11:29pm 03 November 2026
NEWS
വയനാട്ടിലെ ദിവയുടെ മരണത്തിലും പൊലീസിന് സംഭവിച്ചത് ​ഗുരുതര വീഴ്ച്ച; കേരളത്തിലെ പൊതുനിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്ക് ഒരു വിലയുമില്ലേ?
29/10/2026  04:43 PM IST
nila
വയനാട്ടിലെ ദിവയുടെ മരണത്തിലും പൊലീസിന് സംഭവിച്ചത് ​ഗുരുതര വീഴ്ച്ച; കേരളത്തിലെ പൊതുനിരത്തുകളിൽ പൊലിയുന്ന ജീവനുകൾക്ക് ഒരു വിലയുമില്ലേ?

മാനന്തവാടി: റോഡിലൂടെ സഹോദരനൊപ്പം നടന്നുപോകുന്നതിനിടെ കാറിടിച്ച് ആറാം ക്ലാസ് വിദ്യാർഥിനി ദിവ മരിച്ച സംഭവത്തിലും പൊലീസിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായത് ​ഗുരുതര വീഴ്ച്ചകൾ.  മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂളിലെ വിദ്യാർഥിനിയും എടവക രണ്ടേനാൽ സ്വദേശിനിയുമായ ദിവയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് ഈ ദുരന്തം.

കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു കുട്ടികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. എന്നാൽ, കാറോടിച്ചിരുന്ന അയലമൂല സ്വദേശി സജിക്കെതിരെ  മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. വാഹനം അമിത വേ​ഗതയിലായിരുന്നു എന്നതും തെറ്റായ ദിശയിലൂടെയാണ് എത്തി കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത് എന്നുമുള്ള കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നിട്ടും പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം. 

റോഡിലൂടെ വാഹനവുമായി ഇറങ്ങുന്നവർ രാജാക്കന്മാരെന്ന ഭാവേന പായുന്നതിന് കാരണവും പൊലീസിന്റെ ഈ നിഷ്ക്രിയത്വമാണ്. കേരളത്തിന്റെ റോഡുകളിലൂടെ നടന്നോ ഇരുചക്ര വാഹനങ്ങളിലോ പോകുന്നവരുടെ ജീവന് പുല്ലുവില കൽപ്പിച്ചാണ് വലിയ വാഹനങ്ങൾ ചീറിപ്പായുന്നത്. മുമ്പ് ടിപ്പർ ലോറികളായിരുന്നു നിരത്തുകളിൽ ജീവനെടുത്തിരുന്നത് എങ്കിൽ ഇപ്പോൾ ബസുകളും ചെറു കാറുകളും പോലും അതിത വേ​ഗതയും തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങ്ങും കാരണം നിരവധിപേരുടെ ജീവനുകളാണ് കവരുന്നത്. എന്നാൽ, നമ്മുടെ നീതിന്യായ വ്യവസ്ഥ ഇത്തരം നിയമലംഘകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മാധ്യമ ശ്രദ്ധ കിട്ടുന്ന സംഭവങ്ങളിൽ മാത്രമാണ് കുറ്റവാളികൾ പൊതുസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത് പോലും. 

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. സഹോദരൻ ഡെറിക്കിനൊപ്പം റോഡിലൂടെ നടന്നുപോകുകയായിരുന്ന ദിവയെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ദിവയ്ക്ക് ജീവൻ നഷ്ടമായി. കൂടെയുണ്ടായിരുന്ന സഹോദരൻ ഡെറിക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

വിദേശത്തായിരുന്ന പിതാവ് രാജേഷിന് നാട്ടിലെത്താൻ കഴിയാത്തതിനാലാണ് ദിവയുടെ സംസ്കാരം വൈകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ രാജേഷ് വീട്ടിലെത്തി. പ്രിയപ്പെട്ട മകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ അച്ഛന്റെ ദുഃഖം നിയന്ത്രിക്കാനാവാത്തതായി. മകളെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവർക്കും ആ കാഴ്ച കണ്ണീർപകർന്നു.

വൈകീട്ട് മൂന്നുമണിയോടെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. വീട്ടിൽനിന്ന് വിലാപയാത്രയായി മൃതദേഹം സമീപത്തെ ദീപ്തിഗിരി സെയ്ന്റ് തോമസ് ദേവാലയത്തിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് ദിവയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലും പള്ളിയിലുമായി എത്തിയത്.

പൂക്കളുമായി സഹപാഠികൾ; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ശനിയാഴ്ച സ്കൂൾ വിട്ട് പതിവുപോലെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ ദിവ ഇനി ക്ലാസ്മുറിയിലേക്ക് തിരിച്ചെത്തില്ലെന്ന യാഥാർഥ്യം സഹപാഠികൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. വാരാന്ത്യ അവധിക്കുശേഷം തിങ്കളാഴ്ച സ്കൂളിലെത്തേണ്ടിയിരുന്ന കുഞ്ഞുകൂട്ടുകാരിയുടെ ഇരിപ്പിടം ശൂന്യമായിരുന്നു.

ചൊവ്വാഴ്ച രാവിലെ കൈകളിൽ പൂക്കളുമായി സഹപാഠികൾ ദിവയുടെ വീട്ടിലെത്തി. ചില്ലുപെട്ടിയിൽ നിശ്ചലമായി കിടന്ന പ്രിയ കൂട്ടുകാരിയെ അവസാനമായി കാണുമ്പോൾ പലർക്കും കണ്ണീർ നിയന്ത്രിക്കാനായില്ല. ചിലർ അവളുടെ മുഖത്തേക്ക് നോക്കി നിശ്ശബ്ദരായി നിന്നപ്പോൾ മറ്റു ചിലർക്ക് ആ കാഴ്ചപോലും താങ്ങാനായില്ല. കൈയിൽ കരുതിയ പൂക്കൾ മൃതദേഹത്തിൽ അർപ്പിച്ച് വിതുമ്പലോടെ അവർ മടങ്ങി.

സഹപാഠികളുടെ ഈ അവസാന യാത്രാമൊഴി കണ്ടുനിന്നവരുടെയും കണ്ണുകൾ നനച്ചു. ദിവയുടെ വേർപാടിൽ ദുഃഖം പങ്കിടുന്നതിനായി ചൊവ്വാഴ്ച സെയ്ന്റ് പാട്രിക്സ് സ്കൂളിന് പ്രത്യേക അവധി നൽകിയിരുന്നു.

പ്രാർഥനകളോടെ അന്ത്യയാത്ര

മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം രാവിലെ ദിവയുടെ വീട്ടിലെത്തി പ്രാർഥന നടത്തി. വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇടവക വികാരി ഫാ. ചാണ്ടി പുനക്കാട്ട്, കല്ലോടി സെയ്ന്റ് ജോർജ് ഫൊറോന വികാരി ഫാ. സജി കോട്ടയിൽ എന്നിവരടക്കം നിരവധി വൈദികരും സന്ന്യസ്തരും ചടങ്ങുകളിൽ പങ്കെടുത്തു.

ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ദിവയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. കളിചിരികളോടെ വീട്ടിലേക്കും സ്കൂളിലേക്കും നടന്നുപോയിരുന്ന കുരുന്നിന്റെ അപ്രതീക്ഷിത വേർപാട് നാടിന് തീരാനൊമ്പരമായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img