10:25am 23 October 2026
NEWS
അധ്യക്ഷപദവി കടയിൽ കിട്ടുന്നതല്ല; മാധ്യമങ്ങൾക്ക് അത് നൽകാനുമാവില്ല- ഡി.കെ.ശിവകുമാർ
17/01/2025  11:52 AM IST
വിഷ്ണുമംഗലം കുമാർ
അധ്യക്ഷപദവി കടയിൽ കിട്ടുന്നതല്ല; മാധ്യമങ്ങൾക്ക് അത് നൽകാനുമാവില്ല- ഡി.കെ.ശിവകുമാർ

 ബംഗളുരു: കർണാടകം ഭരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയിൽ ഈയ്യിടെ രൂക്ഷമാകുന്നത് സംസ്ഥാന അധ്യക്ഷപദവിയെ കുറിച്ചുള്ള തർക്കമാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവിയും വഹിക്കുന്നതാണ് പല നേതാക്കൾക്കും ദഹിക്കാത്തത്.അർഹതപ്പെട്ട മറ്റൊരു നേതാവിന് ആ പദവി കൈമാറണമെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. നേതൃത്വം വിലക്കിയിട്ടും പരസ്യ പ്രസ്താവന നിലക്കുന്നില്ല. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ്  വിവാദത്തിന് തുടക്കമിട്ടത്. ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും സഹകരണ മന്ത്രി കെ എൻ രാജണ്ണയും വീണ്ടും രംഗത്തെത്തി. ഉചിതമായ തീരുമാനമെടുക്കാതെ ഹൈക്കമാണ്ട് ആണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്ന് രാജണ്ണ കുറ്റപ്പെടുത്തി. "ലോകസഭാ തെരഞ്ഞെടുപ്പുവരെ ശിവകുമാർ തുടരട്ടെ എന്നാണ് ഹൈക്കമാണ്ട് വ്യക്തമാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അക്കാര്യത്തിൽ ഹൈക്കമാണ്ട് തീരുമാനമെടുക്കാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്"  രാജണ്ണ വിശദീകരിച്ചു. പാർട്ടി അധ്യക്ഷപദവി കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.  "കഴിവും സംഘടനാ പാടവവുമൊക്കെ പരിഗണിച്ചാണ് സ്ഥാനമാനങ്ങൾ നൽകുന്നത്. പാർട്ടിക്കാര്യങ്ങൾ മാധ്യമങ്ങളിലല്ല ചർച്ച ചെയ്യേണ്ടത്. മാധ്യമങ്ങൾക്ക് സ്ഥാനമാനങ്ങൾ നൽകാൻ സാധിക്കില്ല. പരാതിയുള്ളവർ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ യെയോ രാഹുൽ ഗാന്ധിയേയോ ബന്ധപ്പെടുകയാണ് വേണ്ടത്. അച്ചടക്കലംഘനം പാർട്ടിക്ക് ഗുണം ചെയ്യില്ല" ശിവകുമാർ ഓർമ്മിപ്പിച്ചു. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയ നേതാക്കളോട് വർക്കിങ് പ്രസിഡന്റ് മഞ്ജുനാഥ് ഭന്ധാരി വിശദീകരണം ചോദിച്ചിട്ടുണ്ട്.  തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. വിശദീകരണം ചോദിച്ചോട്ടെ നൽകാമല്ലോ എന്നായിരുന്നു സതീഷ് ജാർക്കിഹോളിയുടെ പ്രതികരണം. അധ്യക്ഷ സ്ഥാനത്തേക്ക് ഇരുവർക്കും സമ്മതനായ ഒരാളെ നിർദ്ദേശിക്കാൻ മല്ലികാർജ്ജുന ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും നിർദ്ദേശിച്ചിട്ടുണ്ടെന്നറിയുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img