
ദോഹ: ആധുനിക ഖത്തറിന്റെ വികസന വിപ്ലവത്തിന് അടിത്തറയിട്ട മുൻ അമീറും 'ഫാദർ അമീറു'മായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ (74)വിയോഗവാർത്തയിൽവിതുമ്പിരാജ്യം. രാജ്യത്തെ അഗാധമായ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അമീരി ദിവാനാണ് ഞായറാഴ്ച രാവിലെ ഫാദർ അമീറിന്റെ വിയോഗവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പിതാവാണ്.തങ്ങളുടെ പ്രിയപ്പെട്ട ജനനായകന്റെ വിയോഗവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഖത്തർ ഒന്നടങ്കം കണ്ണീരിലായി. വികസനക്കുതിപ്പിലൂടെയുംദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങളിലൂടെയും മരുഭൂമിയിലെ ഒരു കൊച്ചുരാജ്യത്തെ ആഗോളശക്തിയായി വളർത്തിയെടുത്ത ഭരണാധികാരിയുടെ വിയോഗവാർത്ത സ്വദേശികളും വിദേശികളുമടക്കം ഖത്തറിലെ മുഴുവൻ ജനവിഭാഗങ്ങളും വലിയ നടുക്കത്തോടെയും വേദനയോടെയുമാണ് ശ്രവിച്ചത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഭരണാധികാരികൾ ഖത്തറിലേക്കും അമീരി കുടുംബത്തിലേക്കും തങ്ങളുടെ അനുശോചനങ്ങൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്.ആഗോള മാധ്യമരംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിച്ച 'അൽ ജസീറ' നെറ്റ്‌വർക്ക് ആരംഭിച്ചത് ഷെയ്ഖ് ഹമദിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണകാലത്തായിരുന്നു. വിദേശനയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം, പല അന്താരാഷ്ട്ര തർക്കങ്ങളിലും ദോഹയെ ഒരു നിഷ്പക്ഷ മധ്യസ്ഥനായി ഉയർത്തിക്കാട്ടുന്നതിൽ വിജയിച്ചു. അറബ് ലോകത്ത് ആദ്യമായി 2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ വിജയകരമായ യാത്രയ്ക്ക് അടിത്തറയിട്ടതും അദ്ദേഹത്തിന്റെ നേതൃത്വമായിരുന്നു.
അധികാരമോഹങ്ങൾക്കപ്പുറം പുതിയ തലമുറയുടെ കഴിവിൽ വിശ്വസിച്ച അപൂർവ്വ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2013-ൽ അറബ് ലോകത്തെ ഭരണചരിത്രത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം തന്റെ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി സ്വമേധയാ അധികാരം ഒഴിഞ്ഞുകൊടുത്തു. വികസന പ്രക്രിയ പുതിയ ഊർജ്ജത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ യുവതലമുറയ്ക്ക് സാധിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു മരുഭൂമി രാഷ്ട്രത്തെ ആഗോള സാമ്പത്തിക-നയതന്ത്ര കേന്ദ്രമാക്കി മാറ്റിയ നായകനെയാണ് ഷെയ്ഖ് ഹമദിന്റെ വിയോഗത്തിലൂടെ ഖത്തറിന് നഷ്ടമായിരിക്കുന്നത്.










