11:53am 15 September 2026
NEWS
വിലകൂടിയ വൈദ്യുതി വാങ്ങലിന് വഴിയൊരുങ്ങുന്നു; ജനങ്ങളുടെ മേൽ അമിതഭാരമെന്ന് ആശങ്ക
15/09/2026  08:44 AM IST
ന്യൂസ് ബ്യൂറോ
വിലകൂടിയ വൈദ്യുതി വാങ്ങലിന് വഴിയൊരുങ്ങുന്നു; ജനങ്ങളുടെ മേൽ അമിതഭാരമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും തീവ്രശ്രമത്തിൽ. പണം നോക്കാതെ എത്രയും പെട്ടെന്ന് വൈദ്യുതി എത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നത് ഭാവിയിൽ ഉപഭോക്താക്കളുടെ മേൽ വലിയ സാമ്പത്തിക ബാദ്ധ്യതയായേക്കുമെന്ന് ആശങ്ക ഉയരുന്നു.
കെ.എസ്.ഇ.ബിക്കുണ്ടാകുന്ന അധിക ബാദ്ധ്യത നികത്താൻ ഭാവിയിൽ സർചാർജ് ഈടാക്കുകയോ താരിഫ് വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവന്നേക്കാം. അല്ലെങ്കിൽ സർക്കാരിന്റെ സഹായം തേടേണ്ടിവരുമെങ്കിലും, അത്യന്തികമായി അതിന്റെ ഭാരം ജനങ്ങളുടെ ചുമലിലാകും എത്തുക. സംസ്ഥാനത്ത് ചെറിയ രീതിയിലുള്ള പവർകട്ടുകൾ പോലും സർക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടാനുള്ള സാദ്ധ്യത ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.
​ഉയർന്ന നിരക്കിൽ വൈദ്യുതി തേടി കെ.എസ്.ഇ.ബി
​രത്‌നഗിരിയിൽ നിന്നുള്ള ഓഫർ: മഹാരാഷ്ട്രയിലെ എൻ.ടി.പി.സി രത്‌നഗിരി എൽ.എൻ.ജി നിലയത്തിൽ നിന്ന് യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാമെന്ന നിർദ്ദേശം ചർച്ചയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. 3 മണിക്കൂർ മുമ്പ് അറിയിച്ചാൽ ഇവിടെനിന്ന് വൈദ്യുതി ലഭ്യമാകും.
​ കൂടുതൽ വൈദ്യുതി വിഹിതം ഉറപ്പാക്കുന്നതിനായി കെ.എസ്.ഇ.ബി ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ഉത്തരേന്ത്യയിൽ ചർച്ചകൾ ആരംഭിച്ചു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടി അധികൃതരെയും കേരളത്തിലെ പ്രതിസന്ധി ബോദ്ധ്യപ്പെടുത്തും.
​ മന്ത്രി സണ്ണിജോസഫ്
​നിലവിലെ പ്രതിസന്ധിയിൽ പണം പ്രശ്നമല്ലെന്നും ഇപ്പോൾ 'പവർ' (വൈദ്യുതി) ആണ് വേണ്ടതെന്നുമാണ് വൈദ്യുതി മന്ത്രി സണ്ണിജോസഫ് വ്യക്തമാക്കിയത്. വൈദ്യുതി വാങ്ങുന്നതുമൂലമുണ്ടാകുന്ന അമിത ബാദ്ധ്യതയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും, ഭാവിയിൽ ഈ സാഹചര്യം മന്ത്രിസഭ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെയും പവർകട്ട്
​ഞായറാഴ്ച ഉപഭോഗം കുറവായിരുന്നതിനാൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും, തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി വീണ്ടും പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നു. മധ്യപ്രദേശിൽനിന്ന് സ്വാപ്പ് പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി കിട്ടാത്തതാണ് തിരിച്ചടിയായത്. ഒഡീഷയിൽനിന്ന് 90 മെഗാവാട്ട് അധികമായി ലഭിച്ചെങ്കിലും പീക്ക് ടൈമിലെ ആവശ്യകത പൂർണ്ണമായി നിറവേറ്റാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രി 6.15 മുതൽ 12.45 വരെയുള്ള സമയത്താണ് വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img