മഞ്ഞുരുകി എറണാകുളം- അങ്കമാലി അതിരൂപത.

'എന്റെ വൈദികരുടേതാണ് കൂടിയാണ്
ഈ അരമന. അവർക്കെപ്പോഴും ഇവിടെ വരാം. താമസിക്കാം.'
എറണാകുളം- അങ്കമാലി അതിരൂപതക്ക് വേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി സ്ഥാനമമേറ്റ് അതിരൂപതാ ആസ്ഥാനത്തെത്തിയ മാർ ജോസഫ് പാംപ്ലാനി പറഞ്ഞ ആദ്യ വാചകമായിരുന്നിത്.
അപ്പോൾ അവിടെ നിറയെ പോലീസും സംഘർഷവുമായിരുന്നു.
പിതാവിന്റെ വാക്കുകൾ സമരത്തിലായിരുന്ന വൈദികരുടെ കർണപുടങ്ങളിലല്ല, ഹൃദയത്തിലാണ് പതിഞ്ഞത്.
അതിന്റെ പ്രതിഫലനമാണ് ഏറെ നാളുകൾക്ക് ശേഷം സഭയിൽ രൂപപ്പെടുന്ന സമാധാനവും ഐക്യവും.
എല്ലാറ്റിനും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അനുഗ്രഹവും പിന്തുണയും ഒപ്പമുണ്ട്.
വിദ്യാഭ്യാസ മേഖലയിലും ആതുരശുശ്രൂഷാ രംഗത്തും കരുത്തുറ്റ സംഭാവനകൾ സമൂഹത്തിന് നൽകിയിട്ടുള്ള, ഉന്നതമായ പാരമ്പര്യത്തിന് അവകാശികളായ കത്തോലിക്കാ സഭക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കിയ സംഭവപരമ്പരകൾക്ക് കൂടിയാണ് ഇതോടെ അവസാനമാകുന്നത്.
കഴിഞ്ഞതിനെ ഓർത്ത് ആരും ആരെയും കുറ്റപ്പെടുത്തേണ്ടതില്ല എന്നാണ് ഇരുപിതാക്കന്മാരും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്.
മറിച്ച് പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും മുന്നോട്ട് പോകാം.
സഭാ പരമ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കരുതെന്ന നിർദ്ദേശവും വൈദികർക്ക് നൽകിയിട്ടുണ്ട് എന്നാണറിയുന്നത്.
പുതുതായി നിർമ്മിക്കുകയോ പുനരുദ്ധരിച്ചതോ ആയ പള്ളികൾ വെഞ്ചിരിക്കുക, അച്ചന്മാർ മരിച്ചാൽ സംസ്ക്കാര ശുശ്രൂഷകൾ നടത്തുക
തുടങ്ങിയവ മെത്രാന്മാർ തന്നെ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തണം.
എറണാകുളം അതിരൂപതക്ക് രൂപതക്കാരൻ തന്നെയായ മെത്രാൻ എന്ന ആവശ്യത്തോടു പോലും അനുഭാവപൂർണമായ നിലപാടെടുക്കുന്ന മാർ പാംപ്ലാനി എല്ലാവരേയും ചേർത്ത് പിടിക്കുന്നതിൽ വിജയിക്കുകയാണ്.
ജനാഭിമുഖ കുർബാന തുടരുന്ന ദേവാലയങ്ങളിൽ മുൻ ചർച്ചകളിലെ ധാരണ പ്രകാരം അത് തുടരാനും ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും ഒരു കുർബാന മാത്രം സിനഡ് നിർദ്ദേശിച്ച രീതിയിൽ മതിയെന്നുമുള്ള ഈ ഞായറാഴ്ചയിലെ അതിരൂപതാ സർക്കുലർ പ്രശ്ന പരിഹാരത്തിന് സഹായകമായി.
അതിരൂപതയുടെ കാര്യങ്ങൾ ദൈനംദിനം നിയന്ത്രിക്കുന്ന പ്രധാന സമിതിയായ കൂരിയയിൽ
വിമത വൈദികരുടെ പ്രാതിനിധ്യവും ഉൾപ്പെടുത്താൻ മാർ ജോസഫ് പാംപ്ലാനി സന്നദ്ധനാണെന്നാണ് വിവരം.
അതിരൂപതയിലെ പ്രതിസന്ധി തീർക്കണമെന്നാഗ്രഹിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ഒത്തു തീർപ്പ് പ്രവർത്തനങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.
ആദരണീയരായ ന്യായാധിപന്മാർ, പ്രൊഫഷണലുകൾ, ലോകം ശ്രദ്ധിക്കുന്ന ബിസിനസ് സംരംഭകർ, അക്കാദമിക് വിദഗ്ദർ ഒക്കെ നിറഞ്ഞ അതിരൂപതയിൽ,
സഭാ തർക്കത്തിന്റെ പേര് പറഞ്ഞ് അൽമായ പ്രതിനിധികളായി രംഗത്ത് വരുന്നവരുടെ സംസ്ക്കാരശൂന്യമായ പ്രതികരണങ്ങൾ സഭക്ക് ആകമാനം നാണക്കേടും അപമാനവുമുണ്ടാക്കുന്നു എന്ന പൊതുവികാരവും വിശ്വാസികളിൽ ശക്തമാണ്.
Photo Courtesy - Google










