11:42am 15 September 2026
NEWS
പിണറായി- വെള്ളാപ്പള്ളി സൗഹൃദത്തിന്റെ രാഷ്ട്രീയം
21/09/2025  05:18 PM IST
ചെറുകര സണ്ണീലൂക്കോസ്
പിണറായി- വെള്ളാപ്പള്ളി സൗഹൃദത്തിന്റെ രാഷ്ട്രീയം
HIGHLIGHTS

ആഗോള അയ്യപ്പസംഗമം എന്തുകൊണ്ട് ?

കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാരിൽ കുറേപ്പേർക്കെങ്കിലും ഇനിയും പിടികിട്ടാത്ത ഒന്നാണ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വെള്ളാപ്പള്ളി എന്തിനാണ് ഇത്രയധികം കടുത്ത ന്യൂനപക്ഷ വിരുദ്ധ വിദ്വേഷപരാമർശനങ്ങൾ തുടർച്ചയായി നടത്തുന്നത്? കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നേതാവെന്ന് കേരളസെക്രട്ടറി വിശേഷിപ്പിക്കുന്ന സഖാവ് പിണറായി വിജയൻ എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനെ കൂടെക്കൂടെ ശ്രീനാരായണ ഗുരുവിന്റെ പ്രതിപുരുഷനായി വാഴ്ത്തുന്നത്? 
ഇതിനുള്ള ഉത്തരം വളരെ ലളിതവും വ്യക്തവുമാണ്. 2019 ൽ ലോകസഭാ ഇലക്ഷനിൽ എൽ.ഡി.എഫ് കേരളത്തിൽ ദയനീയമായി പരാജയപ്പെട്ടിട്ടും 2021 ലെ നിയമസഭാ ഇലക്ഷനിൽ വൻവിജയം നേടിയത് ഏത് കാർഡിട്ട് കളിച്ചിട്ടാണോ അതേ കാർഡിട്ട് കളിച്ച് 2024 ലെ പരാജയത്തെ മറികടന്ന് 2026 ൽ വിജയം നേടാനുള്ള തുറുപ്പുചീട്ട് ഇട്ടുള്ള കളിയാണ് ഇതിൽ കാണുന്നത്. അല്ലെങ്കിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ് മതത്തിന്റെ പിടിയിൽ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കാതെ വിമോചനം സാദ്ധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയ കാറൽ മാർക്‌സിസിനെ സ്ഥാപക നേതാവായി കാണുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാകുമോ?

18-ാമത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ അവലോകനം 2024 ജൂൺ 28-30 തീയതികളിൽ ന്യൂഡെൽഹിയിൽ നടന്ന സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി നടത്തുകയുണ്ടായി. ഈ സി.സി. റിപ്പോർട്ട് 2024 ജൂലൈ 4 ന് പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പാർട്ടിയുടെ പ്രകടനം കേരളത്തിലെ കാര്യം ഇങ്ങനെ പറയുന്നുണ്ട്. കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തിരിച്ചടിയായി. യു.ഡി.എഫിന്റെ വിജയത്തിനും എൽ.ഡി.എഫിന്റെ പരാജയത്തിനും കാരണമായ പ്രധാന രാഷ്ട്രീയ ഘടകം, കേന്ദ്രത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ന്യൂനപക്ഷങ്ങൾ കരുതിയതാണ്. മുസ്ലീങ്ങളും ഒരുവിഭാഗം മതേതര വോട്ടർമാരും യു.ഡി.എഫിന് പിന്നിൽ അണിനിരന്നു. ഭൂരിപക്ഷ വർഗ്ഗീയതയ്‌ക്കെതിരായി എൽ.ഡി.എഫ് നടത്തിയ പ്രചാരണത്തെ ഇതുമറികടന്നു.

