ളവർ പരിഗണിക്കുകയെന്നത് ചോദ്യചിന്ഹമാണ്.
ഈ സാഹചര്യം പുതിയ തലമുറയുടെ സാധ്യതകളെയാണ് റദ്ദാക്കുക.
ഇത്രയേറെ ഗൗരവമുള്ള വിഷയമുന്നയിച്ചു സമരം ചെയ്യേണ്ടി വന്ന നമ്മുടെ കുട്ടികളോട് അനുഭാവപൂർവമായ സമീപനമാണ് ഏതൊരു സർക്കാരും സ്വീകരിക്കേണ്ടത്.
അതിന് പകരം സായുധ വിഭാഗത്തെ ഇറക്കി നേരിടുന്ന നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.
അവർ നമ്മുടെ കുട്ടികളാണെന്ന ബോധ്യം നിർഭാഗ്യവശാൽ സായുധ പോലീസും പുലർത്തുന്നില്ല.
ഇത് രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനിൽപ്പ് തന്നെ അപകടത്തിലാക്കും.
പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങണമെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
Photo Courtesy - Google










