
കാമാഖ്യ ദേവി രജസ്വലയായ ശേഷം വീണ്ടും നട തുറന്നു. മൂന്നു ദിവസം ക്ഷേത്രം ഭക്തിസാന്ദ്രവും ഉത്സവ ലഹരിയിലുമായിരുന്നു. എന്താണ് കാമാഖ്യ ദേവി രജസ്വലയായി എന്നു പറഞ്ഞാൽ? ആരാണ് ഈ കാമാഖ്യ ദേവി? ഇത്തരം ഒരുപാട് ചോദ്യങ്ങൾ നിങ്ങളുടെയുള്ളിൽ ഉയർന്നുവരുന്നില്ലേ?
ഇന്ത്യയിൽ ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷമാക്കുന്ന ഒരു ക്ഷേത്രമുണ്ട്. അതാണ് കാമാഖ്യ. ഭാരതത്തിലെ അൻപത്തിയൊന്നു ശക്തിപീഠങ്ങളിൽ ഒന്നായ കാമാഖ്യയിൽ യോനയാണ് പ്രതിഷ്ഠ. യോനിയെ കൂടാതെ വിഗ്രഹത്തെ കൂടാതെ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല അഥവാ മഹാലക്ഷ്മി, ആദിശക്തി അഥവാ ദുർഗ്ഗ എന്നീ ദേവീസങ്കല്പങ്ങളെയാണ് കുടിയിരിത്തിയിരിക്കുന്നു.
ദേവിയുടെ ആർത്തവ ദിനങ്ങളിൽ നടക്കുന്ന ഉത്സവമാണ് അമ്പുബാച്ചി മേള. ഈ സമയത്ത് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഭക്തർ ദേവീ ദർശനത്തിനായി ഇവിടെ എത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദിയുടെ നിറം ചുവപ്പാകും. കൂടാതെ ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ചുവന്ന നിറം പടരും. ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ ദിവസങ്ങളിൽ നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. അന്ന് ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണിയാണ് പ്രസാദമായി നൽകുന്നത്.
സ്ഥിരമായി മൃഗബലിയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കാമാഖ്യ. എന്നാൽ ആൺമൃഗങ്ങൾ മാത്രമേ കാമാഖ്യയിൽ ബലിയാക്കപ്പെടാറുള്ളൂ. പൂജയുടെ പ്രസാദമായി ചുവപ്പു നിറത്തിലുള്ള പൂക്കൾ, തുണി എന്നിവ ലഭിക്കും. ഇത്രയും ആമുഖമായി പറഞ്ഞാൽ മാത്രമേ ഈ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവുമൊക്കെ പറയാനാകൂ.
ബ്രഹ്‌മപുത്ര നദിയുടെ തെക്കേക്കരയിലുള്ള നീലാചൽ കുന്നുകളിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ 51 ശക്തിപീഠങ്ങളിൽ ഒന്നായാണ് കാമാഖ്യ ക്ഷേത്രത്തെ കരുതുന്നത എന്നു പറഞ്ഞല്ലോ. ഏറ്റവും പുരാതന ക്ഷേത്രം കൂടിയാണിത്. വർഷത്തിലൊരിക്കലാണ് ഇവിടുത്തെ ദേവിക്ക് ആർത്തവമാകുന്നത്. ജൂൺ 22 മുതൽ 25 വരെ ഭൂമി ദേവിയുടെ ആർത്തവ ദിനങ്ങളാണെന്നാണ് സങ്കൽപ്പം. ദേവി രജസ്വലയയായി കഴിഞ്ഞാലുടൻ ശ്രീകോവിൽ അടക്കും.
ജൂൺ 26ന് ദേവിയുടെ വിശുദ്ധ സ്‌നാനത്തിന് ശേഷം പതിവ് പൂജകൾ നടക്കും. ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറന്ന് കൊടുക്കും. ഈ സമയത്ത് ഭക്തർക്ക് നീലാചൽ കുന്നുകളിൽ പുലർച്ചെ അഞ്ച് മണി മുതൽ വൈകിട്ട് ആറ് വരെ പ്രവേശനമാകുണ്ടാകും. എന്നാൽ ആറ് മണിക്ക് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. ഭക്തർക്ക് ഇവിടെ തങ്ങാൻ അനുവാദം ഉണ്ടാകില്ല. ഒപ്പം പ്രസാദവിതരണവും ഉണ്ടാകില്ല. ജൂൺ26നും 27നും വിഐപി വിവിഐപി പാസുകൾ അനുവദിക്കില്ല.