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ അസ്വസ്ഥത ഉളവാകുന്ന ഒരു കാര്യം നിരവധി മണ്ഡലങ്ങളിൽ സി.പി.എമ്മിനുണ്ടായിരുന്ന പരമ്പരാഗത അടിത്തറയായിരുന്ന വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോർന്നതാണ്. തൃശൂരിലെ വിജയത്തിന് പ്രധാന കാരണം ഒരു വിഭാഗം ക്രിസ്ത്യാനികളിൽ നിന്നും ലഭിച്ച വോട്ടുകളാണെങ്കിലും ആറ്റിങ്ങൽ ആലപ്പുഴ പോലെയുള്ള മണ്ഡലങ്ങളിൽ സി.പി.എം ന്റെ അടിസ്ഥാനവോട്ടുകൾ ബി.ജെ.പിക്ക് പോയിട്ടുണ്ട്. 'ഹിന്ദുവികാരങ്ങളും' ജാതിസ്വാധീനവും മറ്റ് സീറ്റുകളിലും ഒരു പരിധിവരെ സി.പി.എംന്റെ അടിസ്ഥാന വോട്ടുകളെ ബാധിച്ചിട്ടുണ്ട്.
ഹിന്ദുത്വവും ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയവും പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി അവർ ക്ഷേത്രങ്ങളേയും മതപരമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളേയും ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ട് ഉപയോഗിക്കുന്നു. ആ പ്രവർത്തനങ്ങൾ ഫലം കണ്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളേയും അതിന്റെ രാഷ്ട്രീയത്തേയും നേരിടാൻ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് സ്വയം വിമർശനാത്മകമായി ശ്രദ്ധിക്കേണ്ടതാണ്.

ഈ തിരഞ്ഞെടുപ്പിൽ ജാതി- സാമുദായിക സംഘടനകൾ ഉയർന്ന പങ്കുവഹിച്ചു. എസ്.എൻ.ഡി.പി നേതൃത്വം പൊതുവേ ബി.ജെ.പിക്കനുകൂലമായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് മതമൗലിക സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്.എൻ.ഡി.പിയും മുസ്ലീം ലീഗിനോടൊപ്പം നിന്ന് എൽ.ഡി,എഫിനെതിരായും കോൺഗ്രസിനനുകൂലമായും ശക്തമായി പ്രചാരണം നടത്തി. എസ്.എൻ.ഡി.പി നേതൃത്വത്തിന്റെ സംശയാസ്പദമായപങ്ക് തുറന്നുകാട്ടുന്നതിനും പ്രതിരോധിക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കണം. ഹിന്ദുത്വ ശക്തികളുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ സ്വാധീനത്തെ ചെറുക്കുന്നതിനുള്ള നടപടികൾ പാർട്ടി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ഈ തിരഞ്ഞെടുപ്പ് അവലോകനത്തിന് എന്ത് തുടർനടപടിയുണ്ടായെന്നുചോദിച്ചാൽ പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒന്നുരണ്ട് തവണ എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന്റെ ബി.ജെ.പി ബാന്ധവത്തിനെതിരെ നിശിതമായ വിമർശനങ്ങൾ നടത്തി എന്നതാണ്.

പിന്നീട് ഉണ്ടായത് പാർട്ടിയുടെ സമുന്നതനായ നേതാവ് പിണറായി വിജയന് ഉചിതമായതെന്ന് തോന്നിയ ചില നടപടികൾ സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണണ്.  അതായത് ഹിന്ദുമത വിശ്വാസമുള്ളയാളുകൾ ബി.ജെ.പിയിലേക്ക് പോകാതിരിക്കാൻ ഭൂരിപക്ഷ മതവിശ്വാസവുമായി ഒത്തുപോകാൻ മൃദുസമീപനം സ്വീകരിക്കുന്നു എന്നതാണ്.

ശബരിമലയിൽ എല്ലാപ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി 2018 സെപ്റ്റംബർ 28 നാണ് ഉണ്ടായത്.
ഇഃ്  സംബന്ധിച്ച കേസിൽ 2006 ൽ ഇടതുമുന്നണി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇങ്ങനെ പറഞ്ഞു: 'ഒരു ക്ഷേത്രം സന്ദർശിക്കാനും അവിടെ പ്രവേശിക്കാനുമുള്ള ഒരു സ്ത്രീയുടെ അവകാശം അവരുടെ ആരാധനാവകാശത്തിന്റെ അവശ്യഘടകമാണ്. അല്ലാത്ത പക്ഷം അവരുടെ അവകാശത്തെ ദോഷകരമായി ബാധിക്കുന്നു. വിശ്വാസത്തിനുള്ള തുല്യതയാണ് ഭരണഘടന പ്രദാനം ചെയ്യുന്നത്. അത് വിവേചനപരമല്ലാത്തതും ഒരേ വിശ്വാസം പിന്തുടരുന്ന സ്ത്രീക്കും പുരുഷനും തുല്യമായി ലഭിക്കേണ്ടതുമാണ്. ഭരണഘടനയിലെ വ്യവസ്ഥ പ്രകാരം ആർത്തവമുള്ള സ്ത്രീകളെ ആചാരങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് അടിച്ചമർത്തപ്പെട്ട മതവിഭാഗങ്ങളെ ഒഴിവാക്കുന്നതുപോലുള്ള വിവേചനമാണ്. ഏത്  തരത്തിലുള്ള തൊട്ടുകൂടായ്മയും ആചരിക്കുന്നതും പ്രോത്സാഹനം നൽകുന്നതും പ്രചോദനം നൽകുന്നതും 1955 ലെ പൗരവാകാശ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റകരമാണ്.  ശുദ്ധിയുടേയും അശുദ്ധിയുടേയും സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ഒഴിവാക്കലും വിവേചനവും പൗരവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കേണ്ടത്.'

സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഉയർന്നപ്പോൾ 2018 ഒടുവിൽ ശബരിമല; സ്ത്രീകളുടെ ആരാധനാവകാശം സുപ്രീംകോടതിവിധി (സംഗ്രഹം) എന്ന തലക്കെട്ടിൽ പിണറായി സർക്കാർ 60 പേജുള്ള ഒരു ലഘുലേഖ ഇറക്കി. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം അടിച്ചിറക്കിയ ഈ വിധി സംഗ്രഹത്തിന്റെ മുഖവുരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയത് ഇങ്ങനെ:

'എല്ലാ ആചാരങ്ങളുടേയും മീതെയാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. ഭരണഘടന സദാചാരം പടുത്തുയർത്തിയിരിക്കുന്നത് അന്തസ്, സമത്വം, സ്വാതന്ത്ര്യം എന്നീ മൂന്ന് തൂണുകളിന്മേലാണെന്നും അസന്ദിഗ്ദ്ധമായി കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പം ജാതി, മത, വംശ, ലിംഗ ഭേദങ്ങളില്ലാതെ എല്ലാവർക്കും അനുഭവവേദ്യമാകണമെന്നാണ് വിവക്ഷ. ഇത്തരം ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും അവസരസമത്വവുമാണ് വിധിതീർപ്പിന് സുപ്രീംകോടതി ആധാരമാക്കിയത്. സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്.

2018 അവസാനവും 2019 ന്റെ ആദ്യകാലത്തും ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങൾ യു ട്യൂബിൽ ലഭ്യമാണ്. കേരളത്തിലെ മതനിരപക്ഷേ പുരോഗമന ചിന്താഗതിക്കാരെ മുഴുവൻ അത് ആവേശം കൊള്ളിച്ചിരുന്നു. 
അനാചാരനിർമ്മാർജ്ജനം, സ്ത്രീ സ്വാതന്ത്ര്യം, സവർണ്ണാധിപത്യത്തിനെതിരെയുള്ള  പോരാട്ടം ജാതിവിവേചനത്തോടുള്ള എതിർപ്പ് തുടങ്ങി ഒരു യുഗത്തിന്റെ വിമോചന മുദ്രാവാക്യങ്ങൾക്ക് ജീവൻ പകർന്ന കേരള നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രം ഓർമ്മിപ്പിക്കുന്നതായിരുന്നു അക്കാലത്തെ പിണറായി വിജയന്റെ പ്രസംഗങ്ങൾ. ആ പശ്ചാത്തലത്തിലാണ് 2018 ഡിസംബർ ഒന്നിന് വിവിധ സാമുദായിക സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായ നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിക്കുന്നത്. ഈ സമിതിയുടെ ബാനറിലാണ് 2019 ന് സംസ്ഥാന സർക്കാർ തന്നെ മുൻകയ്യ് എടുത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കി.മി. ദൂരത്തിൽ സ്ത്രീകൾ അണിനിരന്ന വനിതാമതിൽ സംഘടിപ്പിച്ചത്. സ്ത്രീപുരുഷസമത്വം ഉറപ്പുവരുത്തുക എന്നതായിരുന്നു മതിലിന്റെ പ്രധാന മുദ്രാവാക്യം.

