
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കെഎംഎസ്എംഇ യുടെ പാസിംഗ് ഔട്ട് സെറിമോണി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: "സമുദ്രാധിഷ്ഠിത വ്യവസായങ്ങളുടെയും കപ്പൽഗതാഗത മേഖലയുടെയും വളർച്ച മറൈൻ എൻജിനീയറിങ് രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഭൗമരാഷ്ട്രീയ വെല്ലുവിളികളും ആഗോള അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും മികച്ച സാധ്യതകൾ നിലനിൽക്കുന്ന മേഖലയാണ്,'' എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലെ (കെഎംഎസ്എംഇ) 19-ആം ബി.ടെക്ക് മറൈൻ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് സെറിമോണിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ സമുദ്ര സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും സമുദ്രസമ്പത്തും സാമ്പത്തിക-വ്യവസായ മേഖലകളിൽ നിലനിൽക്കുന്ന സാധ്യതകളും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ 'മിഷൻ സമുദ്ര'യ്ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. രാജ്യത്തെ തന്നെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി കുസാറ്റ് വളർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മികച്ച വിദ്യാർത്ഥികളുടെ മെഡലും മെമന്റോകളും മന്ത്രി റോജി എം. ജോൺ വിതരണം ചെയ്തു.സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി, സിന്ഡിക്കറ്റ് അംഗം ഡോ. പി. കെ. ബേബി, രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ. യു, കെഎംഎസ്എംഇ ഡയറക്ടർ വി.വി. പോൾ, കൊച്ചി മെർസെൻറ്റൈൽ മറൈൻ വകുപ്പ് (എംഎംഡി) പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽ കുമാർ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ. മനോജ്, ഫാക്കൽറ്റി ഓഫ് എൻജിനീയറിങ്ങും ഡീനുമായ ഡോ. സെന്തിൽ പ്രകാശ് എം. എൻ, കെഎംഎസ്എംഇ കോഴ്സ് കോർഡിനേറ്റർ ഡോ. സതീഷ് ബാബു, കെഎംഎസ്എംഇ കോഴ്സ്-ഇൻ ചാർജ് ജിസ് ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google