നിരവധി ഗൂഢമായ ഐതിഹ്യങ്ങൾ നിലവിലുളള ക്ഷേത്രമാണിത്. ഭഗവാൻ ശിവൻറെ അഭീഷ്‌ടത്താലാണ് ക്ഷേത്രം നിലവിൽ വന്നതെന്നാണ് വിശ്വാസം. ക്ഷേത്രത്തിൻറെ അടിത്തറ വിശ്വകർമ്മാവും കാമദേവനും ചേർന്നാണ് നിർമ്മിച്ചതെന്നാണ് ഐതിഹ്യം. ക്ഷേത്രം മുഴുവനും നിർമ്മിച്ചത് ദൈവങ്ങളാണത്രേ.
പുരാതന പ്രാഗ്‌ജ്യോതിഷ്‌പൂരിലെ രാജാവായിരുന്നു നരകാസുരനെന്ന് ശർമ്മ പറയുന്നു. അദ്ദേഹം അമ്മയുടെ ഭക്തനായിരുന്നു. എന്നാലെപ്പോഴോ ഇദ്ദേഹം ദുർഭരണം ആരംഭിച്ചു. കാമാഖ്യ ദേവിയുടെ അഭൗമ സൗന്ദര്യത്തിലാകൃഷ്‌ടനായ രാജാവിൽ കാമാഖ്യയെ വിവാഹം കഴിക്കാൻ മോഹമുദിച്ചു. നരകാസുരൻ ഇക്കാര്യം നേരിട്ട് തന്നെ ദേവിയെ അറിയിച്ചു. അത് സാധ്യമല്ലെന്ന് ദേവി മറുപടി നൽകി.
എന്നാൽ നരകാസുരൻ പിൻമാറാൻ തയാറായില്ല. ഇതിൽ നിന്ന് രക്ഷപ്പെടാൻ ദേവി ഒരു മാർഗം കണ്ടെത്തി. ഭക്തരുടെ സൗകര്യത്തിന് വേണ്ടി ക്ഷേത്രത്തിന് നാല് കവാടങ്ങൾ പണിയണമെന്നായിരുന്നു ദേവിയുടെ ആവശ്യം അത് നടപ്പായാൽ നരകാസുരനെ വിവാഹം കഴിക്കാമെന്ന് ദേവി സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. ഒറ്റരാത്രി കൊണ്ട് വേണം നാല് കവാടങ്ങളും നിർമ്മിക്കാൻ എന്നതായിരുന്നു അത്. നരകാസുരന് ഇ് സാധിക്കില്ലെന്നായിരുന്നു കാമാഖ്യ ദേവി കരുതിയത്. എന്നാൽ അയാൾ ഈ വെല്ലുവിളി ഏറ്റെടുത്തു.
നേരം പുലരും മുമ്പ് നിർമ്മാണം പൂർത്തിയാക്കാൻ നരകാസുരൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടെ അർദ്ധരാത്രിയോടടുത്തപ്പോൾ ഭഗവാൻ വിഷ്‌ണു കൗശലക്കാരനായ ഒരു കാക്കയുടെ രൂപത്തിലെത്തി നേരം പുലർന്നുവെന്ന് അറിയിച്ച് കരയാൻ തുടങ്ങി. ദേവി എത്തി നേരം വെളുത്തെന്ന് നരകാസുരനോട് പറഞ്ഞു. അങ്ങനെ നരകാസുരന് തൻറെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായില്ല. ക്ഷേത്രത്തിലിപ്പോഴും ദേവിയെ വിവാഹം കഴിക്കാനായി നരകാസുരൻ നിർമ്മിച്ച നാല് കല്ലുള്ള പടിക്കെട്ട് കാണാം.
പ്രപഞ്ചത്തിൻറെ അമ്മയാണ് കാമാഖ്യാ ദേവിയെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരിയായ ഹിമാദ്രി പറയുന്നു. കാമാഖ്യാദേവിയിൽ നിന്നുമാണ് ഈ പ്രപഞ്ചം മുഴുവും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ഗുവാഹത്തിയിലെ നിലാചൽ കുന്നുകളുടെ ഹൃദയത്തിലാണ് അമ്മ അധിവസിക്കുന്നത്.
കാമാഖ്യാദേവിയെ അറിവിൻറെ പത്ത് അവതാരമായും ആരാധിക്കുന്നു. ശ്രീകോവിലിൽ സരസ്വതി ദേവിക്കും ലക്ഷ്‌മി ദേവിക്കുമൊപ്പമാണ് കാമാഖ്യ ദേവി വാണരുളുന്നത്. പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്നത് അമ്മ കാമാഖ്യയാണ്. ക്ഷേത്രത്തിനുള്ളിൽ എട്ട് ഭൈരവൻമാർ അഥവാ ദേവതമാരെ സംരക്ഷിക്കുന്നവർ ഉണ്ട്. അഷ്‌ടദിക്‌പാലകർ. ക്ഷേത്രത്തിന് പുറത്ത് 64 യോഗിനിാരും 18 ഭൈരവൻമാരും മറ്റനേകം ബിംബങ്ങളുമുണ്ട്. മനുഷ്യർ മാത്രമല്ല നിരവധി ദേവൻമാരും ദേവിമാരും അമ്മയെ സേവിക്കാനായി വരുന്നുവെന്ന് ശർമ്മ പറയുന്നു.