അയ്യപ്പഭക്തരുടെ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് പത്ത് വനിത ആക്ടിവിസ്റ്റുകൾ പോലീസ് സംരക്ഷണയിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും അവർ വിജയിച്ചില്ല. വനിതാമതിൽ സംഘടിപ്പിക്കപ്പെട്ടതിനടുത്ത ദിവസം 2019 ജനുവരി 2 ന് മുഖ്യമന്ത്രിയുടെ അറിവോടെ പോലീസ് നടത്തിയ ബുദ്ധിപരമായ നീക്കങ്ങളിലൂടെ ബിന്ദു അമ്മിണി(40 വയസ്), കനകദുർഗ്ഗ(39വയസ്) എന്നീ രണ്ട് സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ചു. 2019 ജനുവരി 2 ബുധനാഴ്ച പുലർച്ചെ 3.45 ഓടെ പോലീസ് അകമ്പടിയോടെ സ്റ്റാഫ് ഗേറ്റിലൂടെ അവരെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ച കാര്യം അഭിമാനപൂർവ്വം സ്ഥിരീകരിച്ചത്. ഇവരുടെ പ്രവേശനത്തെ ചരിത്രനിമിഷം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2019 ഏപ്രിൽ 23 നായിരുന്നു. മെയ് 23 ന് ഫലം വന്നു. യു.ഡി.എഫ് 19 സീറ്റിൽ വിജയിച്ചു. എൽ.ഡി.എഫിന് ദയനീയ പരാജയം ഉണ്ടാകാൻ കാരണം ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്തത് ഹിന്ദു ഈശ്വരവിശ്വാസികളെ അകറ്റിയതാണ് എന്ന വിലയിരുത്തലിലാണ് സി.പി.എം കേരള നേതൃത്വം എത്തിച്ചേർന്നത്. അതോടെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള ഉദ്യമം സി.പി.എം അവസാനിപ്പിച്ചു. ഓരോ ഹിന്ദു ഈശ്വരവിശ്വാസികളുടെയും വീട്ടിൽ കയറി പാർട്ടി ഈശ്വരവിശ്വാസികൾക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്താൻ പാർട്ടി നേതൃത്വം പ്രവർത്തകരോടും അണികളോടും നിർദ്ദേശിച്ചു.

2021 ലെ ഭരണത്തുടർച്ചയ്ക്ക് ഒരു പ്രധാന കാരണം ഈ നിലപാടുമാറ്റമാണെന്നാണ് കേരള സി.പി.എംലെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും വിശ്വസിക്കുന്നത്. 2024 ലെ ലോക്‌സഭാ ഇലക്ഷൻ പ്രചാരണകാലത്ത് മാറിയ ഒരു പരീക്ഷണം നടത്തി. മുസ്ലീം ന്യൂനപക്ഷ വിഷയങ്ങളിൽ പ്രത്യക്ഷ പിന്തുണ പ്രകടിപ്പിച്ച് ഈ വിഭാഗം വോട്ടർമാരെ സ്വാധീനിച്ച് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വോട്ട് അടിത്തറ തകർക്കുകയായിരുന്നു ലക്ഷ്യമിട്ടത്. പക്ഷേ ഇലക്ഷൻ ഫലം വന്നപ്പോൾ ഒരു അടവുനയം ദയനീയമായി പരാജയപ്പെട്ടെന്ന് മനസ്സിലായി.

അതോടെ ആരംഭിച്ചതാണ് മുസ്ലീം വിരുദ്ധ പ്രസ്താവനകൾ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന പി.വി. അൻവർ ഇടതുമുന്നണി വിടും മുമ്പ് ആഭ്യന്തരവകുപ്പിനെ ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയപ്പോൾ മുഖ്യമന്ത്രി പ്രതിരോധിച്ചത് മുസ്ലീം തീവ്രവാദികൾക്കെതിരേ അവരുടെ സ്വർണ്ണക്കള്ളക്കടത്തിനെതിരെ പോലീസ് നടപടികളെടുക്കുന്നതിലുള്ള വിരോധമാണ് എന്നുപറഞ്ഞുകൊണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ നിന്ന് പിടികൂടിയ സ്വർണ്ണത്തിന്റേയും ഹവാല പണത്തിന്റെയും കണക്കുപറഞ്ഞ് ആ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് പോകുന്നതെന്ന് ഹിന്ദു ദിനപ്പത്രത്തിലടക്കം ആസൂത്രിതമായി മുഖ്യമന്ത്രിയുടെ അഭിമുഖം നൽകിയത് ഇക്കാര്യങ്ങൾ ദേശീയ ശ്രദ്ധയിൽ വരണമെന്ന ഉദ്ദേശത്തിലാണെന്ന് വ്യക്തമായിരുന്നു.

