
ചെങ്ങന്നൂർ: ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ മഹാസംഗമമായ പമ്പ സാഹിത്യോത്സവത്തിന് ആറാട്ടുപുഴയിലെ ദി ചാർലി പമ്പ റെമിനിസൻസിൽ തുടക്കമായി. ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാഹിത്യത്തിനും കലയ്ക്കും മനുഷ്യജീവിതത്തെയും സാമൂഹിക അന്തരീക്ഷത്തെയും നവീകരിക്കാനുള്ള വലിയ ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക പാരമ്പര്യം വരുംതലമുറയ്ക്കായി സംരക്ഷിക്കണമെന്നും പുസ്തകങ്ങൾ ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പമ്പ – ഫെസ്റ്റിവൽ ഓഫ് ഡയലോഗ്സ്’ന്റെ പതിനാലാം പതിപ്പാണ് ആരംഭിച്ചത്. സൗത്ത് ഇന്ത്യൻ റൈറ്റേഴ്സ് എൻസെംബിൾ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലെ എഴുത്തുകാർ, കവികൾ, വിവർത്തകർ, ചലച്ചിത്ര-നാടക പ്രവർത്തകർ, ഗവേഷകർ, കലാകാരന്മാർ എന്നിവർ പങ്കെടുക്കും.
ടൂറിസം-സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, രാജ്യസഭാംഗവും എഴുത്തുകാരിയുമായ സൽമ, ഡോ. സി.എസ്. ലക്ഷ്മി, കവി അൻവർ അലി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രമുഖ സംഗീതജ്ഞൻ ഗോപാലകൃഷ്ണൻ, കെ. രാജഗോപാൽ, ഡോ. ചാർലി ചെറിയാൻ, കോശി സാമുവൽ, കനക വിഷ്ണുനാഥ് തുടങ്ങിയവർ സംസാരിച്ചു.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രമുഖർ മൂന്നു ദിവസത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കും.










