09:35am 13 November 2026
NEWS
ജീവന്റെ വില: പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്ക് ഇനി വിലങ്ങു വീഴും
27/11/2025  06:31 PM IST
സുരേഷ് വണ്ടന്നൂർ
ജീവന്റെ വില: പണമില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്ക് ഇനി വിലങ്ങു വീഴും

​കൊച്ചി: കൺമുന്നിൽ ഒരു ജീവൻ പിടയുമ്പോൾ, 'പണമില്ല' എന്ന ഒറ്റ കാരണം പറഞ്ഞ് വാതിൽ കൊട്ടിയടയ്ക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് ഇനി നിയമത്തിന്റെ ചങ്ങല വീഴും. മനുഷ്യന്റെ ജീവന് പണത്തേക്കാൾ വിലയുണ്ടെന്ന് ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചുകൊണ്ട്, കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നിരിക്കുകയാണ്. അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ യാതൊരു വീഴ്ചയും വരുത്താൻ പാടില്ലെന്ന് കോടതി കർശനമായി ഉത്തരവിട്ടു.
​പണം ചോദിക്കരുത്, രേഖകൾ നോക്കരുത്
​അടിയന്തര സാഹചര്യങ്ങളിൽ പണം മുൻകൂട്ടി ലഭിച്ചില്ലെന്ന പേരിൽ സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കരുത്. മാത്രമല്ല, ആവശ്യമായ രേഖകൾ കൈവശമില്ലെന്ന കാരണത്താൽ പോലും ചികിത്സ നിഷേധിക്കാനോ വൈകിപ്പിക്കാനോ പാടില്ല. അത്യാസന്ന നിലയിലുള്ള രോഗിയെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോൾ, ആ യാത്ര പൂർണ്ണമായും സുരക്ഷിതമായിരിക്കണം എന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
​2018-ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ശരിവെച്ചുകൊണ്ടുള്ള സിംഗിൾബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ തള്ളിയാണ് ഈ ചരിത്രപരമായ വിധി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐ.എം.എ. കേരള ഘടകം എന്നിവരടക്കം നൽകിയ അപ്പീലുകളാണ് കോടതി തള്ളിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നും അന്താരാഷ്ട്ര നിലവാരത്തിന് യോജിച്ചതാണെന്നും കോടതി നിരീക്ഷിച്ചു. ഈ ഉത്തരവ് സർക്കാർ-സ്വകാര്യ മേഖലയിലെ എല്ലാ ആശുപത്രികൾക്കും ബാധകമാണ്.
​ഫീസ് വിവരങ്ങൾ പ്രദർശിപ്പിക്കണം; പരാതിക്ക് ഡിജിപിയെ സമീപിക്കാം
​സേവനങ്ങളുടെ സുതാര്യത ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രികളിലും അവയുടെ വെബ്സൈറ്റുകളിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സാഫീസുകളും പാക്കേജുകളുടെ തുകയും രോഗികളുടെ അവകാശങ്ങളും വ്യക്തമായി പ്രദർശിപ്പിക്കണം.
​ഇതുവരെ ഉണ്ടായിരുന്ന പരാതി പരിഹാര സംവിധാനങ്ങൾക്കപ്പുറം, ഗുരുതര സ്വഭാവമുള്ള ചികിത്സാ ന്യൂനത സംബന്ധിച്ച പരാതികൾ രോഗികൾക്ക് സംസ്ഥാന പോലീസ് മേധാവിക്കോ (ഡി.ജി.പി), ചീഫ് സെക്രട്ടറിക്കോ നേരിട്ട് നൽകാനുള്ള വഴിയും കോടതി തുറന്നു നൽകി.
​ആശുപത്രികളിൽ പരാതി പരിഹാര സംവിധാനം നിർബന്ധമാക്കിയ കോടതി, ഒരു പരാതി ലഭിച്ചാൽ 7 ദിവസത്തിനകം തീർപ്പാക്കണം എന്നും നിർദ്ദേശിച്ചു. ഡിസ്ചാർജ് ചെയ്യുമ്പോൾ ബില്ലുകൾ, സ്കാനിംഗ് റിപ്പോർട്ടുകൾ അടക്കമുള്ള എല്ലാ രേഖകളും രോഗികൾക്ക് കൈമാറണം. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം എന്നും ഹൈക്കോടതി കർശനമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
​നിർദ്ദേശങ്ങൾ പാലിക്കാൻ 30 ദിവസത്തെ സമയം
എല്ലാ സ്ഥാപനങ്ങളും ഈ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് 30 ദിവസത്തിനകം ജില്ല രജിസ്ട്രേഷൻ അതോറിട്ടിക്ക് രേഖാമൂലം ഉറപ്പ് നൽകണം. 60 ദിവസത്തിനകം അതോറിറ്റി പരിശോധന നടത്തുകയും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുകയും വേണം.
​

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img