
പതിറ്റാണ്ടുകൾക്ക് മുൻപാണ്.
സബ് എഡിറ്റർ തസ്തികയിൽ 'കേരളശബ്ദ'ത്തിന്റെ റിപ്പോർട്ടർ ട്രെയിനിയായി പ്രവേശിച്ച സമയം. കൊല്ലം കാവനാട്ട് റൂട്ടിൽ ജംഗ്ഷനിലെത്തും മുൻപ് ഇടത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലേക്ക് മാറി താമസിക്കുന്ന വളരെ പാവപ്പെട്ട കുടുംബത്തിലെ ഒരു യുവാവ് കൊല ചെയ്യപ്പെട്ടു. ഒരു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു അയാൾ. അന്നത്തെ കൂലിപ്പണി കഴിഞ്ഞു അരി, ഉപ്പ്, മുളക് തുടങ്ങിയ ആഹാരസാധനങ്ങൾ വാങ്ങി ഇരുൾവീണ നാട്ടുവഴിയിലൂടെ അവൻ വീട്ടിലേക്ക് നടക്കുകയായിരുന്നു. അവൻ ചെന്നിട്ടുവേണം കൊച്ച് ചെറ്റക്കൂരയിലെ അടുപ്പുപുകയാൻ. ആസ്ത്മാരോഗിയായ അമ്മയും, പത്തും, പതിനൊന്നും, പന്ത്രണ്ടും വയസ്സുള്ള മൂന്ന് പെങ്ങന്മാരും വിശന്നുപൊരിയുന്ന വയറുമായി അവനെ കാത്തിരിക്കുന്നുണ്ട്. (അച്ഛൻ വലിയ മൂപ്പര് ഏഴ് കൊല്ലം മുൻപ് തെങ്ങിൽ നിന്ന് വീണ് മരണമടഞ്ഞിരുന്നു).
നേരിയ നാട്ടുവെളിച്ചം വീണുകിടക്കുന്ന പൂഴിമൺ വഴിയിലൂടെ അവൻ ആഞ്ഞുനടന്നു.
പെട്ടെന്നാണ് ഒരു അഞ്ചംഗ സംഘം അവന് നേരെ ചാടിവീണത്. അവരുടെ കൈകളിൽ വെട്ടുകത്തി, സൈക്കിൾ ചെയിൻ, റൂൾത്തടി തുടങ്ങിയവ ഉണ്ടായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുൻപ് ആക്രോശിച്ചുകൊണ്ട് അവർ അവനെ വെട്ടിനുറുക്കുകയും, മർദ്ദിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തു. പ്രാണനുവേണ്ടി ദുർബ്ബലമായി പിടക്കാനല്ലാതെ ചെറുക്കാനോ പ്രത്യാക്രമിക്കാനോ നിലവിളിക്കാനോ ഉള്ള ശേഷി അവനില്ലായിരുന്നു. പൂഴിമണ്ണിൽ അവൻ നിമിഷങ്ങൾക്കകം മരിച്ചുവീണു. എന്തുതെറ്റാണ് താൻ ചെയ്തതെന്നോ, എന്തിനാണ് തന്റെ ജീവനെടുക്കുന്നതെന്നോ അവനറിയില്ലായിരുന്നു.
പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ ആസൂത്രിതമായി ആലോചിച്ച് നടത്തിയ നിഷ്ഠൂരമായ ആ കൊല വലിയ വിവാദമായി. അപ്പോഴാണ് ജനം മനസ്സിലാക്കുന്നത് അതൊരു ആളുമാറിക്കൊലയായിരുന്നുവെന്ന്. പ്രാദേശിക ആർ.എസ്.എസ് നേതാവായിരുന്നു ഉന്നം. ഒരു ഗുണ്ടാനേതാവിന്റെ നേതൃത്വത്തിൽ ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊലയാളി സംഘം പുറത്തുനിന്നുള്ളവരായിരുന്നതിനാൽ അവർക്ക് ഇരയെ പരിചയമില്ലായിരുന്നു. മുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട സാമാന്യം ഉയരമുള്ള ചെറുപ്പക്കാരൻ എന്നാണ് പറഞ്ഞിരുന്നത്. അത്തരമൊരാളെ കണ്ടപ്പോൾ യാതൊരു സന്ദേഹവുമില്ലാതെ അവർ കൃത്യം നടത്തുകയായിരുന്നു.
ഞാനും ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടിയും ഹതഭാഗ്യനായ ആ യുവാവിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട ദൃശ്യങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൊള്ളലോടെ മനസ്സിൽ പൊന്തിനിൽക്കുന്നു.
