03:03am 23 November 2026
NEWS
പാത്രിയർക്കീസ് വിഭാഗം പുകമറ സൃഷ്ടിച്ച് സമാധാന ശ്രമങ്ങളിൽ നിന്ന് അകലുന്നു മലങ്കരസഭ
19/11/2026  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാത്രിയർക്കീസ് വിഭാഗം പുകമറ സൃഷ്ടിച്ച് സമാധാന ശ്രമങ്ങളിൽ നിന്ന് അകലുന്നു  മലങ്കരസഭ

കോട്ടയം : മണർകാട് പള്ളിയിലെ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ സന്ദർശനത്തെ ചോദ്യം ചെയ്യുന്നത് ചരിത്രനിഷേധമാണെന്ന ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവന ചരിത്രവസ്തുതകളെയും നിലവിലുള്ള നിയമസാഹചര്യത്തെയും ബോധപൂർവം കൂട്ടിക്കുഴയ്ക്കുന്നതാണ്.

പാത്രിയർക്കീസുമാർ മുമ്പ് മണർകാട് പള്ളി സന്ദർശിച്ചിട്ടുണ്ടെന്നത് ആരും നിഷേധിക്കുന്നില്ല. എന്നാൽ അത്തരം സന്ദർശനങ്ങൾ നടന്നത് മലങ്കര സഭാതർക്കം കോടതികളുടെ പരിഗണനയിലായിരിക്കുകയും വിവിധ ദൈവാലയങ്ങളിൽ അന്നത്തെ ഭരണസ്ഥിതി തുടരുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ്. 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ നിയമപരമായ സാഹചര്യത്തിൽ നിർണായകമായ മാറ്റമുണ്ടായി. 1934-ലെ സഭാഭരണഘടനയുടെ പ്രാബല്യവും സമാന്തര സഭാഭരണസംവിധാനങ്ങളുടെ  അസാധുതയും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.

2017-നുശേഷവും പരിശുദ്ധ പാത്രിയർക്കീസ് കേരളം സന്ദർശിച്ചിട്ടുണ്ട്. മുൻകാല സന്ദർശനങ്ങളിൽ തർക്കവിഷയമായ ദൈവാലയങ്ങളിലെ പ്രവേശനം ഒഴിവാക്കിയിരുന്നുവെങ്കിൽ, ഇത്തവണ മണർകാട് പള്ളിയിൽ പ്രവേശിക്കാൻ സ്വീകരിച്ച തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനമെന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മുമ്പ് പ്രവേശിച്ചിട്ടുണ്ടെന്ന ചരിത്രം മാത്രം അതിനുള്ള മറുപടിയാകുന്നില്ല.

നിയമനിർമ്മാണത്തിലൂടെ സഭാതർക്കം പരിഹരിക്കണമെന്ന് വാദിക്കുന്നവർ സുപ്രീംകോടതി വിധികളുടെ നിയമപരമായ പ്രാബല്യം മറച്ചുവയ്ക്കരുത്.  നിയമ നിർമ്മാണം കൊണ്ട് അന്തിമ കോടതി വിധികളെ അസാധുവാക്കാമെന്ന ധാരണ സൃഷ്ടിക്കുന്നത് ഉത്തരവാദിത്വമുള്ള സമീപനമല്ല.

മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്തപ്പോൾ അത്  ലയനത്തെക്കുറിച്ചല്ലെന്ന് വ്യാഖ്യാനിച്ച മാർ തെയോഫിലോസ് , ഇപ്പോൾ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് ആവർത്തിക്കുന്നത് കൗതുകകരമാണ്. മുഖ്യമന്ത്രിയുടെ ഐക്യാഹ്വാനത്തെ പരിമിതപ്പെടുത്തുകയും സഭാതലവന്മാർ തമ്മിലുള്ള സംഭാഷണത്തിനായി ദേവലോകത്തേക്കുള്ള തുറന്ന ക്ഷണത്തെ വിമർശിക്കുകയും ചെയ്യുമ്പോൾ, നിലപാടിലെ പൊള്ളത്തരം വീണ്ടും വെളിവാകുകയാണ്. മറിച്ച് ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ അത് സമാധാനത്തിലേക്കുള്ള ചരിത്രപരമായ കൂടിക്കാഴ്ച്ചയാകുമായിരുന്നു.

ചരിത്രത്തിലെ ചില സംഭവങ്ങൾ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയും അതിനുശേഷമുണ്ടായ നിർണായക നിയമപരമായ മാറ്റങ്ങൾ അവഗണിക്കുകയും ചെയ്യുന്നത് വസ്തുനിഷ്ഠമായ ചരിത്രവായനയല്ല. ചരിത്രം നിയമത്തിന് പകരമല്ല. ആത്മീയാധികാരം സമാന്തര ഭരണാധികാരത്തിനുള്ള അനുമതിയുമല്ല. സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം അംഗീകരിക്കേണ്ടത് നിയമപരമായ യാഥാർഥ്യങ്ങളാണ്.

വിശ്വാസികളെ വീണ്ടും വീണ്ടും പഴയ വാദങ്ങളിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനു പകരം നിലവിലുള്ള കോടതി വിധികളെ അംഗീകരിച്ചുകൊണ്ട് സഭാതലത്തിൽ സത്യസന്ധമായ സംഭാഷണത്തിന് തയ്യാറാകുകയാണ് ഉത്തരവാദിത്വമുള്ള നേതൃത്വത്തിന്റെ കടമ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img