1566 മുതൽ 1572 വരെ ബംഗാളിലെ അഫ്‌ഗാൻ സുൽത്താനായിരുന്ന സുലൈമാൻ കാരാണിയുടെ ഒരു സൈനിക മേധാവി ആയിരുന്ന കലാപഹർ ഈ ക്ഷേത്രം തകർത്തതായി അസമിൻറെ ചരിത്രത്തിൽ പറയുന്നുണ്ട്. പിന്നീട് പുനർനിർമ്മിച്ച ക്ഷേത്രമാണ് ഇപ്പോഴുള്ളത്. ധാരാളം സമയമെടുത്താണ് ക്ഷേത്രം പുനർ നിർമ്മിച്ചത്. കലാപഹാർ തകർത്ത ക്ഷേത്രത്തിൻറെ മുകൾ ഭാഗം 1540 മുതൽ 1587 വരെ ഭരിച്ച കൊൻച് രാജാവ് മഹാരാജാ നരനാരായണനും വീർ ചിലരിയും ആണ് പുനർനിർമ്മിച്ചത്. ക്ഷേത്രത്തിൻറെ നിർമ്മാണം ഏറെ പ്രയാസകരമായിരുന്നുവെന്ന് ചരിത്ര രേഖകൾ വിശദീകരിക്കുന്നു. നിർമ്മാണത്തിനിടെ പലവട്ടം ക്ഷേത്രം തകർന്നു വീണു. സ്വപ്‌നത്തിൽ ലഭിച്ച ദൈവിക നിർദ്ദേശങ്ങൾ അനുസരിച്ച് ആരാധനയും യാഗങ്ങളും ബലികളും മറ്റും നടത്തിയ ശേഷമാണ് നരനാരായണനും ചിലാരിക്കും ക്ഷേത്രം മനോഹരമായി പുനർനിർമ്മിക്കാനായതത്രെ.
ആംബുബാച്ചി മഹായോഗ് എന്നത് ഉണർവിൻറെ സമയമെന്നാണ് വിശ്വാസം. അഷാരമാസത്തിലെ നാലാം വാരത്തിലാണ് ഇത് ആഘോഷിക്കുന്നത്. ആർദ്ര നക്ഷത്രം ഒന്നാംപാദത്തിൽ പ്രവേശിക്കുമ്പോൾ ഭൂമി ദേവി രജസ്വലയാകുന്നു. ഈ വേളയിലാണ് ഹിന്ദുക്കൾ ആംബുബച്ചി ആചരിക്കുന്നത്.
ഈ വേളയിൽ ആത്മീയ അനുഷ്‌ഠാനങ്ങൾ വർദ്ധിക്കുന്നു. കർശനമായ മതാചാരങ്ങളോടെയാണ് ഇത് ആഘോഷിക്കുന്നത്. കരുത്തുറ്റ ആത്മീയ പ്രവൃത്തികളുമാണിത്. ഈ സമയത്ത് അമ്മയുടെ അനുഗ്രഹത്തോടെ നാം നമ്മുടെ ആന്തരിക ശക്തി ലോകത്തിൻറെ ക്ഷേമത്തിനായി ഉപയോഗിക്കണം. ആത്മീയക്കരുത്ത് നേടാൻ ഏറ്റവും മികച്ച സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സാധനയിലൂടെ ഈ കരുത്ത് നമുക്ക് ആർജ്ജിക്കാനാകും.
ഭൂമിയുടെ ഫലഭൂയിഷ്‌ഠി വർദ്ധിക്കുന്നത് കൊണ്ട് തന്നെ ആംബുബച്ചി വേളയിൽ എല്ലാ കാർഷികവൃത്തികളും നിർത്തി വയ്ക്കുന്നു. നിലം ഉഴാനോ കിളയ്ക്കാനോ വിളനടാനോ വിളകൾ എങ്ങോട്ടെങ്കിലും കൊണ്ടു പോകാനോ പാടില്ല. ആംബുബച്ചി അവസാനിക്കുന്ന നാലാം ദിനം എല്ലാ വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളു അലക്കുന്നു. ഇവയിലെല്ലാ പുണ്യാഹം തളിക്കുന്നു. ഈ ശുദ്ധമാക്കൽ നടന്ന ശേഷം അമ്മയ്ക്ക് അർച്ചനകൾ നടത്തുകയും ചെയ്യും. രാജ്യത്തിനകത്തോ പുറത്തോ ഇത്തരം ആചാരം നിലനിൽക്കുന്ന മറ്റൊരു ക്ഷേത്രമില്ല തന്നെ.











