10:23pm 30 April 2026
NEWS
ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില
30/04/2026  08:34 PM IST
nila
ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില

​ചെങ്ങന്നൂർ: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ സാധാരണക്കാരന് ഇരുട്ടടിയായി ചെറുനാരങ്ങ വില കുതിച്ചുയരുന്നു. വിപണിയിൽ നാരങ്ങയ്ക്ക് പൊള്ളുന്ന വിലയായതോടെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഒരു മാസത്തിനിടെ നാരങ്ങയുടെ വിലയിൽ ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ കിലോയ്ക്ക് 260 രൂപ മുതൽ 300 രൂപ വരെയാണ് വിവിധയിടങ്ങളിലെ ചില്ലറ വില്പന നിരക്ക്.
​ഏപ്രിൽ പകുതി വരെ കിലോയ്ക്ക് 160-180 രൂപ നിലവാരത്തിലായിരുന്ന വിലയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് ഉയരത്തിലെത്തിയത്. കേരളം നാരങ്ങയ്ക്കായി പ്രധാനമായും ആശ്രയിക്കുന്ന ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് പ്രധാന പ്രതിസന്ധി.
​വടക്കേ ഇന്ത്യയിലെ കൊടും ചൂട് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള നാരങ്ങയുടെ വലിയൊരു പങ്ക് നിലവിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ വടക്കൻ വിപണികളിലേക്കാണ് പോകുന്നത്. അവിടെ ഡിമാൻഡ് വർധിച്ചതോടെ കേരളത്തിലേക്കുള്ള വരവ് പരിമിതപ്പെട്ടത് വിലക്കയറ്റത്തിന് ആക്കം കൂട്ടി.
​നാരങ്ങ വില വർധിച്ചതോടെ ഹോട്ടലുകളിലും ബേക്കറികളിലും പാനീയങ്ങളുടെ വില ഉയർത്തിത്തുടങ്ങി. നാരങ്ങാവെള്ളത്തിന് ഗ്ലാസിന് ശരാശരി അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വർധനവുണ്ടായത്. 20 രൂപയായിരുന്ന നാരങ്ങാവെള്ളത്തിന് ഇപ്പോൾ പലയിടത്തും 30 രൂപയോ അതിലധികമോ നൽകണം. വിപണിയിൽ നാരങ്ങയുടെ ലഭ്യത കുറഞ്ഞത് വഴിയോരങ്ങളിലെ സർബത്ത് കച്ചവടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്.
​​കടുത്ത ചൂട് മൂലം അയൽസംസ്ഥാനങ്ങളിലെ ഉൽപാദനത്തിലുണ്ടായ ഇടിവും ​വേനൽ കടുത്തതോടെ ശീതളപാനീയങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും
​വടക്കേ ഇന്ത്യൻ വിപണികളിലേക്ക് നാരങ്ങ വൻതോതിൽ വഴിതിരിച്ചു വിടുന്നതും വില വർധനയ്ക്ക് കാരണമായതായി വിദഗധർ പറയുന്നു
​ ഒരു മാസത്തേക്ക് കൂടി നാരങ്ങ വില ഇതേ നിലയിൽ തുടരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിച്ചാൽ വില വീണ്ടും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വേനൽ മഴ വ്യാപകമായാൽ മാത്രമേ ഉൽപാദനം വർധിക്കാനും വിപണിയിലെ വിലക്കയറ്റത്തിന് അറുതിയാകാനും സാധ്യതയുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.