07:15pm 21 April 2026
NEWS
ഗസ്സയിൽ സമാധാനക്കരാർ അട്ടിമറിക്കുന്നു... നിരപരാധികളെ ഇസ്രയേൽ വീണ്ടും വേട്ടയാടുന്നു
01/11/2025  10:42 PM IST
പ്രദീപ് ഉഷസ്സ്
ഗസ്സയിൽ സമാധാനക്കരാർ അട്ടിമറിക്കുന്നു... നിരപരാധികളെ ഇസ്രയേൽ വീണ്ടും വേട്ടയാടുന്നു
HIGHLIGHTS

 

 ട്രംപിന്റെ സമാധാനവാദം തട്ടിപ്പ്. ഇസ്രയേൽ ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിച്ച് ലോകം പലസ്തീനിനൊപ്പം...
പ്രൊഫ. എ.പി. അബ്ദുൾ വഹാബ് 
(നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്) 
''ഗസ്സയിലെ വെടിനിർത്തലിനേയും സമാധാന പ്രവർത്തനങ്ങളേയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിസ്സഹായരായവരെ ഏകപക്ഷീയമായി വീണ്ടുമവർ വെടിവച്ച് വീഴ്ത്തുകയാണ്.. ബോധപൂർവ്വം പ്രകോപനങ്ങൾ സൃഷ്ടിക്കാൻ തന്നെയാണ് ഇസ്രായേലിന്റെ നീക്കം. ഈ സന്ദർഭത്തിൽ, ഏറ്റവും ഭീകരമായ വംശഹത്യകൾ നേരിട്ടുകൊണ്ടിരിക്കുന്ന പലസ്തീൻ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയെന്നത് ഏതൊരു മനുഷ്യസ്‌നേഹിയുടേയും കടമയാണ്. ഇസ്രയേൽ ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ലോകത്തെമ്പാടുമുയരുന്ന ആഹ്വാനങ്ങൾക്കൊപ്പം നിലകൊണ്ട് പലസ്തീൻ പോരാളികളെ മനസ്സുകൊണ്ടെങ്കിലും ചേർത്ത് പിടിക്കാൻ നമുക്ക് കഴിയും...' - നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബ് പറഞ്ഞു.
 
പലസ്തീൻ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമേകേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് 'കേരളശബ്ദം' മലബാർ ചീഫ് കറസ്‌പോണ്ടന്റ് പ്രദീപ് ഉഷസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ കൂടിക്കാഴ്ചയിൽ നിന്ന്...
 
? ഗസ്സയിൽ നടന്നത് യുദ്ധമല്ല, ആസൂത്രിത വംശഹത്യയാണെന്ന് പറയാൻ എന്താണ് കാരണം?
 
നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യയാണ് ഗസ്സയിൽ നടമാടുന്നത്. അത് യുദ്ധമല്ല; ഏകപക്ഷീയമായ മനുഷ്യക്കുരുതി തന്നെയായിരുന്നു. സമാധാന പ്രഖ്യാപനത്തിന് ശേഷവും ആ വേട്ട തുടരുക തന്നെയാണ്. രണ്ടാംലോക മഹായുദ്ധത്തിൽ മൊത്തം ഉപയോഗിച്ചതിനേക്കാളേറെ ബോംബുകൾ, ഒരു ജനതയ്ക്ക് മേൽ നിർബാധം ചൊരിയുകയായിരുന്നു. നിഷ്ഠൂരമായ ഉപരോധത്താൽ അവരെ പട്ടിണിക്കിട്ടു. ആശുപത്രികളെ തകർത്ത് തരിപ്പണമാക്കി. പരിക്കേറ്റവരെ മരണത്തിലേക്ക് ബോധപൂർവ്വം വലിച്ചെറിഞ്ഞു. മനുഷ്യത്വത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ നരനായാട്ട്.
 
യുദ്ധമുണ്ടാകുമ്പോൾ, സൈനികർ തമ്മിലാണല്ലോ ഏറ്റുമുട്ടൽ ഉണ്ടാകേണ്ടത്. പക്ഷേ, ഗസ്സയിൽ ഇസ്രയേൽ പട്ടാളം ലക്ഷ്യമാക്കിയത് സാധാരണക്കാരെയാണ്; സ്ത്രീകളേയും കുട്ടികളേയുമാണ്. തലമുറകളെ തകർക്കുക തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ആസൂത്രിത വംശഹത്യയിൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. ഗസ്സയിൽ വേട്ടയാടപ്പെട്ടത് മനുഷ്യത്വമാണ്. അതുകൊണ്ടാണ് ലോകം ഒറ്റക്കെട്ടായി പ്രതികരിച്ചത്. ഇസ്രായേലിന്റെ പൈശാചികതയ്‌ക്കെതിരെ, ലോകമെമ്പാടും ലക്ഷോപലക്ഷം ജനങ്ങളാണ് പ്രതിഷേധമുയർത്തി തെരുവിലിറങ്ങിയത്.
 
