
ബംഗളുരു നഗരത്തിന്റെ ആകർഷണനീയതകളിൽ ഒന്നാണ് രാജാജിനഗറിലെ ഹരേ കൃഷ്ണ ക്ഷേത്രസമുച്ചയം( ഇസ്കോൺ ടെംപിൾ). ആയിരങ്ങളെ ആകർഷിക്കുന്ന ആരാധനാലയവും ടുറിസ്റ്റ് സങ്കേതവുമാണിത്. ക്ഷേത്രം നിലകൊള്ളുന്ന സ്ഥലം ആർക്കും വേണ്ടാത്ത, കൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ സർക്കാർവക കുന്നിൽ പ്രദേശമായിയുന്നു. രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായിരിക്കെ എൺപതുകളിലാണ് ഈ ഭൂമി തുച്ഛമായ തുക ഈടാക്കി ബംഗളുരു ആസ്ഥാനമായി ആയിടെ രൂപംകൊണ്ട ഇസ് കോൺ സൊസൈറ്റിയ്ക്ക് നൽകിയത്. അമേരിക്കയിലും മുംബൈയിലും അക്കാലത്ത് പ്രവർത്തിച്ചിരുന്ന ഇസ് കോണിന്റെ രീതിയിലാണ് ബംഗളുരുവിലും ഭക്തിപ്രസ്ഥാനം ആരംഭിച്ചത്. സ്വതന്ത്രമായ രീതിയിലായിരുന്നു കർണാടക സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ബംഗളുരു ഇസ്കോണിന്റെ പ്രവർത്തനം. കടന്നുചെല്ലാൻ പ്രയാസമുള്ള ഈ കുന്നിൻചെരിവിൽ ടെന്റ് കെട്ടിയാണ് മധു പണ്ഡിതദാസിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി ആദ്ധ്യാത്മികപ്രവർത്തനം ആരംഭിച്ചത്. കൃഷ്ണഭക്തരിൽനിന്ന് ധനശേഖരണം നടത്തി പാറകൾ മാറ്റാതെ തന്നെ കുന്നിൻപ്രദേശം ലാൻഡ് സ്കേപ്പ് ചെയ്ത് ദൃശ്യഭംഗിയുള്ള ആരാധനാ കേന്ദ്രമായി മാറ്റിയെടുത്തു. ക്ഷേത്രം എന്നതിനപ്പുറം അതിമനോഹരമായ ഒരു ടുറിസ്റ്റ് സങ്കേതമായി വളർന്ന ഇസ്കോൺ നഗരത്തിലെത്തുന്നവർ സന്ദർശിക്കാനാഗ്രഹിക്കുന്ന പ്രധാനകേന്ദ്രമായി മാറി. ലോകതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ആദ്ധ്യാത്മിക, ജീവകാരുണ്യ, വിഭ്യാഭ്യാസ സങ്കേതമാണ് ഇപ്പോൾ ഇസ്കോൺ. ലക്ഷക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന അക്ഷയ ഫൗണ്ടേഷൻ ഇസ്കോണിന്റെ കീഴിലാണ്. സംസ്ഥാന ഗവണ്മെന്റിൽ നിന്നും വൻകിട ഐ ടി സ്ഥാപനങ്ങളിൽ നിന്നും ഈ പദ്ധതിയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ബംഗളുരു ആസ്ഥാനമായ സൊസൈറ്റിയാണ് ഇസ്കോൺ വികസിപ്പിച്ചതെങ്കിലും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്കോൺ ബംഗളുരുവിലേത് തങ്ങളുടെ ശാഖയാണെന്നും നിയന്ത്രണം തങ്ങൾക്കാണെന്നും അവകാശവാദമുന്നയിച്ചത് തർക്കത്തിന് വഴിതെളിച്ചു. തർക്കം നിയമയുദ്ധമായി പരിണമിച്ചു. 2009 ൽ സെഷൻസ് കോടതി ബംഗളുരു സൊസൈറ്റിയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നെങ്കിലും 2011 ൽ ഹൈക്കോടതി അത് മാറ്റി മുംബൈ സൊസൈറ്റിയാണ് ഉടമസ്ഥർ എന്ന് വിധിച്ചു. ബംഗളുരു സൊസൈറ്റി അപ്പീലുമായി സുപ്രീം കോടതിയിലെത്തി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം ഇന്നലെ ബംഗളുരു സൊസൈറ്റിയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുകയാണ്. ഹരേ കൃഷ്ണ ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പൂർണ്ണമായ ഉടമസ്ഥതാ വകാശം മധു പണ്ഡിത ദാസ നേതൃത്വം നൽകുന്ന ബംഗളുരു സൊസൈറ്റിയ്ക്കാണെന്നാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. അതോടെ കാൽനൂറ്റാണ്ട് നീണ്ടുനിന്ന നിയമപ്പോരാട്ടത്തിന് തിരശീല വീണു.











