02:26am 12 November 2025
NEWS
ദുരന്തങ്ങളുടെ ദുരവസ്ഥ
28/12/2024  09:52 PM IST
അഡ്വ. എം. മനോഹരൻപിള്ള
ദുരന്തങ്ങളുടെ ദുരവസ്ഥ

പ്രകൃതിയുടെ മേൽകയ്യേറ്റം നടത്തുന്നവർക്കെതിരെ പ്രകൃതി പ്രതികാരത്തോടെയാണ് ആ പീഡനങ്ങളെ നേരിടുന്നത്. വനം കയ്യേറ്റം മുതൽ മല കുഴിക്കുന്നവരും, മണ്ണും പാറയും നികത്തിയെടുക്കുന്നവരും സമൂഹത്തിലെ ഒരു വിഭാഗമാണെങ്കിൽ പ്രകൃതി കണ്ണും മുഖവും നോക്കാതെയാണ് പ്രതികാരദാഹത്തോടെ അഴിഞ്ഞാടുന്നത്. ദുരന്തത്തിന്റെ രക്തസാക്ഷികളാകുന്നവരും ദുരിതങ്ങൾ പേറുന്നവരും സമൂഹത്തിലെ സാധാരണക്കാരാണ്. ഊരുകളും കിടപ്പാടങ്ങളും അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും സഹോദരിമാരും അനാഥരായ കൊച്ചനിയന്മാരും ഒക്കെ നിരാലംബരായി കേഴുന്നു. വീടും കിടപ്പാടങ്ങളും നഷ്ടപ്പെട്ടവർ. മരിച്ചവരുടെ ഡി.എൻ.എ അറിയാൻ വേണ്ടി ആശുപത്രികളിലെ ഫ്രീസറിനുള്ളിൽ കഴിയുന്ന രക്തസാക്ഷികളുടെ ശവശരീരങ്ങൾ.

കഴിഞ്ഞ ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ നടന്ന ദുരന്തത്തിൽ ആശ്വാസവാക്കുകളുമായി പ്രമാണിമാർ എത്തി. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ഗവർണ്ണർമാർ എന്നിവർ എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം മന്ത്രിമാർ വയനാട്ടിൽ അട്ടിപ്പേറുകിടന്നു. എം.എൽ.എമാരും എം.പിമാരും വയനാട്ടിൽ ഊരുകളും ആശുപത്രികളും കയറിയിറങ്ങി നടന്നു. ദുരന്തം നടക്കുമ്പോൾ രാഹുൽഗാന്ധിയായിരുന്നു വയനാട്ടിലെ എം.പി. തന്റെ ഒഴിവിൽ പ്രതിശ്രുത സ്ഥാനാർത്ഥിയായ പ്രിയങ്കാഗാന്ധിയുമായാണ് വയനാട്ടിലെ ഊരുകളും വീടുകളും ആശുപത്രികളും കയറിയിറങ്ങിയത്.

വയനാട്ടിൽ ഇതിനിടയിൽ രാഷ്ട്രീയക്കാരും ചാനലുകാരും വാർത്താമാധ്യമങ്ങളും കൊട്ടിഘോഷിക്കാറുള്ള പാർലമെന്ററി ജനാധിപത്യത്തിലെ ഉത്സവമായ തെരഞ്ഞെടുപ്പ് നടന്നു. പ്രസിദ്ധമായ വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നു. ആനയും അമ്പാരിയുമായി കോടികളുടെ വെള്ളപ്പണവും കള്ളപ്പണവും ഒഴുകി. ഒരു തെരഞ്ഞെടുപ്പു കുംഭകോണം കഴിഞ്ഞപ്പോൾ രാഷ്ട്രീയക്കാരുടെ കീശകൾ വീർത്തതല്ലാതെ ദുരന്തരക്തസാക്ഷി കുടുംബങ്ങൾക്ക് ഒരാശ്വാസവും കിട്ടിയില്ല.