സമാധാന നീക്കങ്ങൾ അട്ടിമറിക്കുന്നു
 
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നപ്പോൾ, മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെല്ലാം ആശ്വാസപൂർവ്വമാണതിനെ എതിരേറ്റത്. ചോരയിൽ കുതിർന്ന കുഞ്ഞുങ്ങൾ അടക്കമുള്ളവരുടെ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ ഇനി കാണേണ്ടി വരില്ലല്ലോ എന്നാണേവരും കരുതിയിരുന്നത്. എന്നാൽ സമാധാന പ്രഖ്യാപനം വന്നിട്ടും, ക്രൂരത നിർത്താൻ ഇസ്രായേൽ തയ്യാറായിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
 
ഗാസ്സനഗരത്തിലെ സൈത്തൂനിൽ, തങ്ങളുടെ നിലംപരിശായ വീട് കാണാനായി പതിനൊന്ന് പേരടങ്ങിയ കുടുംബം പോയിരുന്നു. വെടിനിർത്തൽ കരാർ നിലവിൽ വന്നതിനാൽ അപകടമുണ്ടാകില്ല എന്ന കണക്കുകൂട്ടലിലായിരുന്നു അവർ. എന്നാൽ, ഒരു കൂട്ടം സ്ത്രീകളും, കുട്ടികളും മുന്നോട്ട് നീങ്ങുന്നത് കണ്ടപ്പോൾ ചോരക്കൊതിയുള്ള പട്ടാളത്തിന് സഹിച്ചില്ല. ആ നിസ്സഹായരുടെ നെഞ്ചിന് നേരെയവർ കാഞ്ചിവലിച്ചു. ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം പതിനൊന്ന് പേരാണവിടെ പിടഞ്ഞുവീണ് മരിച്ചത്. ഈ നിഷ്ഠൂരതയെ എന്ത് പേരുപറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്... ഗാസ്സയിലെ പല കോണുകളിലും ഈവിധത്തിലുള്ള ഏകപക്ഷീയമായ വേട്ടയാടലുകൾ ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുകയാണ്; ഇപ്പോഴും.
അമേരിക്കയ്ക്ക് യുദ്ധവും കച്ചവടം
 
? സമാധാനപ്രവർത്തനങ്ങൾ നടത്തിയത് തന്റെ നേതൃത്വത്തിലായിരുന്നുവെന്നല്ലേ ട്രംപിന്റെ അവകാശവാദം.
 
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾ വളരെയധികം സംശയാസ്പദമാണ്. കാരണം അടിസ്ഥാനപരമായി ട്രംപ് ഒരു കോർപ്പറേറ്റ് മാഗ്നറ്റാണ്. ഗാസ്സയെക്കുറിച്ച് ആദ്യകാലങ്ങളിൽ അദ്ദേഹം നടത്തിയ പരാമർശങ്ങളിൽ പ്രധാനം ഗസ്സയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കും എന്നതായിരുന്നു. ആ നിലപാട് ഇന്നും അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ അദ്ദേഹം ആവർത്തിക്കുന്നതും ഇതേ ലക്ഷ്യം തന്നെയാണ്. അതിനുള്ള ചുമതല അദ്ദേഹം നൽകിയിരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെയാണ്.
 
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേക്കാൾ ചെറിയ പ്രദേശമാണ് ഗസ്സ. ഫലഭൂയിഷ്ടമായ, പ്രകൃതിവിഭവങ്ങൾ നിറഞ്ഞ, അതിമനോഹരമായ ഇടം. അത് സ്വന്തമാക്കാൻ ആഗോള ഗൂഢാലോചന തന്നെ നടന്നിട്ടുമുണ്ട്. അതിന് മുഖ്യകാർമ്മികത്വം വഹിച്ചതാകട്ടെ ഡൊണാൾഡ് ട്രംപും. ഗസ്സ, ഗസ്സയിലെ നിവാസികളുടേതാണ്, അവിടെ ട്രംപിനും, ടോണിബ്ലയറിനുമെല്ലാം എന്താണ് കാര്യം.
 
