
സ്ത്രീകൂട്ടായ്മയുടെ ശക്തി പ്രകടനമാണ് കേരളത്തിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം എന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊച്ചിയിൽ ബ്രിക്സ് അന്താരാഷ്ട്ര വനിതാ ഉച്ചകോടിയിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ, സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. ഇവിടെ സ്ത്രീകൾ ദീർഘവും ആരോഗ്യകരവുമായ ജീവിതമാണ് നയിക്കുന്നത്. സ്ത്രീ സാക്ഷരതയുടെ കാര്യത്തിലും കേരളം വളരെ മുൻപിലാണ്. ഇവിടത്തെ മാതൃ-ശിശു ആരോഗ്യ നിലവാരം വികസിത രാജ്യങ്ങളുടേതുമായി താരതമ്യപ്പെടുത്താവുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിലെല്ലാം കേരളത്തിലെ സ്ത്രീകൾ മുൻപിലാണ്.
1998-ൽ ദാരിദ്ര്യ നിർമാർജന പരിപാടിയായി ആരംഭിച്ച കുടുംബശ്രീ ദൗത്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വനിതാ ശൃംഖലകളിൽ ഒന്നായി മാറി. 48 ലക്ഷത്തിലധികം സ്ത്രീകൾ മൂന്ന് ലക്ഷത്തിലധികം അയൽക്കൂട്ട ഗ്രൂപ്പുകളായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സ്ത്രീകൾ ഒരുമിച്ച് സമ്പാദിക്കുന്നു, ഒരുമിച്ച് കടം വാങ്ങുന്നു, ഒരുമിച്ച് പ്രവർത്തിക്കുന്നു. ഫാമുകൾ, ഭക്ഷ്യ യൂണിറ്റുകൾ മുതൽ ഐടി സേവനങ്ങൾ വരെ ഏകദേശം രണ്ട് ലക്ഷത്തോളം സംരംഭങ്ങൾ അവർ നടത്തുന്നു. കൊച്ചി മെട്രോയുടെയും കൊച്ചി വാട്ടർ മെട്രോയുടെയും പ്രവർത്തനങ്ങൾ അവർ കൈകാര്യം ചെയ്യുന്നു. കേരളത്തിലെ കുടുംബശ്രീ മാതൃക മറ്റു രാജ്യങ്ങളിലെ സ്ത്രീകളുടെ ഉപജീവന പ്രസ്ഥാനങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ശൃംഖലയും തമ്മിലുള്ള സംയോജനം സ്ത്രീകൾ വികസനത്തിന്റെ ഗുണഭോക്താക്കളല്ല, മറിച്ച് അതിന്റെ ശിൽപികളാണെന്ന ഒരു സാഹചര്യം സൃഷ്ടിച്ചിടുണ്ട്.
വേതനം ലഭിക്കുന്ന തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വികസിപ്പിക്കുന്നതിലുംപൊതു, ഡിജിറ്റൽ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിലും സ്ത്രീകൾ ഇനിയും മുന്നേറും. ബ്രിക്സ് വേദിയിലൂടെ ലോക രാജ്യങ്ങളിലെ വനിതാ പ്രതിനിധികളുമായി ഈ ആശയങ്ങൾ പങ്കിടുന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. ബ്രിക്സിൽ ചർച്ച ചെയ്ത ഭരണവും നേതൃത്വവും; ഡിജിറ്റൽ, സാമ്പത്തിക ഉൾപ്പെടുത്തൽ; സംരംഭകത്വവും വൈദഗ്ധ്യവും; കാലാവസ്ഥാ പ്രവർത്തനത്തിൽ സ്ത്രീകളുടെ പങ്ക്, ഭക്ഷ്യസുരക്ഷ, പോഷകാഹാരം തുടങ്ങിയ വിഷയങ്ങളെല്ലാം സ്ത്രീശക്തിയുടെ മുന്നോട്ടുള്ള പാതയെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവി; ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ബ്രിക്സ് രാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
Photo Courtesy - Google










