കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ മേൽപ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാൻ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും. സെപ്തംബർ 10ന് ഓൺലൈനായി ചേർന്ന സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റേതാണ് തീരുമാനം. ഫാ.എൽദോസ് എ.എ, ഫാ.സാംജി.റ്റി.ജോർജ്, ഫാ.ഷിബു വേണാട് മത്തായി,ഫാ.തോമസ് പോൾ റമ്പാൻ എന്നിവരെയാണ് ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മേൽപ്പട്ടസ്ഥാനത്തേത്ത് തിരഞ്ഞെടുത്തത്. മെത്രാപ്പോലീത്താ സ്ഥാനാഭിഷേകത്തിന് മുന്നോടിയായി ഒക്ടോബർ 27 ന് മൂന്ന് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകും. ചടങ്ങ് പരുമല സെമിനാരിയിൽ വെച്ച് നടത്തപ്പെടുമെന്ന് എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു.








