05:27pm 09 November 2026
NEWS
പുതിയ ബാർ ലൈസൻസ് റദ്ദാക്കി സംസ്ഥാന സർക്കാർ; സിയാലിലെ മൂന്നാമത്തെ ബാറിന് അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചു
09/11/2026  04:54 PM IST
nila
പുതിയ ബാർ ലൈസൻസ് റദ്ദാക്കി സംസ്ഥാന സർക്കാർ; സിയാലിലെ മൂന്നാമത്തെ ബാറിന് അനുമതി നൽകിയ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ നടപടി സർക്കാർ റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളത്തിലെ സിയാലിന്റെ മൂന്നാമത്തെ ബാറിന് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് സർക്കാർ ഇടപെട്ട് പിൻവലിച്ചത്. എക്സൈസ് കമ്മീഷണർ അനുമതി നൽകിയിരുന്നെങ്കിലും സർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങിയിരുന്നില്ല.

എറണാകുളത്ത് രണ്ട് ബിയർ പാർലറുകൾക്കും കോട്ടയത്ത് ഒരു ബിയർ പാർലറിനും വിദേശമദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ എക്സൈസ് മന്ത്രി കർശന നിലപാട് സ്വീകരിച്ചിരിക്കെയാണ് പുതിയ ബാർ ലൈസൻസ് വിവാദവും പുറത്തുവന്നത്. സംസ്ഥാനത്ത് രണ്ട് ബാറുകൾക്ക് കൂടി അനുമതി നൽകിയെന്ന വിവരം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ട് പുതിയ ബാറുകൾ ആരംഭിക്കുന്നതിനാണ് അനുമതി നൽകിയത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് നൽകിയ അപേക്ഷ പരിഗണിച്ച സീറാം സാംബശിവ റാവു, വിമാനത്താവള ലോഞ്ചുകൾക്ക് അനുവദിക്കുന്ന എഫ്എൽ 7 ലൈസൻസാണ് നൽകിയത്.

ഇതോടെ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ വിവാദം ശക്തമായി. സംഭവത്തിൽ നടപടിയുണ്ടായതിനു പിന്നാലെയാണ് സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img