06:06am 13 November 2026
NEWS
കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും : കെ സി. വേണുഗോപാൽ
05/01/2026  03:01 PM IST
ചെറുകര സണ്ണിലൂക്കോസ്
കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും :  കെ സി. വേണുഗോപാൽ

  കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമ്മപരിപാടികളാണ് ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വ്യക്തമായ ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ തന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രദേശിക തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും. 

ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർത്ഥികളെയെങ്കിലും പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. സാധാരണ രീതിയിൽ നിന്ന് വിപരീതമായി സ്ഥാനാർത്ഥികളെ ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകും. നിലവിലെ എം.പി.മാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച കാര്യങ്ങൾ തിരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലുമാണ് ചർച്ച ചെയ്യേണ്ടത്. 

ശബരിമലയിലെ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ സമര പരമ്പരകൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദൈവഭയമില്ലാത്തവർ ദൈവത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവൺമെന്റ് സൃഷ്ടിച്ചു. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവതരമാണ്. എസ്.ഐ.ടി.യിൽ പോലും വിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്ന തരത്തിലാണ് കോടതിയുടെ ഇടപെടലുകൾ. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാർക്സിസ്റ്റ് പാർട്ടിയും ഗവൺമെന്റും സ്വീകരിക്കുന്നത്. ഇതിനെതിരായി ശക്തമായ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികൾ ഉണ്ടാകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img