ഏതാണ്ട് നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണല്ലോ രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്ന് വിജയിച്ചത്. എന്നാൽ സി.പി.എം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ വയനാട്ടിൽ പ്രസംഗിച്ചത് വയനാട്ടിൽ രാഹുലും പ്രിയങ്കയും ജയിച്ചത് മുസ്ലീം തീവ്രവാദികളുടെ വോട്ടുകൾ കൊണ്ടാണെന്നായിരുന്നു. അവരുടെ വിജയാഘോഷറാലിയുടെ മുന്നിലും പുറകിലും ഉണ്ടായിരുന്നത് ഉഗ്രതീവ്രവാദികളായിരുന്നു എന്നുപറയാനും വിജയരാഘവൻ മടിച്ചില്ല. മുഖ്യമന്ത്രി പിന്നീട് വിജയരാഘവൻ പറഞ്ഞതിനെ ശക്തമായി ന്യായീകരിക്കുകയും ചെയ്തു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ ബി.ജെ.പിയും ആർ.എസ്.എസും ക്ഷേത്രങ്ങളേയും മതപരമായ കാര്യങ്ങളെയും ഹിന്ദുത്വവും ന്യൂനപക്ഷ വിരുദ്ധരാഷ്ട്രീയവും പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്. 'ഹിന്ദുവികാരങ്ങളും ജാതിസ്വാധീനവും സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകളെ ബാധിച്ചതായും പറയുന്നുണ്ട്.

ബി.ജെ.പി സ്വീകരിച്ചിട്ടുള്ള ഇതേ മാർഗ്ഗം കൂടുതൽ ഫലപ്രദമായി പിന്തുടരാനാണ്, പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നത്. അല്ലാതെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരമായി ചെറുത്തുതോൽപ്പിക്കാനല്ല. 2026 ലും ഭരണത്തുടർച്ചയുണ്ടാക്കാൻ മൃദുഹിന്ദുത്വ വഴി പ്രയോജനപ്പെടും എന്ന് കേരളത്തിലെ സി.പി.എം കരുതുന്നുവെന്ന് സമീപകാല നടപടികൾ തെളിയിക്കുന്നു. ഈ രാഷ്ട്രീയ അടവുനയത്തിനുള്ള ആളായിട്ടാണ് വെള്ളാപ്പള്ളി നടേശൻ ഉപയോഗിക്കപ്പെടുന്നത്.

എസ്.എൻ.ഡി.പി നേതൃത്വത്തിന്റെ ബി.ജെ.പി അനുകൂല നിലപാട് തുറന്നുകാട്ടുന്നതിനും പ്രതിരോധിക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കണം എന്നാണ് കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചതെങ്കിലും പിണറായിയുടെ ലൈൻ അതിന് നേർവിപരീതമാണ്. കേരളത്തിലെ ശ്രീനാരായണീയരായ സ്ത്രീകളിലെ 90 ശതമാനവും ശബരിമലയിൽ യുവതികൾ കയറുന്നത് ആചാരലംഘനമായി കരുതുമ്പോഴാണ് അത് ലംഘിക്കേണ്ട അനാചാരമാണ് എന്നുപറഞ്ഞ നവോത്ഥാന സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായി പിണറായി വിജയൻ വെള്ളാപ്പള്ളിയെ നിയോഗിക്കുന്നത്.

