
കൊച്ചി : കൊച്ചി തുറമുഖം ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമ്മിച്ചിട്ടുള്ള വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകിയ ചതുപ്പ് സമാനമായ പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുവാൻ ആവശ്യമായ മണൽ തുറമുഖ അതോറിറ്റി സൗജന്യമായി അനുവദിച്ചു. ഇത് സംബന്ധിച്ചുള്ള തുറമുഖ അതോറിറ്റിയുടെ കത്ത് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ലഭിച്ചു.
വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുമായി (ICTT) ബന്ധപ്പെട്ട റോഡ് റെയിൽ കണക്ടിവിറ്റി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. നിലവിൽ പുതുവൈപ്പിൽ എൽഎൻജി ടെർമിനലിന് സമീപം 2008 മുതൽ ഡ്രഡ്ജ് ചെയ്ത സംഭരിച്ചിരിക്കുന്ന മണല് സ്റ്റോക്കിൽ നിന്നാണ് 52,958.70 ക്യുബിക് മീറ്റർ മണൽ സൗജന്യമായി നൽകാൻ കൊച്ചിൻ പോർട്ട് അതോറിറ്റി (CoPA) സമ്മതിച്ചത്. വർഷങ്ങളായി മഴയും വെയിലും കൊണ്ട് മണലിന്റെ ലവണാംശം ഒഴിവായിട്ടുണ്ടെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി കണ്ടെത്തിയ മൂന്ന് പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുന്നതിനാണ് ഈ മണൽ ഉപയോഗിക്കുക.
പൊതുമരാമത്ത് വകുപ്പ് (PWD) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ കത്തിൽ, ബന്ധപ്പെട്ട ഏജൻസി/കരാറുകാരന്റെ വിവരങ്ങൾ, വർക്ക് ഓർഡർ, ഉപയോഗിക്കാനുദ്ദേശിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ, മണൽ സ്റ്റോക്ക് യാർഡിന്റെ ചുമതലയുള്ളതും മണൽ കടത്തുന്ന സമയത്ത് ചാർജ് വഹിക്കുന്ന അംഗീകൃത പ്രതിനിധിയുടെ വിവരങ്ങൾ എന്നിവ CoPA ആവശ്യപ്പെട്ടിട്ടുണ്ട്. മണലിന്റെ കടത്ത് ആരംഭിക്കുന്നതിന് മുമ്പ് ജിയോളജിസ്റ്റിൽ നിന്നുള്ള ട്രാൻസിറ്റ് പാസ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് എട്ടുമണി വരെ മാത്രമായിരിക്കും മണൽ കൊണ്ടുവാനുള്ള അനുമതി നൽകുന്നത്.
കണ്ടെയ്നർ റോഡിൽ മുളവുകാട് പോലീസ് സ്റ്റേഷന് സമീപം 14 കുടുംബങ്ങൾക്കും, കാക്കനാട് തുത്തിയൂരിലെ ആദർശ് നഗറിൽ 56 കുടുംബങ്ങൾക്കും കാക്കനാട് ഇന്ദിരാ നഗറിൽ 118 കുടുംബങ്ങൾക്കുമായുള്ള പുനരധിവാസ സൈറ്റുകൾ ബലപ്പെട്ത്തുന്നതിനാണ് മണൽ ഉപയോഗിക്കുക.
2008-ൽ പദ്ധതിക്കായി ഏഴ് വില്ലേജുകളിൽ നിന്നായി 316 കുടുംബങ്ങളെയാണ് ബദൽ സംവിധാനങ്ങൾ ഇല്ലാതെ കുടിയൊഴിപ്പിച്ചത്. അതിൽ മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂർ, ഏലൂർ, മഞ്ഞുമ്മൽ, വെസ്റ്റ് കടുങ്ങല്ലൂർ, ഇളമക്കര പോണേക്കര എന്നീ പ്രദേശങ്ങളിൽ നിന്ന് കിടപ്പാടങ്ങൾ നഷ്ടപ്പെട്ട 188 കുടുംബങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. പുതുവൈപ്പിൽ നിന്നു് റോഡ് മാർഗം മൂടിയ ടിപ്പർ ലോറികളിലാണ് മണൽ കടത്തേണ്ടത്. കർശനമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് മണൽ സൗജന്യമായി അനുവദിച്ചിരിക്കുന്നത്. അതിനിടെ മണൽ കൊണ്ടു പോകുന്നതിനും മൂന്ന് പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുന്നതിനുമുള്ള ചെലവ് വഹിക്കുന്നതിന് 2.68 കോടി രൂപ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് PWD ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ട്. സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് മുന്നോടിയാണിത്. ജില്ലാ കളക്ടർ അധ്യക്ഷനായ പാക്കേജ് നിരീക്ഷണ സമിതിയുടെ തീരുമാന പ്രകാരമാണ് പിഡബ്ല്യുഡി തുറമുഖ അധികാരികൾക്ക് നേരത്തെ കത്ത് നൽകിയത്. നിരീക്ഷണ സമിതിയുടെ യോഗത്തിൽ തുറമുഖത്തിന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. 18 വർഷത്തിലേറെയായി സാങ്കേതിക പ്രശ്നങ്ങളിൽ മുടങ്ങി കിടക്കുന്നു ഈ വിഷയം നിലവിലെ ജില്ലാ കളക്ടറുടെ നിരന്തരമായ തുടർ നടപടികളുടെ ഫലമാണെന്ന് നിരീക്ഷണ സമിതി അംഗങ്ങളായ അഡ്വക്കേറ്റ് സി.ആർ നിലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, വി.പി വിൽസൻ, കെ രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥും വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപ്പറമ്പിലും പ്രതികരിച്ചു. മുഖ്യമന്ത്രി കൊടുത്ത രാഷ്ട്രീയമായ സിഗ്നൽ ആണ് ബ്യൂറോക്രസിക്ക് ആത്മവിശ്വാസം പകർന്നതെന്ന് അദ്ദേഹത്തെ നേരിട്ട് കണ്ട പാക്കേജിനെ സംബന്ധിച്ച് അഭ്യർത്ഥന നടത്തിയ പ്രൊഫസർ കെ അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു.
Photo Courtesy - Google