വയനാടിന്റെ മുൻ എം.പി രാഹുൽഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ്. സഹോദരിയും ലോക്‌സഭയിലുണ്ട്. ഇപ്പോഴത്തെ എം.പിയും ദേശീയനേതാവുമായ പ്രിയങ്കാഗാന്ധിയും കൂടാതെ അവരുടെ അമ്മയുമായ സോണിയാഗന്ധി രാജ്യസഭയിലുമുണ്ട്. എപ്പോഴും ഭരണഘടനയും ഉയർത്തിപ്പിടിച്ചുനടക്കുന്ന ഇൻഡ്യാ സഖ്യ എം.പിമാരുണ്ട്. കൂടെ നിന്ന് മുദ്രാവാക്യം വിളിക്കാൻ ലോക്‌സഭയിലും രാജ്യസഭയിലും കേരളക്കാരായ മുപ്പതോളം എം.പിമാരുണ്ട്. എത്രദിവസം പാർലമെന്റ് അദാനിയുടെ പേരിൽ സ്തംഭിച്ചു. വാരിക്കോരി വോട്ട് ചെയ്ത വയനാടിന്റെ ദുരിതാശ്വാസത്തിനുവേണ്ടി ഒരു മണിക്കൂറെങ്കിലും പാർലമെന്റ് ഒന്ന് സ്തംഭിക്കാൻ കഴിഞ്ഞോ?

കേന്ദ്ര സംസ്ഥാന തർക്കം

ഫെയ്ഞ്ചൽ ചുഴലിക്കാറ്റടിച്ചുണ്ടായ ദുരന്താശ്വാസത്തിനായി കേന്ദ്ര സർക്കാർ 944 കോടി രൂപ അനുവദിച്ചു. പ്രതിഷേധത്തിന്റെ കാര്യത്തിൽ തമിഴ് ജനങ്ങൾക്ക് ആരോടും മൃദുലതയില്ല. വണ്ടിയിൽ നിന്നിറങ്ങാൻ വൈകിയ സംസ്ഥാനമന്ത്രി പാണ്ഡ്യനെ കൂവി താഴെയിറക്കി ചെളിയെറിഞ്ഞു. അതപേക്ഷിച്ച് കേരളക്കാർ പാവങ്ങളാണ്. തലയിൽ കയറിനിരങ്ങിയാലും മിണ്ടില്ല. കേന്ദ്ര ഉദ്യോഗസ്ഥന്മാർ നടത്തിയ അന്വേഷണറിപ്പോർട്ട് കിട്ടിയാൽ ബാക്കി തുക തമിഴ്‌നാടിന് കേന്ദ്രം അനുവദിക്കും.

വയനാടിന്റെ പേരിൽ ഇപ്പോഴും തട്ടിക്കളി നടക്കുകയാണ്. കേരളം അപേക്ഷ നൽകിയ തീയതിയിൽ തർക്കം നടക്കുന്നു. പോസിറ്റീവ് ഡിസാസ്റ്റർ നീഡ് സം അസസ്‌മെന്റ്(ജഉചഅ) റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയതിൽ സ്ഥാനം വലിയ കാലതാമസം വരുത്തിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലുള്ള 25 അംഗ എം.പി സംഘത്തിന്റെ നിവേദനത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയത്.

എന്നാൽ നവംബർ എന്നുപറയുന്നത് ശരിയല്ല. ആഗസ്റ്റ് 13 തന്നെയെന്ന് സംസ്ഥാന റവന്യുമന്ത്രി രാജൻ പറയുന്നു. എം.പിമാരുടെ നിവേദനം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിവേദനമായി കണക്കാക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാടെന്നും മന്ത്രി രാജൻ ആവർത്തിക്കുന്നുണ്ട്.

കേന്ദ്രവും കേരളവും രാഷ്ട്രീയം കളിക്കുന്നു എന്നുപറഞ്ഞ് ചാനലുകാർ ചർച്ചകൾ ഒരുക്കുന്നു. രാഷ്ട്രീയവക്താക്കൾ ചർച്ചകൾ കൊഴുപ്പിക്കുന്നു. ഫലം ദുരന്തക്കാർക്ക് ഗോപി മാത്രം. അങ്ങനെയിരിക്കുമ്പോൾ രാഷ്ട്രീയനേതാക്കൾ പത്രസമ്മേളനങ്ങൾ സംഘടിപ്പിക്കും. ആരാധകർക്കും ബന്ധുക്കൾക്കും ഒരു നയനസുഖം.

