
കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിനെതിരെ രൂക്ഷമായ സ്വയംവിമർശനം. ഇന്ന് കോഴിക്കോട് ആരംഭിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് പാർട്ടി അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനമുള്ളത്. പാർട്ടി അംഗങ്ങളുടെ രാഷ്ട്രീയ നിലവാരം വലിയ തോതിൽ താഴ്ന്നെന്നും ഈ സ്ഥിതി പരിഹരിച്ചാൽ മാത്രമേ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകലം വർധിച്ചുവെന്നാണ് പ്രധാന വിമർശനം. കേഡർമാരിൽ വലിയൊരു വിഭാഗം സജീവ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ്. കമ്മിറ്റി യോഗങ്ങളും ജനറൽ ബോഡികളും വിളിച്ചുചേർത്താൽ പോലും പങ്കെടുക്കാൻ പല അംഗങ്ങളും തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്ത് വർഷത്തെ ഭരണത്തിനിടെ പോഷകസംഘടനകളുടെ പ്രവർത്തനശേഷിയും കുറഞ്ഞതായി സിപിഎം വിലയിരുത്തുന്നു. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും പാർട്ടിക്കുണ്ടായ വീഴ്ചകൾ തിരുത്തുകയും ചെയ്യുന്നതിൽ ഇനിയും കാലതാമസം വരുത്തിയാൽ ജനങ്ങളിൽനിന്നുള്ള അകലം കൂടുതൽ വർധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ സിപിഎം അംഗത്വത്തിന്റെ 88.55 ശതമാനം പേരും സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥ തകർന്നശേഷം പാർട്ടിയിൽ എത്തിയവരാണ്. ഇതിൽ 54.82 ശതമാനം പേർ 2016ന് ശേഷമുള്ള പത്ത് വർഷത്തെ ഇടതുഭരണകാലത്ത് അംഗത്വമെടുത്തവരാണ്.
പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാൻ ഈ അംഗങ്ങളിൽ ഭൂരിഭാഗത്തിനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടിലെ മറ്റൊരു വിമർശനം. ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പലരും തയാറാകുന്നില്ല. നേതൃത്വവും സാധാരണ പാർട്ടി അംഗങ്ങളും തമ്മിലും അകലം വർധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൊഴിലാളികളുടെയും കർഷകരുടെയും ഒരു വിഭാഗം പാർട്ടിക്ക് വോട്ട് ചെയ്യാതിരുന്നതിന് ഈ അകൽച്ചയും കാരണമായതായി സിപിഎം വിലയിരുത്തുന്നു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മധ്യവർഗത്തിന്റെ പിന്തുണ ഉറപ്പാക്കാമെന്ന പ്രതീക്ഷയും യാഥാർഥ്യമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് ദിവസം നീളുന്ന സിപിഎം വിശാല സംസ്ഥാന സമിതിക്ക് ഇന്ന് രാവിലെ 10ന് ജനറൽ സെക്രട്ടറി എം.എ. ബേബി തുടക്കം കുറിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പോഷകസംഘടനാ പ്രതിനിധികൾ എന്നിവരടക്കം 307 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
സംഘടനാ ദൗർബല്യങ്ങൾ, അംഗങ്ങളുടെ പ്രവർത്തനത്തിലെ വീഴ്ചകൾ, ജനങ്ങളുമായുള്ള അകൽച്ച തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.