യുദ്ധത്തെ കച്ചവടമാക്കുന്ന രാഷ്ട്രമാണ് അമേരിക്ക. ആയുധ മാർക്കറ്റിനെ അടക്കിഭരിക്കുന്നത് അമേരിക്കയാണ്. എവിടെ യുദ്ധം നടന്നാലും അത് അമേരിക്കയ്ക്ക് ലാഭക്കച്ചവടമാണ്. ഒരു നാടിനെ തകർക്കാം, അതിൽ ലാഭം അമേരിക്കയ്ക്ക്, തകർത്ത നാടിനെ പുനഃസൃഷ്ടിക്കാം. അതിലും ലാഭം അമേരിക്കയ്ക്ക്. ഇതൊന്നും വെറുതെ പറയുന്നതല്ല, എത്രയെത്ര ഉദാഹരണങ്ങൾ ഉണ്ട് നമുക്ക് ചുറ്റിലും.
 
ഇറാഖ് യുദ്ധകാലം മറക്കാൻ കഴിയുമോ? ബോംബ് വർഷത്താൽ ഇറാഖ് തകർന്ന് തരിപ്പണമായി. സദ്ദാംഹുസൈൻ പിടിക്കപ്പെട്ടു, പിന്നീട് വധിക്കപ്പെട്ടു. ഇറാഖിനെ തകർക്കാൻ മുൻനിരയിൽ നിന്ന അമേരിക്ക, യുദ്ധം അവസാനിച്ചശേഷം, ശിഥിലമാക്കപ്പെട്ട ഇറാഖിന്റെ പുനരധിവാസപ്രവർത്തനങ്ങൾ നടത്താനുള്ള പ്രവർത്തനങ്ങളും ഏറ്റെടുത്തു. അതിനുള്ള കാർമ്മികത്വമെല്ലാം അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ നേതൃത്വത്തിലായിരുന്നു. ലോകോത്തര കൺസ്ട്രക്ഷൻ കമ്പനിയായ ആൽബർട്ടൺ ആണത് ഏറ്റെടുത്ത് നടത്തിയത്. ബുഷ് അടക്കമുള്ളവർ ആ കമ്പനിയുടെ ഡയറക്ടർമാർ ആയിരുന്നുവെന്നതും നാം അറിയേണ്ടതുണ്ട്.
 
ഇനി ഗാസ്സയിൽ അരങ്ങേറാൻ പോകുന്നതും ഈവിധം കാഴ്ചകൾ തന്നെയായിരിക്കും. ഒരു ചെറിയ കെട്ടിടംപോലും അവശേഷിക്കാത്ത വിധത്തിൽ, ഗസ്സയിൽ എല്ലാം തകർന്ന് തരിപ്പണമാക്കിക്കഴിഞ്ഞിരിക്കുകയാണ്. ആ ഗസ്സയെ പുനർനിർമ്മിക്കാനുള്ള നീക്കമാണ് ഇനി നടക്കാൻ പോകുന്നത്. അതിന്റെ കാർമ്മികത്വം അമേരിക്കയ്ക്ക് തന്നെ. ഇസ്രായേലിന് ആയുധമടക്കം എല്ലാ പിന്തുണയും നൽകിയ അമേരിക്ക തന്നെയാണ്, ഇപ്പോൾ സമാധാന പ്രഖ്യാപനവും, പുനർനിർമ്മാണ നീക്കവുമൊക്കെയായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. തകർക്കുക; പിന്നീട് പുനർനിർമ്മിക്കുക. ഇറാഖിന്റെ തനിയാവർത്തനം തന്നെയായിരിക്കും ഗസ്സയിലും ഇനിയുണ്ടാവുക എന്നതുറപ്പാണ്.
 
ട്രംപിന്റെ മദ്ധ്യസ്ഥതയിലും ദുരൂഹതകൾ
 
? അമേരിക്കയുടെയും, ട്രംപിന്റെയും മധ്യസ്ഥ നീക്കങ്ങൾക്ക് പിന്നിലെന്താണ്.
 
ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ, യഥാർത്ഥത്തിൽ സംശയത്തിന്റെ ഒട്ടേറെ കരിനിഴലുകൾ ഉണ്ട്. ഏഴ് യുദ്ധങ്ങൾ തന്റെ മുൻകയ്യിൽ അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ അവകാശവാദം. വാസ്തവത്തിൽ ഈ യുദ്ധങ്ങളത്രയും യു.എസ് സ്വമേധയാ അടിച്ചേൽപ്പിച്ചതും അമേരിക്കൻ മേൽക്കോയ്മ അരക്കിട്ടുറപ്പിക്കാൻ ആസൂത്രണം ചെയ്യപ്പെട്ടവയുമാണ്. ഇസ്രായേലിന്റെ കാര്യത്തിൽ, ഏറ്റവും വലിയ സായുധ പിന്തുണ അമേരിക്കയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. ലോകത്തെ അഞ്ചാമത്തെ, മികച്ച വ്യോമസേനയുള്ള രാജ്യമാണ് ഇസ്രയേൽ. ആ വ്യോമശക്തിയത്രയും അമേരിക്കയുടേതാണ്.
 