കേന്ദ്രവും കേരളവും തമ്മിലും ബി.ജെ.പിയും സി.പി.എമ്മും തമ്മിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലും അന്തർധാരയുണ്ടെന്ന് നാക്കെടുത്താൽ നൂറുവട്ടം വിളിച്ചുകൂവുന്ന നമ്മുടെ പ്രതിപക്ഷ നേതാവ് സതീശനെന്താ മിണ്ടാത്തത്.

ഹൈക്കോടതി ഇടപെടുന്നു

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലും ചൂരൽമലയിലെയും മുണ്ടകൈയിലെയും പുനരധിവാസങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടിക്രമങ്ങൾ ഒരിക്കലും ഒരു തടസ്സമാകരുതെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കേരള ഹൈക്കോടതി ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

വിമർശനത്തിന്റെ ഭാഷയിലാണ് ഹൈക്കോടതി ജഡ്ജിമാർ നിർദ്ദേശം നൽകിയത്. കേന്ദ്ര സഹായമായി വകയിരുത്തിരിക്കുന്ന തുകയെത്ര, കേരളം പ്രതീക്ഷിക്കുന്ന തുക എത്ര, ഇതിലുള്ള വ്യത്യാസം എത്ര, അത് എങ്ങനെ പരിഹരിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫിനാൻസ് ഓഫീസറെ ഹൈക്കോടതി ഉത്തരവിലൂടെ ജഡ്ജിമാർ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടുകഴിഞ്ഞു.

ദുരന്തം ഉണ്ടാകുമ്പോൾ സംസ്ഥാനങ്ങൾക്ക് സഹായം നേരിട്ട് നൽകാനാകുമോ എന്ന് കേന്ദ്ര സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രതിപക്ഷ റോൾ

വയനാട്ടിലെ തെരഞ്ഞെടുപ്പുത്സവം കഴിഞ്ഞു. കമ്പക്കെട്ടും പൊട്ടി. ഇനി അടുത്ത പൂരത്തിന് കാണാം. ഇനിയെല്ലാം അന്തർധാരക്കാർ നോക്കട്ടെ. നമുക്ക് കളം വിട്ട് കാഴ്ചക്കാരാകാം. കാരണം കേന്ദ്രത്തിലും കേരളത്തിലും നമ്മൾ പ്രതിപക്ഷത്താണ്. ദൽഹിയിലെ കാര്യം എ.ഐ.സി.സിയും എം.പിമാരും നോക്കിക്കൊള്ളും. കേരളത്തിലെ കോൺഗ്രസ് പ്രതിപക്ഷത്തിന്റേയും ചിന്തയിതാണ്. കേന്ദ്രത്തിനെതിരെ ഇനി 2029 ൽ ഇറങ്ങിയാൽ മതി. പഞ്ചായത്തും തദ്ദേശവും കഴിഞ്ഞ് പിന്നീടേ നിയമസഭ വരികയുള്ളൂ. അതുവരെ കളത്തിലിറങ്ങണം. കേന്ദ്രം സഹായം തന്നില്ലെങ്കിൽ ആദ്യം പിണറായിയും പാർട്ടിയും മുന്നണിയും ഒക്കെ നോക്കട്ടെ. നമുക്ക് 2024 ലെ ലോക്‌സഭയുടെ ബാങ്ക് ഡെപ്പോസിറ്റ് കിടപ്പുണ്ടല്ലോ. 2019 ൽ ഇങ്ങനെ ചിന്തിച്ച് നടന്നു. 2021 ൽ ഗോപി വരച്ചത് മിച്ചം.

വിളവ് നന്നായി ഇറക്കിയാലേ നല്ല വിളവുകൊയ്യാനൊക്കൂ. അതാണ് കേരളത്തിലെ ജനങ്ങളുടെ മനസ്സ്. 2011 ൽ വി.എസിനെയും സി.പി.എമ്മിനെയും വിഭജിച്ചുകണ്ടു. സർക്കാർ ഉമ്മൻചാണ്ടിക്ക് ഞാണിന്മേൽ കളിയായിരുന്നു. അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല പാർലമെന്ററി പാർട്ടി ലീഡറായി മത്സരിച്ചിരുന്നെങ്കിൽ ഉമ്മൻചാണ്ടിയുടെ സ്ഥിതി ഗരുഡൻ തൂക്കം പോലെ ആയേനെ.

