
തിരുവനന്തപുരം: കോഴിക്കോട് നാദാപുരത്ത് നിന്ന് 46 വർഷം മുമ്പ് ഖത്തറിലേക്ക് പറന്ന ജി.പി. കുഞ്ഞബ്ദുള്ളയെഴുതിയ പാട്ടാണ് ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നണിയിൽ ഹിറ്റായി മാറിയത്. വെറും മൂന്നാംക്ലാസുവരെ മാത്രം പഠിച്ച ആളാണ് കുഞ്ഞബ്ദുള്ള.
'സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ...' എന്ന പാരഡിഗാനം ഇപ്പോൾ മിക്ക രാഷ്ട്രീയ പ്രവർത്തകരുടെയും നാവിൻതുമ്പിൽ ശ്രുതിയാണ്. യു.ഡി.എഫ് വിജയത്തിന്റെ കേരളത്തിലെ ആണിക്കല്ലായി വിലസിയ ഈ പാരഡി ഗാനം, എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടി എഴുതിയതല്ല.
പാട്ട് പിറന്ന വഴി
യൂത്ത് കോൺഗ്രസുകാർക്കും പിന്നീട് യൂത്ത് ലീഗുകാർക്കുമെല്ലാം അയച്ചെങ്കിലും ഈ ഗാനം ആരും ആദ്യഘട്ടത്തിൽ പരിഗണിച്ചില്ല. പിന്നീട്, കുഞ്ഞബ്ദുള്ളയുടെ സുഹൃത്തായ കോഴിക്കോട്ടുള്ള ഹനീഫ മുടിക്കോടനാണ് ഇതിന് സംഗീതം നൽകി പാട്ടാക്കിയത്. തുടർന്ന് ഡാനിഷ് കൂട്ടിലങ്ങാടി ഇത് ആലപിക്കുകയും ഗാനം ഹിറ്റാവുകയും ചെയ്തു.
പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലുംമുള്ളും കാലിക്ക് മെത്തെ... എന്ന പ്രശസ്തമായ ഭക്തിഗാനത്തിന്റെ ഈണത്തിലാണ് ഈ പാരഡി ഗാനം എഴുതിയത്. തിരഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫും എൻ.ഡി.എയും സംസ്ഥാന വ്യാപകമായി ഈ ഗാനം ഏറ്റെടുത്തിരുന്നു.
ഹിറ്റായ പാരഡി വരികൾ
ഹിറ്റായ പാരഡിയുടെ പ്രധാന വരികൾ ഇങ്ങനെയാണ്:
പോറ്റിയേ കേറ്റിയേ
സ്വർണം ചെമ്പായ് മാറ്റിയേ
സ്വർണപ്പാളികൾ മാറിയേ
ശാസ്താവിൻ ധനം ഊറ്റിയേ
സ്വർണം കട്ടവനാരപ്പാ
സഖാക്കളാണേ അയ്യപ്പാ....
പാട്ടെഴുത്തിന്റെ പിന്നാമ്പുറം:
ഖത്തറിൽ നിന്ന് സംസാരിച്ച ജി.പി. കുഞ്ഞബ്ദുള്ള തന്റെ പാട്ടെഴുത്തിന്റെ കാരണം വിശദീകരിച്ചു.
"മൂന്നാംക്ലാസ് വരെ മാത്രം പഠിച്ച ആളാണ് ഞാൻ. വിദ്യാഭ്യാസം വെച്ച് നാട്ടിൽ നിന്നു രക്ഷപ്പെടാനാവില്ലെന്നു കരുതി ഖത്തറിലേക്കെത്തി. അപ്പോഴും വീടും നാടും മനസ്സിൽ ഒരു പച്ചപ്പായിരുന്നു. അയ്യപ്പൻ മനുഷ്യരുടെയെല്ലാം ദൈവമാണ്, ജാതിയും മതവുമില്ല. ആ അയ്യപ്പന്റെ കട്ടിളപ്പാളിവരെ അടിച്ചുമാറ്റിയതറിഞ്ഞപ്പോൾ ഒരു പാട്ടെഴുതാൻ തോന്നി. കേരളം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈണത്തിലാണ് എഴുതിയത്," അദ്ദേഹം പറഞ്ഞു.
കുടുംബപരമായി കോൺഗ്രസുകാരനാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ അറുനൂറോളം പാട്ടുകൾ കുഞ്ഞബ്ദുള്ള എഴുതിയിട്ടുണ്ട്. ഭാര്യ സുലൈഖ. രണ്ടു പെൺകുട്ടികളും ഒരാണുമടക്കം മൂന്നു മക്കളാണ് ഇദ്ദേഹത്തിന്.