അറബ് രാജ്യങ്ങളോടുള്ള ഇസ്രയേൽ യുദ്ധങ്ങളിലത്രയും ഉപയോഗിച്ചത് അമേരിക്കൻ ആയുധങ്ങൾ ആണ്. ഗസ്സയിൽ ചൊരിഞ്ഞ ബോംബ് കൂമ്പാരവും അമേരിക്കയുടേതാണ്. അമേരിക്ക ആത്മാർത്ഥത കാണിച്ചിരുന്നുവെങ്കിൽ, ഈ യുദ്ധം എന്നേ അവസാനിക്കുമായിരുന്നു. ഇപ്പോൾ ലോകാഭിപ്രായം തീർത്തും തങ്ങൾക്കെതിരാണെന്നും തങ്ങൾ ഒറ്റപ്പെടുകയാണെന്നും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ യുദ്ധവിരാമനീക്കങ്ങൾ ഉണ്ടായതെന്ന് കരുതുന്നതിൽ എന്താണ് തെറ്റ്. ഇതെല്ലാം ബോധപൂർവ്വം മറച്ചുവെച്ചാണ് താൻ സമാധാനത്തിന്റെ പതാകവാഹകൻ ആണെന്ന് സമർത്ഥിക്കാൻ ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
 
? യുദ്ധവിരുദ്ധവികാരം അമേരിക്കയിലും ശക്തമല്ലേ.
 
അതേ. യുവതലമുറയിൽ ഭൂരിപക്ഷം പേരും യുദ്ധത്തിനെതിരാണ്. അതുകൊണ്ടാണ് അമേരിക്കയിൽ പോലും ശക്തമായ യുദ്ധവിരുദ്ധ വികാരം ഇപ്പോൾ അലയടിക്കുന്നത്. ന്യൂയോർക്കിൽ നടന്ന യു.എൻ. സമ്മിറ്റിൽ അംഗരാജ്യങ്ങൾ പ്രകടിപ്പിച്ച വികാരവും, അമേരിക്കയുടെ നിലപാടുകളെ സ്വാധീനിച്ചെന്ന് കരുതാം. നെതന്യാഹുവിന്റെ പ്രസംഗത്തെ ഭൂരിപക്ഷം അംഗങ്ങളും ബഹിഷ്‌ക്കരിച്ചത് മറക്കാൻ കഴിയില്ലല്ലോ. യു.എന്നിന്റെ ഇന്നോളമുള്ള ചരിത്രത്തിൽ ഇങ്ങനെയൊരു പ്രതികരണം ആദ്യമായിട്ടാണ്. ഇതൊക്കെയാണെങ്കിലും അമേരിക്കൻ സഹായം ഇസ്രായേലിന് ഇനിയുമുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. യു.എസ് ഭരണകൂടത്തെ താങ്ങിനിർത്തുന്നത്, ലോകോത്തര ബഹുരാഷ്ട്ര കുത്തകകൾ ആണെന്നതും, യു.എസ് ഭരണാധികാരികൾക്ക് കൂടി പങ്കാളിത്തമുള്ള ഈ കുത്തക കോർപ്പറേറ്റുകളെ നിയന്ത്രിക്കുന്നത്, ലോകത്തെമ്പാടുമുള്ള, അതീവസമ്പന്നരായ, ജൂതലോബിയാണെന്നതും തന്നെയാണ് അതിന്റെ കാരണം.
 
ഗസ്സയ്ക്ക് നേരെ ഉതിർത്ത വെടിയുണ്ടകൾ
 
? യുദ്ധത്തിന് തുടക്കം കുറിച്ചത് ഹമാസല്ലേ.
 
ഒരിക്കലുമല്ല. ലോകത്തെ ഇസ്രയേൽ അപ്രകാരം തെറ്റിദ്ധരിപ്പിച്ചതാണ്. ഇസ്രയേൽ ഒരു കോളനിയായിട്ടാണ് ഗസ്സയെ കണ്ടുപോന്നിരുന്നത്. 18 വർഷത്തിലധികമായി ഗസ്സ കടുത്ത ഉപരോധത്തിലാണ്. 45 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള ഒരു കൊച്ചുപ്രദേശമാണ് ഗസ്സ. 25 ലക്ഷത്തോളമാണ് അവിടുത്തെ ജനസംഖ്യ. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണിത്. ഈ കൊച്ചുപ്രദേശത്തെയാണ് ഇസ്രായേൽ വർഷങ്ങളായി വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നത്.
 