ചേലക്കരകൾ ഇനിയും ബാക്കിയുണ്ട്. എഴുപതിലെത്താൻ വലിയ ദുരന്തമൊന്നും വേണ്ട. ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിംഗ് സീറ്റുകളിൽ ജയിക്കുകയും ഭൂരിപക്ഷം വർദ്ധിപ്പിക്കുകയുമോ കോൺഗ്രസ് ചെയ്തിട്ടുള്ളൂ. അതിനിടയിൽ ഒളിച്ചുകിടക്കുന്ന ചേലക്കരകളുണ്ട്. അത് തേടിപ്പിടിച്ച് ഇളക്കി ഉഴുതുമറിച്ചാലെ ആർക്കായാലും എഴുപത് എഴുപത് എന്ന മാജിക് നമ്പർ മറികടക്കാനൊക്കൂ. ഉപതെരഞ്ഞെടുപ്പുകൾ പ്രസ്റ്റീജ് മത്സരങ്ങളാണ്. അതൊരു വലിയ അങ്കത്തിന്റെ പുറപ്പാടിനുള്ള ബാല്യമല്ല. അതുകൊണ്ട് അടയിരിക്കാതെ രംഗത്തുണ്ടാകണം. അന്തർധാരയയ്ക്ക് കേരളത്തിൽ കണ്ണും മൂക്കുമില്ല ജനങ്ങൾക്ക്.

വിശ്വാസം ജഡ്ജിമാരുടെ ഗാവൽ ശബ്ദമാണ്

കോടതികളിൽ ജഡ്ജ്‌മെന്റുകൾ പുറപ്പെടുവിക്കുന്ന സമയത്ത് ജഡ്ജിമാർ ഓർഡർ, ഓർഡർ എന്ന് ഉത്തരവിടുമ്പോൾ സഭാദ്ധ്യക്ഷൻ ഉപയോഗിക്കുന്ന ചുറ്റികപോലുള്ള ഉപകരണത്തിന്റെ പേരാണ് ഗാവൽ. വയനാട്ടിലെ ജനങ്ങൾക്ക് ഭരണകൂടങ്ങളിലും രാഷ്ട്രീയപാർട്ടികളിലുമുള്ള പ്രതീക്ഷയും വിശ്വാസവും ഏതാണ്ട് നഷ്ടപ്പെട്ടുകഴിഞ്ഞു. കേരള ഹൈക്കോടതിയാണ് വയനാട്ടിലെ ജനങ്ങൾക്ക് ഇപ്പോൾ പ്രതീക്ഷയും പ്രത്യാശയും വിശ്വാസവും നൽകുന്നത്.

ജസ്റ്റിസുമാരായ ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഈ കേസ് കേൾക്കുന്നതും സൂക്ഷ്മമായി നിരീക്ഷിച്ച് ഉത്തരവിറക്കുന്നതും. കർശനനിർദ്ദേശങ്ങൾ നൽകി വിമർശനങ്ങൾ വേണ്ടിടത്ത് വിമർശനം നടത്തിയുകയും ചെയ്യുന്ന ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരു തലവേദന തന്നെയാണ്. കള്ളക്കണക്കുകൾ കൊണ്ട് മത്സരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് പുനരധിവാസത്തിനായുള്ള വയനാട്ടിലെ ജനങ്ങളുടെ ആവശ്യം ഇനി അധികനാൾ നീട്ടിക്കൊണ്ടുപോകാനാവില്ല. കൂടുതൽ സത്യങ്ങൾ പുറത്തുവരും. വയനാട്ടിലെ ജനങ്ങൾ ഇപ്പോൾ കാതോർക്കുന്നത് ഹൈക്കോടതിയിൽ മുഴങ്ങുന്ന ഗാവൽ ശബ്ദത്തിന്റെ മുഴക്കത്തിനുവേണ്ടി മാത്രമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img