04:06pm 24 September 2026
NEWS

‘വിമാനം ഒരുക്കിയത് മലയാളിയായ പരിചയക്കാരൻ’; പേര് വെളിപ്പെടുത്തില്ലെന്ന് വി.ഡി. സതീശൻ; ‘ആവശ്യം വന്നാൽ ഇനിയും പോകും’

23/09/2026  12:40 PM IST
nila
 ‘വിമാനം ഒരുക്കിയത് മലയാളിയായ പരിചയക്കാരൻ’; പേര് വെളിപ്പെടുത്തില്ലെന്ന് വി.ഡി. സതീശൻ; ‘ആവശ്യം വന്നാൽ ഇനിയും പോകും’

 


തിരുവനന്തപുരം: മലപ്പുറത്തേക്കുള്ള വിവാദ വിമാനയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്ക് പോകുന്നതിനായി ഒരു മലയാളിയായ പരിചയക്കാരനാണ് വിമാനം ഒരുക്കിയതെന്നും, അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ വ്യക്തി ഒരുക്കിയ വിമാനത്തിലാണ് യാത്ര ചെയ്തതെന്നും സതീശൻ പറഞ്ഞു.

സ്വകാര്യ വ്യക്തികൾ ഒരുക്കുന്ന വാഹനങ്ങളിലും ഹെലികോപ്റ്ററുകളിലും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരത്തെയും യാത്ര ചെയ്തിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അത്തരം യാത്രകളിൽ വിമാനം ഒരുക്കിയവരുടെ പേര് പുറത്തുവിടണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മലയാളിയായ ഒരാളാണ് എനിക്ക് വിമാനം ഒരുക്കിയത്. അതിലെന്താണ് തെറ്റ്? ആവശ്യം വന്നാൽ ഇനിയും പോകും. അതിൽ തെറ്റുകാണുന്നില്ല. മുഖ്യമന്ത്രിക്ക് വിമാനം ഒരുക്കിയതിന്റെ പേരിൽ ഔദാര്യം ചോദിച്ചുവരുന്നവരല്ല അവർ,” സതീശൻ വ്യക്തമാക്കി. ഉമ്മൻചാണ്ടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ മുഖ്യമന്ത്രിമാരും ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാനം ഒരുക്കുന്നവർക്ക് സർക്കാർ പ്രത്യേക ആനുകൂല്യമൊന്നും നൽകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാൽ തന്നെ വിഷയത്തിൽ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ സർക്കാർ ചെലവിൽ ധൂർത്ത് പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും സതീശൻ പറഞ്ഞു. 2017ൽ വാങ്ങിയ വാഹനങ്ങളാണ് ഇപ്പോഴും പല മന്ത്രിമാരും ഉപയോഗിക്കുന്നത്. കെ.എം. ഷാജി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം തകരാറിലായതിനെ തുടർന്നാണ് സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നും മുൻപും മന്ത്രിമാർക്ക് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിമാരുടെ വിദേശയാത്രകളെയും മുഖ്യമന്ത്രി ന്യായീകരിച്ചു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ നടക്കുന്ന ഇത്തരം യാത്രകളെ താൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ് മന്ത്രിമാർ പോയതെന്നും അതിലൂടെ വ്യക്തിപരമായ ലാഭം പ്രതീക്ഷിച്ചല്ല യാത്രകളെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഔദ്യോഗിക യാത്രകളിലും ചെലവ് ചുരുക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലേക്ക് പോകുമ്പോൾ പോലും ഗൺമാനെ ഒപ്പം കൊണ്ടുപോകാറില്ലെന്നും ഡിജിപി എതിർത്തിട്ടും ഒരാൾക്ക് മാത്രം ടിക്കറ്റ് എടുത്താൽ മതിയാകുമെന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.

ഇതുവരെ നടത്തിയ ഹെലികോപ്റ്റർ, വിമാന യാത്രകൾക്കായി സർക്കാരിന്റെ പണം ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മലപ്പുറത്ത് ദുരന്തത്തിൽ ആറ് പേർ മരിച്ച സാഹചര്യത്തിലാണ് അവിടേക്ക് പോയത്. സ്ഥലത്തെത്താൻ മറ്റ് മാർഗങ്ങൾ ലഭ്യമല്ലാതായതോടെയാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ യാത്ര നടത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്വകാര്യവിമാനം ഉപയോഗിച്ചതെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം, ചിപ്‌സൺ കമ്പനിയുമായുള്ള ഹെലികോപ്റ്റർ കരാർ അവസാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹെലികോപ്റ്റർ അത്യാവശ്യമാണെന്ന് പൊലീസും മറ്റ് വിഭാഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരാർ തുക കുറയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img