ഓലമേഞ്ഞ ഒരു കൂര. പലകയടിച്ച ചുവർ. ചാണകം മെഴുകിയ കൊച്ചുവരാന്ത. അതിൽ ഒരു സ്ത്രീയും മൂന്ന് പെൺകുട്ടികളുമിരിക്കുന്നു. കറുത്തുമെലിഞ്ഞ്, കൈലിയുടുത്ത അസ്ഥിപഞ്ജരമായ സ്ത്രീ കാൽമുട്ടുകളിൽ മുഖമമർത്തിയിരിക്കുന്നു. മുഖം നിർവ്വികാരം. മുഷിഞ്ഞുനിറം മങ്ങിയ പാവാടയും ബ്ലൗസുമിട്ട പെൺകുട്ടികളുടെ മുഖത്ത് അമ്പരപ്പും ഉൽക്കണ്ഠയും വിശപ്പിന്റെ തളർച്ചയും.
പാർട്ടി ഘടകങ്ങളുടെ പേരെഴുതിയ രക്തഹാരങ്ങളും ബൊക്കേകളും വച്ച കത്തുന്ന ചിത. മുറ്റത്ത് കുറേയേറെ ആളുകൾ കൂടി നിൽപ്പുണ്ട്. പ്രാദേശിക ടൗൺ പാർട്ടി നേതാക്കളും അണികളുമാണ്. ഒരു നേതാവ് സുദൃഢമായ ശബ്ദത്തിൽ പ്രസംഗിക്കുന്നു:
'വർഗ്ഗസമരത്തിൽ ശത്രുവിനെ തോൽപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാൻ പല മാർഗ്ഗങ്ങളും ഉപയോഗിക്കേണ്ടി വരും. ഭീഷണിയും താക്കീതും കൊണ്ട് നിന്നില്ലെങ്കിൽ അന്തിമമായ മാർഗ്ഗം തന്നെ പ്രയോഗിക്കേണ്ടി വരും. ഇവിടെ അതാണ് സംഭവിച്ചത്. നിർഭാഗ്യവശാൽ ആളുമാറിപ്പോയി... അതിൽ നിർവ്യാജം ഖേദിക്കുന്നു... എന്നു കരുതി ഹതഭാഗ്യനായ സഖാവിന്റെ നിർധന കുടുംബത്തെ കൈവിടുമെന്നോ, ഇതിവിടെ അവസാനിച്ചുവെന്നോ കരുതരുത്. ഈ കുടുംബത്തിനുവേണ്ടി ഒരു സഹായനിധി സംഭരിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം നിങ്ങളെ അറിയിക്കുന്നു. അതിന്റെ ആദ്യഗഡുവായി ഒരു തുക ഈ കുടുംബത്തിന് നൽകുകയാണ്.' അണികൾ കയ്യടിച്ചു. ഉച്ചത്തിൽ ഇൻക്വിലാബ് മുഴക്കി.
നേതാവ് ഒരു കവറുമായി, കൂനിപ്പിടിച്ചിരിക്കുന്ന അമ്മയുടെ അടുത്തേയ്ക്ക് നീങ്ങി. രണ്ട് കൈകൾ കൊണ്ട് കവർ അവർക്ക് നേരേ വീശി. ശൂന്യതയിലേക്ക് നോക്കി നിർവ്വികാരതയോടെ ഇരുന്നതല്ലാതെ അവർ ചലിച്ചില്ല. നേതാവ് ഒന്നിരുത്തി നോക്കിയിട്ട്, പെൺകുട്ടികളുടെ നേരെ നോക്കി. അവരും പ്രതികരിച്ചില്ല. ചാണകം മെഴുകിയ തിണ്ണമേൽ കവർ വച്ചിട്ട് നേതാവ് തിരിഞ്ഞുനടന്നു. പിറകേ അണികളും.
പുല്ലുവളർന്ന ആ മുറ്റത്ത് ഞങ്ങളും ആ കുടുംബവും മാത്രമായി. വിങ്ങുന്ന മനസ്സോടെ തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ, ഞാൻ തിരിഞ്ഞുനോക്കി.
എന്തിനെന്നറിയാതെ ജീവൻ വെടിയേണ്ടി വന്ന ആ സാധു ചെറുപ്പക്കാരന്റെ ചിത അപ്പോഴും കത്തിത്തീർന്നിരുന്നില്ല.
അനുബന്ധം: ഇതിനെ അവലംബമാക്കി ഞാനൊരു കൊച്ചുകഥ എഴുതിയിരുന്നു. ഇതിന്റെ അവസാനത്തിൽ ഏറ്റവുമിളയ പെൺകുട്ടി ആ കവർ ചിതയിലേക്ക് വലിച്ചെറിയുകയാണ്.










