02:48pm 14 September 2026
NEWS
സാദിക്കലി തങ്ങളുടെ കോലം കത്തിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം
24/04/2025  01:25 PM IST
നെല്ലിക്കുത്ത് ഹനീഫ
സാദിക്കലി തങ്ങളുടെ കോലം കത്തിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം
HIGHLIGHTS

 എരിവ് കയറ്റാനും എരിതീയിൽ എണ്ണ ഒഴിക്കാനും സോഷ്യൽ മീഡിയായിൽ വികാര ജീവികൾ അനവധിയുണ്ടാകും. അവരുടെ ജൽപ്പനങ്ങൾ കേട്ട് എടുത്ത് ചാടരുത്.

മലപ്പുറം ജില്ലയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിച്ച് താനൂരിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പകരമെന്നോണം എസ്.എൻ.ഡി.പി യോഗം വടക്കാഞ്ചേരി യൂണിയൻ പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങളുടെ കോലവും  കത്തിച്ച്  പ്രതിഷേധവും നടത്തി. പാലക്കാട്-കൊല്ലങ്കോടിലും എസ്.എൻ.ഡി.പി പ്രവർത്തകർ സാദിക്കലി തങ്ങളുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വടക്കാഞ്ചേരിയിൽ യൂണിയൻ സെക്രട്ടറി കെ.എസ്. ശ്രീജേഷ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആർ. കൃഷ്ണൻകുട്ടി, യോഗം ഡയറക്ടർ ബോർഡംഗം ആർ. ജയകൃഷ്ണൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.എസ്. സുമിത്, ടി.സി. പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിംലീഗിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ  പ്രതിഷേധക്കാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിംലീഗ് നേതൃത്വം നടത്തുന്ന ആക്രമണങ്ങൾ നോക്കി നിൽക്കാനാകില്ലെന്നും, ചെറുത്ത് തോൽപ്പിക്കുമെന്നും താക്കീത് നൽകി. സമാനമായിരുന്നു മുതലമടയിലേയും പ്രതിഷേധം. മലപ്പുറത്തിലെ ഒരു സമൂഹം പുരോഗമിക്കുമ്പോൾ പിന്നോക്ക വിഭാഗങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ല എന്ന വസ്തുത മാത്രമാണ് വെള്ളാപ്പള്ളി പരാമർശിച്ചതെന്ന് കൊല്ലങ്കോട് യൂണിറ്റ് സെക്രട്ടറി അനുരാഗ് പറഞ്ഞു. 

മലപ്പുറം ജില്ലയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാന്തപുരം സുന്നീ വിഭാഗത്തിന്റെ മുഖപത്രം 'സിറാജി'ൽ മുഖപ്രസംഗം വന്നിരുന്നു. പ്രതികൾ മുസ്ലിംകളെങ്കിൽ കൽത്തുറുങ്കിൽ അടയ്ക്കുകയും, അമുസ്ലിങ്ങളെങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിൽ നിന്ന് ഉണ്ടാകാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുതെന്നാണ് മുഖപ്രസംഗം ആവശ്യപ്പെടുന്നത്. എസ്.എൻ.ഡി.പി യോഗം പ്രാദേശിക ഘടകങ്ങൾ വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടികളിൽ മന്ത്രിമാർ പങ്കെടുക്കരുതെന്നും സിറാജ് മുഖപ്രസംഗത്തിൽ പറയുന്നു. 
 
യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസ്

ആദ്യം മലപ്പുറത്തിനെതിരെ വിദ്വേഷം പ്രസംഗിക്കുക. പിന്നെ സാദിക്കലി തങ്ങളുടെ കോലം കത്തിച്ച് പ്രതിഷേധിക്കുക. ഇതിന് പിന്നിലുള്ള അജണ്ട കൂടുതൽ വ്യക്തമാവുകയാണ്. പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീക്ഷം തകർത്ത്, അതുവഴി മറ്റ് പലർക്കും ലാഭമുണ്ടാക്കി കൊടുക്കലാണ്. എരിവ് കയറ്റാനും എരിതീയിൽ എണ്ണ ഒഴിക്കാനും സോഷ്യൽ മീഡിയായിൽ വികാര ജീവികൾ അനവധിയുണ്ടാകും. അവരുടെ ജൽപ്പനങ്ങൾ കേട്ട് എടുത്ത് ചാടരുത്. സംയമന പാർട്ടി എന്നും, കഴിവ് കെട്ടവരെന്നും അവരാക്ഷേപിക്കുകയും ചെയ്യും. അത് അവഗണിയ്ക്കുക. നമ്മുടെ ഒന്നാമത്തേയും, രണ്ടാമത്തേയും, മൂന്നാമത്തേയും താൽപ്പര്യം ഈ നാടിന്റെ സമാധാനമാണ്, സൗഹാർദ്ദമാണ്. അക്കാര്യം വിസ്മരിക്കരുത്. മതസൗഹാർദ്ദത്തിന് പേരുകേട്ട സംസ്ഥാനമാണ് കേരളമെങ്കിലും വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകാനും, അത് മുളപ്പിയ്ക്കാനും എക്കാലവും ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിലെ പക്വമായ സമുദായ നേതൃത്വം അത്തരം ശ്രമങ്ങളെ മുളയിലെ നുള്ളുകയാണ് ചെയ്തിരുന്നത്. എന്നാൽ കാലം കഴിയും തോറും വിദ്വേഷ പ്രചാരകരുടെ എണ്ണം കൂടുകയാണ്. മിശ്ര വിവാഹം മുതൽ മുനമ്പം വരെ സകല കാര്യങ്ങളും വിദ്വേഷത്തിനുള്ള ആയുധമാക്കി മാറ്റപ്പെടുകയാണ്.

മതേതരത്വത്തിൽ വിശ്വസിക്കുന്നവർ കൂടുതൽ ജാഗ്രതയോടെ നിൽക്കേണ്ട കാലമാണിത്. നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് കാര്യങ്ങളുടെ പോക്ക്. ഒരു തീപ്പൊരി വീണാൽ ആളിക്കത്താവുന്ന മണ്ണാക്കി കേരളത്തെ പരുവപ്പെടുത്താനുള്ള  കഠിന ശ്രമത്തിലാണ് ചിലർ. ഒരു കാലത്ത് വിഷം വമിപ്പിയ്ക്കുന്നവരോട് അരുതെന്ന് പറയുന്നവരായിരുന്നു സമുദായ നേതൃത്വം. ഇന്ന് അവർ തന്നെ വിദ്വേഷം പറയുന്നു. വെള്ളാപ്പള്ളി മലപ്പുറം ജില്ലയ്ക്കെതിരായി നടത്തിയിട്ടുള്ളത് അത്തരത്തിലാണ്. ഒരു സമുദായ നേതാവിൽ നിന്ന് കേരളം ആഗ്രഹിക്കാത്തതാണിത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച  കാലത്താണോ നമ്മൾ ജീവിക്കുന്നതെന്ന് തോന്നിപ്പോകുന്ന അവസ്ഥ. വൈകാരികമായ പ്രതികരണങ്ങളോ, പ്രതിഷേധങ്ങളോ പരിഹാരമല്ല. കേരളത്തിലെ സൗഹാർദ്ദാന്തരീക്ഷം നില നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ച പാർട്ടിയാണ് മുസ്ലിംലീഗ്. അതിന് കുറേ പഴിയും പരിഹാസവും കേൾക്കേണ്ടിയും വന്നിട്ടുണ്ട്. പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ, സാദിക്കലി തങ്ങൾ ഊന്നൽ കൊടുത്തത് സ്വീകരണ സമ്മേളനങ്ങൾക്കല്ല. കേരളം മുഴുവൻ ഓടി നടന്ന് വിവിധ സമുദായ നേതാക്കളുമായി കൂടിയിരിക്കാനാണ്.  അഭിപ്രായ വ്യത്യാസങ്ങൾ എന്തുണ്ടെങ്കിലും സൗഹാർദ്ദം തകർക്കുന്ന അന്തരീക്ഷത്തിന് കൂട്ട് നിൽക്കില്ല എന്നദ്ദേഹം ഉറപ്പാക്കുകയായിരുന്നു. ഇത്തരം ശ്രമങ്ങളെ തകർത്താലേ കേരളത്തിൽ ചിലർക്ക് വേരോട്ടമുണ്ടാക്കാൻ കഴിയൂ. ആരുടേയും പ്രകോപനത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ വീണ് പോകരുത്. യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസ് അണികളോട് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img