മൂന്ന് ഭാഗത്തുമുള്ള കൂറ്റൻ മതിൽക്കെട്ടുകൾക്കുള്ളിലാണ് ഗസ്സ. മുന്നിലാകട്ടെ കടലും. മതിൽക്കെട്ടിന് മുകളിൽ ഇരുമ്പുവേലിയാണ്. 100 മീറ്റർ അകലത്തിൽ വീണ്ടും ഇരുമ്പു വേലി. സെൻസർ ഘടിപ്പിച്ച കൂറ്റൻ ടവറുകൾ, ശക്തിയേറിയ ക്യാമറകൾ, ക്യാമറകൾ ഘടിപ്പിച്ച ബലൂണുകളും, ആകാശനിരീക്ഷണത്തിനായി ഡ്രോണുകളും. ഇങ്ങനെ സദാ ക്യാമറ നിരീക്ഷണത്തിലാണ് ഗസ്സ. മരുന്നിനും കുടിവെള്ളത്തിനും വൈദ്യുതിക്കുമെല്ലാം കടുത്ത നിയന്ത്രണമാണ്. സഞ്ചാരസ്വാതന്ത്ര്യത്തിനും കടുത്ത നിയന്ത്രണങ്ങളാണ്.
 
അധിനിവേശ ഇസ്രായേലിലെ അഴുക്കുവെള്ളം കൂറ്റൻ പൈപ്പുകളിൽ ഗസ്സയിലേക്ക് തുറന്നുവിടുക പതിവാണ്. ആയിരക്കണക്കിന് ഗസ്സക്കാരെ ഇസ്രായേൽ പിടിച്ചുകൊണ്ടുപോയി ജയിലിൽ അടച്ചിട്ടുണ്ട്. കൊച്ചുകുട്ടികൾ പോലും ഇസ്രായേൽ ജയിലിലുണ്ട്. കൊടിയ ശാരീരിക പീഡനങ്ങളും ലൈംഗിക അതിക്രമങ്ങൾക്കുമവർ വിധേയമാക്കപ്പെട്ടിട്ടുണ്ട്.
 
? ഈ വിധം ക്രൂരതകൾ വലിയ തോതിൽ പുറംലോകത്തെത്താതെ പോയത് എന്തുകൊണ്ടാണ്.
 
ഇസ്രായേലിന്റെ ക്രൂരതകളെ വലിയ തോതിൽ ലോകമാധ്യമങ്ങൾ തമസ്‌ക്കരിക്കുകയായിരുന്നു. സി.എൻ.എൻ, എ.ബി.സി, എൻ.ബി.സി, സി.ബി.എസ്.സി.എൻ തുടങ്ങിയ വൻകിട ചാനലുകളും, ടൈം വീക്കിലി, ന്യൂയോർക്ക് ടൈംസ്, വാഷിംഗ് ടൺ പോസ്റ്റ്, ലോസ് ആഞ്ചൽസ് ടൈംസ്, വാൾസ്ട്രീറ്റ് തുടങ്ങിയ പത്രങ്ങളും ഇസ്രായേലിനോട് പക്ഷപാതിത്വം പുലർത്തുന്ന മാധ്യമങ്ങളാണ്. ഇവരുടെ ഇടപെടലുകൾ മൂലം ഇസ്രായേലിന്റെ ക്രൂരതകളെ വെള്ളപൂശുക മാത്രമല്ല, സമർത്ഥമായത് മറച്ചുപിടിക്കുകയും ചെയ്യുന്നു.
 