അന്നും മുഖ്യമന്ത്രി പറയുന്നതുപോലെയൊക്കെ റോളെടുക്കുകയല്ലാതെ വെള്ളാപ്പള്ളിക്ക് മുമ്പിൽ മറ്റൊരു മാർഗ്ഗമില്ല. അല്ലെങ്കിൽ അദ്ദേഹം എന്നേ എൻ.ഡി.എയുടെ ദേശീയ നേതാവായേനെ. 2016 ആദ്യം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഡി.ജി.പിക്ക് പരാതി നൽകിയ മൈക്രോഫിനാൻസ് കേസ് മുതൽ ചേർത്തല യൂണിയൻ സെക്രട്ടറി മഹേശന്റെ അസ്വാഭാവികമരണം വരെ എത്ര ഗുരുതരമായ കേസുകളാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഫയലുകളിൽ കെട്ടിപ്പൂട്ടിവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മുസ്ലീം വിരുദ്ധ പ്രസ്താവനകൾ അതിരുവിട്ടുപോകുന്നു എന്ന ചില അഭ്യുദയകാംക്ഷികളുടെ ഉപദേശത്തെ തുടർന്ന് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ മയപ്പെടുത്തുന്നതായും എന്നാൽ വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനും മുസ്ലീം സമുദായത്തിനുമെതിരേ കോട്ടയത്തിനും ക്രിസ്ത്യാനികൾക്കുമെതിരെ വർഗ്ഗവിദ്വേഷം വമിക്കുന്ന പ്രസ്താവനകളുമായി രംഗത്തുവരുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ ഇത്തരം വിദ്വേഷ പ്രസ്താവനകളെ മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എമ്മോ ഒരു വാക്കുകൊണ്ടുപോലും വെള്ളാപ്പള്ളിയെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്താൻ തയ്യാറായിട്ടില്ല. നേരെമറിച്ച് വെള്ളാപ്പള്ളിയെ ന്യായീകരിക്കാനും പരമാവധി പുകഴ്ത്താനുമാണ് മുഖ്യമന്ത്രി തയ്യാറായത്. വ്യത്യസ്ത വേദികളിൽ വെള്ളാപ്പള്ളി നടേശനെ ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവായും കുമാരനാശാനേക്കാൾ മുകളിലെത്തിയ ആൾ എന്ന് വാഴ്ത്താനും മുഖ്യമന്ത്രിക്ക് ഒരു മടിയും ഉണ്ടായില്ല.

പൊതുതിരഞ്ഞെടുപ്പിൽ മാസങ്ങൾ മാത്രം അവശേഷിക്കവേ ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ ചുമതല ദേവസ്വം ബോർഡിനാണെങ്കിലും മുഖ്യസംഘാടകർ സംസ്ഥാന സർക്കാർ തന്നെയാണ്. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചു സൂപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താനുള്ള ആലോചനയിലേക്ക് ദേവസ്വം ബോർഡ് കടന്നത് സർക്കാരിൽ നിന്ന് പച്ചക്കൊടി ലഭിച്ച ശേഷമാണെന്ന് വ്യക്തം. പമ്പയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം ശബരിമലയെ വികസിപ്പിക്കാനാണ് എന്നൊക്കെ പറയുന്നത് തമാശയാണ്. വലിയ വലിയ പദ്ധതികൾ അവതരിപ്പിക്കപ്പെടും. പ്രചാരണത്തിനായി. എന്നാൽ അതിനൊന്നും ഡി.പി.ആർ തയ്യാറാക്കാൻ പോലുമുള്ള സമയവുമില്ല. പണവുമില്ല. പിന്നെ എന്തിനിതു നടത്തുന്നു എന്നുചോദിച്ചാൽ പിണറായി സർക്കാരിന് ശബരിമലയോടും ഹിന്ദുവിശ്വാസികളോടുമുള്ള കൂറുതെളിയിക്കാനാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.

കേരളത്തിലെ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാണ്, ഹിന്ദുവിശ്വാസത്തെ ബി.ജെ.പി കുത്തകയാക്കുന്നതിനെ ചെറുക്കാനാണ് കമ്മ്യൂണിസ്റ്റുകളും വിശ്വാസത്തെ ആഘോഷിക്കുന്നത്. അവിടെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനൊന്നും ഒരു പ്രസക്തിയുമില്ല. സമൂഹത്തിൽ വളരുന്ന മതപരത മനുഷ്യനെ ഇഹലോകത്തിലെ ചൂഷണത്തിനെതിരേയും അവകാശങ്ങൾക്കുവേണ്ടി പോരാടാനുള്ള കരുത്തും ഇച്ഛാശക്തിയും ചോർത്തിക്കളയും എന്ന കമ്മ്യൂണിസ്റ്റുകാരുടെ പ്രാഥമിക പാഠം ഇവിടുത്തെ മാർക്‌സിസ്റ്റുകാർ എന്നേ മറന്നുകഴിഞ്ഞിരിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img