08:59pm 07 November 2026
NEWS
10 വർഷം കൊണ്ട് കേരളത്തിൽ ബാറുകളുടെ എണ്ണം 29ൽ നിന്ന് 903 ആയി; വിൽപ്പന കൂട്ടാൻ സമയലംഘനവും
06/09/2026  08:37 AM IST
nila
10 വർഷം കൊണ്ട് കേരളത്തിൽ ബാറുകളുടെ എണ്ണം 29ൽ നിന്ന് 903 ആയി; വിൽപ്പന കൂട്ടാൻ സമയലംഘനവും

സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ബാറുകളുടെ എണ്ണത്തിൽ വൻ വർധന. 2016 ഏപ്രിലിൽ വെറും 29 ബാറുകളുണ്ടായിരുന്ന കേരളത്തിൽ 2026 ഏപ്രിലിൽ ബാറുകളുടെ എണ്ണം 903 ആയി ഉയർന്നു. ഒരു ടൗണിൽ തന്നെ പരസ്പരം അടുത്തായി നിരവധി ബാറുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നിയമലംഘനങ്ങളിലേക്കും നീങ്ങുന്നതായാണ് വിവരം.

ബാറുകളുടെ പ്രവർത്തനസമയവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മറികടക്കാൻ ചിലയിടങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥരുമായി അവിശുദ്ധ ധാരണകളുണ്ടാക്കുന്നതായും ആരോപണമുണ്ട്. സമയപരിധി ലംഘിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതാണ് ഇത്തരം ധാരണകളിൽ പ്രധാനമെന്നും സൂചനയുണ്ട്.

2014ലെ മദ്യനയം നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 730ൽ നിന്ന് 29 ആയി കുറഞ്ഞിരുന്നു. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകൾക്ക് മാത്രമായി അന്ന് ബാർ ലൈസൻസ് പരിമിതപ്പെടുത്തി. ഇതോടെ രണ്ട്, മൂന്ന്, നാല് നക്ഷത്ര പദവികളുള്ള 701 ബാറുകളുടെ ലൈസൻസ് റദ്ദാക്കി. ഇവയിൽ പലതും പൂട്ടുകയും ചിലത് ബിയർ-വൈൻ പാർലറുകളായി മാറുകയും ചെയ്തു. 2016 ഏപ്രിലിൽ പ്രവർത്തിച്ചിരുന്ന 29 പഞ്ചനക്ഷത്ര ബാറുകളിൽ നിന്ന് ഇപ്പോഴത്തെ കണക്ക് 903ലെത്തി. നിലവിൽ 57 പഞ്ചനക്ഷത്ര ബാർ ഹോട്ടലുകളും 308 നാല് നക്ഷത്ര ഹോട്ടലുകളും 512 മൂന്ന് നക്ഷത്ര ഹോട്ടലുകളുമാണുള്ളത്.

ബാറുകളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനയ്ക്ക് സമാനമായി സർക്കാർ നിയന്ത്രണത്തിലുള്ള മദ്യവിൽപനശാലകളുടെ എണ്ണം വർധിച്ചിട്ടില്ല. ബെവറേജസ് കോർപ്പറേഷന്റെ 285 ചില്ലറ വിൽപനശാലകളും കൺസ്യൂമർഫെഡിന്റെ 46 ഔട്ട്‌ലെറ്റുകളുമാണ് നിലവിലുള്ളത്. 2014ലും ഏകദേശം ഇതേ എണ്ണമായിരുന്നു. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാറുകളുടെ എണ്ണം കൂട്ടിയതെന്നായിരുന്നു മുൻ സർക്കാരിന്റെ വിശദീകരണം.

അർധരാത്രി വരെ പ്രവർത്തിക്കാം

2026 ഫെബ്രുവരിയിൽ ബാറുകളുടെ പ്രവർത്തനസമയം വീണ്ടും ദീർഘിപ്പിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയുണ്ടായിരുന്ന സമയം രാവിലെ 10 മുതൽ അർധരാത്രി 12 വരെയാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് നേരത്തെയും രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ഒരേ സമയക്രമം കൊണ്ടുവരികയാണ് ചെയ്തതെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ പ്രവർത്തനസമയം വർധിപ്പിച്ചിട്ടും കാര്യമായ വരുമാന വർധനയുണ്ടായിട്ടില്ലെന്നാണ് ബാറുടമകളുടെ നിലപാട്.

ബാധ്യതകളില്ലാത്ത ഒരു ബാറിന് പോലും ദിവസേന ഒന്നര മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ കച്ചവടം ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂവെന്നാണ് ഉടമകൾ പറയുന്നത്. ലൈസൻസ് ഫീസായി മാത്രം ഒരു വർഷം 37 ലക്ഷം രൂപ നൽകണം. ജീവനക്കാരുടെ ശമ്പളത്തിന് സാധാരണ ബാറിൽ പ്രതിമാസം ശരാശരി ഏഴ് ലക്ഷത്തിലേറെ രൂപയും ചെലവാകും. ഇതിനാൽ പ്രതിദിനം ശരാശരി മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയെങ്കിലും കച്ചവടം വേണമെന്നാണ് ബാറുടമകളുടെ കണക്കുകൂട്ടൽ. വരുമാനം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ചില ബാറുകൾ അനുവദനീയമായ സമയത്തിന് മുൻപ് തുറക്കുന്നതായും ആരോപണമുണ്ട്.

അതേസമയം, നിയമം ലംഘിക്കാത്ത ബാറുടമകൾക്ക് എക്സൈസ് ഉദ്യോഗസ്ഥരുമായി പ്രത്യേക ധാരണയുടെ ആവശ്യമില്ലെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ നിലപാട്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടെന്ന ശക്തമായ നിലപാടാണ് സംഘടനയ്ക്കുള്ളതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img