ചില ഉദാഹരണങ്ങൾ മാത്രം നോക്കൂ, ഒരു പെരുന്നാൾ ദിനത്തിലാണ് ഇസ്രായേൽ പട്ടാളം ഒരു പ്രകോപനവുമില്ലാതെ കുട്ടികൾക്ക് നേരെ നിറയൊഴിച്ചത്. ഒൻപത് കുട്ടികളാണ് തൽക്ഷണം കൊല്ലപ്പെട്ടത്. മറ്റൊരിക്കൽ ഗസ്സയിലെ നെറ്റ്‌സരീം ജംഗ്ഷനിൽ പന്ത്രണ്ട് വയസ്സ് പ്രായമുള്ള മുഹമ്മദ് ദുർ എന്ന കുട്ടിയെ സ്വന്തം പിതാവിന്റെ മുന്നിൽവച്ചാണ് വെടിവച്ച് വീഴ്ത്തിയത്.
ശൈഖ് റ്ദവാൻ എന്ന സ്ഥലത്ത്, ഒരു വലിയ ഫ്‌ളാറ്റ് സമുച്ചയം തന്നെ ഇസ്രായേൽ പട്ടാളം നിലംപരിശാക്കി. അവിടുത്തെ മുഴുവൻ പേരും മരിച്ചു. ഗസ്സ ബീച്ചിൽ കളിച്ചിരുന്ന ഏഴുകുട്ടികളെയാണ് സുരക്ഷാകാരണം പറഞ്ഞ് പട്ടാളം വെടിവച്ചുകൊലപ്പെടുത്തിയത്. ഈവിധത്തിൽ നൂറുകണക്കിന് നിഷ്ഠൂര കൊലപാതകങ്ങളാണ് ഗസ്സയിൽ അരങ്ങേറിയത്. പക്ഷേ, ലോകോത്തര മാധ്യമങ്ങൾ ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. ഫ്രാൻസ്2 പോലെയുള്ള ചാനലുകൾ മാത്രമാണ് കുറച്ചെങ്കിലും പുറംലോകത്തെത്തിച്ചത്. ഈവിധത്തിൽ എത്രയെത്ര അനുഭവങ്ങൾ.
 
അയലന്ത് ഷാക്കിദ് എന്ന പാർലമെന്റ് അംഗം, ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ ഒരിക്കൽ പറഞ്ഞു.
'മുഴുവൻ പലസ്റ്റീൻ സ്ത്രീകളേയും കൊല്ലുക, അവരാണ് വിഷപ്പാമ്പുകളെ പെറ്റുകൂട്ടുന്നത്.' എത്ര ക്രൂരമായ മനുഷ്യത്വവിരുദ്ധതയാണിത്. എന്നിട്ടും ലോകമാധ്യമങ്ങൾ എന്ന് മേനിനടിക്കുന്നവർക്ക് ഇതൊന്നും വാർത്തയേ അല്ലെന്നതാണ് ഞെട്ടിപ്പിക്കുന്നത്. യുദ്ധകാലത്ത് മുന്നൂറിലധികം മാധ്യമപ്രവർത്തകരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. തെരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങൾ ആയിരുന്നു അതിലേറെയും. ലോകോത്തര മാധ്യമങ്ങൾ എന്ന് അഭിമാനിക്കുന്നവർ ഈവിധം കാഴ്ചകൾക്ക് നേരെയും ബോധപൂർവ്വം കണ്ണടയ്ക്കുകയായിരുന്നു.
 
? പലസ്തീന്റെ ചെറുത്തുനിൽപ്പിനെ 'ഹമാസ്' എന്നതിലേക്ക് മാത്രം ചുരുക്കിക്കാണിക്കുന്നത് എന്തുകൊണ്ടാണ്.
 
ഹമാസ് സ്ഥാപിക്കപ്പെടുന്നത് 1987 ലാണ്. അതിന് എത്രയോമുമ്പ് തന്നെ പലസ്തീൻ സമൂഹത്തിൽ ശക്തമായ പ്രതിരോധം, രാഷ്ട്രീയമായും സൈനികമായും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 1948 മുതൽ ഉയർന്നുവന്ന ആവിധം പ്രതിരോധങ്ങളെ ആധുനിക ആയുധങ്ങളുടെ മേൽക്കയ്യിൽ ഇസ്രായേൽ പട്ടാളം അതെല്ലാം അടിച്ചമർത്തുകയായിരുന്നു. 1964 ൽ യാസർ അറഫാത്ത് ജന്മം നൽകിയ പി.എൽ.ഒ(പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ) ചെറുത്തുനിൽപ്പിന് പുതിയ മാനം നൽകിയ ജനകീയ പ്രതിരോധ പ്രസ്ഥാനമാണ്. 2004 ൽ അറഫാത്തിന്റെ മരണത്തോടെ, പി.എൽ.ഒയുടെ ജനകീയ മുഖവും, അടിത്തറയും ഗണ്യമായി നഷ്ടപ്പെടുകയാണുണ്ടായത്.
 
പിന്നീട് ഉയർന്നുവന്നത്, പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഫത്തഹ് പാർട്ടിയാണ്. ആദ്യഘട്ടത്തിൽ പ്രതിരോധത്തിലും പോരാട്ടത്തിലും വിശ്വസിച്ചിരുന്ന ഫത്തഹ് പാർട്ടി ക്രമേണ ഇസ്രായേൽ അധിനിവേശത്തെ അംഗീകരിക്കുന്ന വിധത്തിലേക്ക് മാറി. പലസ്തീനിയൻ ഇസ്ലാമിക്ക് ജിഹാദ്, പോപ്പുലർ ഫ്രന്റ് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ, ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ, അബുനിദാൽ ഓർഗനൈസേഷൻ തുടങ്ങി ഒട്ടേറെ പ്രതിരോധഗ്രൂപ്പുകളും ഉയർന്നുവന്നിരുന്നു.
 
ഗ്രീക്ക് ഓർത്തഡോക്‌സ് ക്രിസ്ത്യനായ ജോർജ്ജ് ഹബാഷ് നേതൃത്വം നൽകിയിരുന്ന പോപ്പുലർ ഫ്രന്റ് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീനായിരുന്നു കൂടുതൽ പ്രബലമായ പ്രതിരോധ പ്രസ്ഥാനം. എന്നാൽ ഹബാഷിന്റെ വേർപാടോടെ, ആ പ്രസ്ഥാനത്തിനും ശക്തി കുറഞ്ഞു.
ഈ വിടവിലേക്കാണ് ഹമാസിന്റെ രംഗപ്രവേശനം. അധികം വൈകാതെ ഹമാസിന് വലിയ ജനകീയാടിത്തറയുമുണ്ടായി. ഗസ്സ മുനമ്പിലെ ഭരണം, തെരഞ്ഞടുപ്പടിസ്ഥാനത്തിൽ, ഹമാസിന്റെ കൈകളിൽ എത്തിച്ചേരുകയും ചെയ്തു. ഹമാസിന്റെ പ്രവർത്തനങ്ങളെ മതത്തിന്റെ മുഖം മാത്രം നൽകി ചുരുക്കിക്കെട്ടാനാണ് സാമ്രാജ്യത്വ മാധ്യമങ്ങൾ ശ്രമിച്ചത്. പലസ്തീൻ പ്രതിരോധത്തെ ഭീകരപ്രവർത്തനമായും, പലസ്തീൻ പോരാളികളെ ഭീകരവാദിയുമായി ചിത്രീകരിക്കുന്ന അന്തരീക്ഷം, കോർപ്പറേറ്റ് മാധ്യമങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയായിരുന്നു. പലസ്തീനിന്റെ ചെറുത്തുനിൽപ്പിനെ 'ഇസ്ലാമിക്ക് ജിഹാദ്' ആയും, ഇസ്രായേലിന്റെ കടന്നാക്രമണത്തെ പ്രതിരോധമായും ചിത്രീകരിച്ചതും ഇതേ മാധ്യമങ്ങൾ തന്നെയാണ്.
 
? ഗസ്സയിലെ ഈ ചെറുത്തുനിൽപ്പിന്റെ പ്രാധാന്യമെന്താണ്?
 
കോർപ്പറേറ്റ് ശക്തികളുടെ പിൻബലത്തോടെ ഇസ്രായേൽ നടത്തിയ അതിക്രൂരവും മനുഷ്യത്വരഹിതവുമായ കടന്നാക്രമണങ്ങളെ കൂസാതെയാണ് ഗസ്സയിൽ ചെറുത്തുനിൽപ്പുയർന്നത്. അത് വിമോചനപ്പോരാട്ടങ്ങൾക്ക് പുതിയ മാനം നൽകിയെന്നതാണ് യാഥാർത്ഥ്യം. അതിനിഷ്ഠൂരവൂം പൈശാചികവുമായ കൂട്ടക്കുരുതിയാണ് ഗസ്സയിലെ ജനങ്ങൾക്ക് മേൽ നടന്നത്. അതിന് ഇപ്പോൾ വിരാമമായി എന്ന് വിശ്വസിക്കാനും കഴിയില്ല. ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളും, ആവിധത്തിലുള്ള ഇസ്രായേൽ ക്രൂരതകളെക്കുറിച്ച് തന്നെയാണ്.
 
ഇസ്രായേലിന്റെ ചരിത്രം നിരന്തരമായ കരാർ ലംഘനത്തിന്റേതാണ്. ഐക്യരാഷ്ട്ര സഭയെയോ, ലോക കോടതിയെയോ, ലോകാഭിപ്രായത്തെയോ ഇസ്രായേൽ അൽപ്പവും മാനിക്കാറില്ല. യു.എസ് ഭരണകൂടത്തോട് മാത്രമാണ് ഇസ്രായേലിന് വിധേയത്വമുള്ളത്. അതേസമയം ഗസ്സയിലെ സംഭവവികാസങ്ങൾ ലോകമാസകലം, ഇസ്രായേലിന് എതിരായ പുതിയൊരു ആഖ്യാനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മാനവികതയുടെ മഹത്തായ പ്രതികരണം തന്നെയാണിത്. ലോകത്തെമ്പാടും ഗസ്സയ്ക്ക് അനുകൂലമായി പ്രതികരണങ്ങൾ ഉയർന്നുവെന്നത് ചെറിയ കാര്യമല്ല.
യുദ്ധവിരുദ്ധ ജ്വാലകൾ ഉയർത്തി അമേരിക്കൻ ക്യാമ്പസുകൾ വരെ ഇളകിമറിഞ്ഞു. ബ്രിട്ടണിലും, ഫ്രാൻസിലും, സർക്കാർ വിലക്കുകളെ ലംഘിച്ച് ജനം തെരുവിലിറങ്ങി. ഇറ്റലി, ഗ്രീസ്, ബെൽജിയം തുടങ്ങിയിടങ്ങളിൽ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് ഫുട്‌ബോൾ വേദികളിൽ, 'ഫ്രീ പാലസ്തീൻ' വിളിച്ച് കാണികൾ ഇരമ്പിയാർത്തു. നെതർലന്റിലെ ചർച്ചുകളും സഭകളും ഗസ്സയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നമ്മുടെ രാജ്യങ്ങളുൾപ്പെടെ ചെറുതും വലുതുമായി ഒട്ടേറെ ഐക്യദാർഢ്യറാലികളാണ് ഉയർന്നത്. ഇതൊന്നും ചെറിയ കാര്യങ്ങളേയല്ല.
 
ഇസ്രായേൽ ഉത്പന്നബഹിഷ്‌ക്കരണത്തിന്റെ രാഷ്ട്രീയം
 
? ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന വിധത്തിൽ ശക്തമായ പ്രചരണങ്ങളും നടക്കുന്നുണ്ടല്ലോ.
 
അതേ, ഇസ്രായേൽ ഉൽപ്പന്നങ്ങൾക്കെതിരെ അതിശക്തമായ ബഹിഷ്‌ക്കരണ നീക്കങ്ങൾ ആണ് ലോകത്തെമ്പാടും ഇപ്പോൾ ഉയരുന്നത്. ഇസ്രായേൽ ഭീകരതയ്‌ക്കെതിരെ മനുഷ്യത്വം മരവിക്കാത്തവർ നടത്തുന്ന ചെറുത്തുനിൽപ്പാണിത്. നിസ്സഹായവരുടെ ചിതറിത്തെറിച്ച മൃതദേഹങ്ങൾക്ക് മുന്നിൽ നിന്ന് നമുക്ക് ചെയ്യാൻ കഴിയുന്ന ഐക്യദാർഢ്യമാണ് ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുകയെന്നത്. അതുകൊണ്ടാണ് നാഷണൽ ലീഗ് ഈ വിധത്തിൽ ശക്തമായ ബഹിഷ്‌ക്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. വിവിധ കോണുകളിൽ നിന്നും അത്യധികം ആവേശകരമായ പ്രതികരണങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാനവരാശിയുടെ ചരിത്രത്തിലെ, പ്രതീക്ഷയുടെ പുത്തൻ കിരണങ്ങൾ തന്നെയാണിത്. മനുഷ്യത്വത്തിന്റെ ചേരി ദുർബലമല്ലെന്ന് തന്നെയാണ് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
വെടിനിർത്തൽ ഉണ്ടായി, സമാധാനം പുലർന്നുവെന്നൊക്കെ അമേരിക്ക അവകാശപ്പെടുന്നു. ഈ ഭീകരതയിൽ നിന്നും ഇസ്രായേൽ എന്ത് നേടി? അമ്മമാരും പിഞ്ചുകുഞ്ഞുങ്ങളുമടക്കം ഒട്ടേറെപ്പേരെ കൊന്നുതള്ളി എന്നല്ലാതെ...
 
ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികൾ, ഗസ്സയുടെ പോരാട്ടവീര്യത്തെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ്. മതപരവും, വംശ, ദേശപരവുമായ അതിർത്തികൾക്കപ്പുറത്ത് മനുഷ്യൻ എന്ന മഹാസത്യം ജ്വലിച്ചുനിൽക്കുകയാണ്. ഈ യാഥാർത്ഥ്യമാണ് 'ഗസ്സ' തന്റെ വീരോചിതമായ ചെറുത്തുനിൽപ്പിലൂടെ ലോകത്തിന് മുന്നിൽ വിളംബരം ചെയ്യുന്നത്. ലോകത്തെമ്പാടുമുള്ള വിമോചന പോരാട്ടങ്ങൾക്കിത് കരുത്ത് പകരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img