
ന്യൂഡൽഹി: ബൗദ്ധിക സ്വത്തവകാശ തർക്കങ്ങൾ ഉൾപ്പെടെ ഏതെങ്കിലും പ്രത്യേകതരം കേസുകൾ പരിഗണിക്കാൻ ഒരു ഹൈക്കോടതി മറ്റുള്ളവയെക്കാൾ അനുയോജ്യമാണെന്ന ധാരണ തെറ്റാണെന്ന് സുപ്രീം കോടതി. ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന വാണിജ്യ കേസ് വിചാരണയ്ക്കും തീർപ്പാക്കലിനുമായി മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
ഒരേ തർക്കം പരിഗണിക്കാൻ ഒന്നിലധികം കോടതികൾക്ക് പ്രദേശിക അധികാരപരിധി ഉണ്ടായേക്കാം. എന്നാൽ ആ കാരണത്താൽ മാത്രം തങ്ങൾക്ക് കൂടുതൽ അനുകൂലമെന്ന് കരുതുന്ന കോടതി തിരഞ്ഞെടുക്കുന്ന പ്രവണതയെ ന്യായീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇത്തരം തിരഞ്ഞെടുപ്പുകൾ ഹൈക്കോടതികൾക്കിടയിൽ മേൽക്കീഴ് ബന്ധമുണ്ടെന്ന ധാരണ വളർത്താനും ഇടയാക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രതികളാണ് ഡൽഹിയിൽനിന്ന് മദ്രാസിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾ ചെന്നൈയിൽ വ്യാപാരം നടത്തുമ്പോൾ, വാദികളുടെ മുഖ്യ വ്യാപാരകേന്ദ്രം കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയിലാണ്. കക്ഷികളുടെ വ്യാപാരകേന്ദ്രങ്ങൾ അയൽ സംസ്ഥാനങ്ങളിലായിരിക്കെ, കേസ് നേരിട്ട് സ്വീകരിച്ച് വിചാരണ ചെയ്യാൻ മദ്രാസ് ഹൈക്കോടതിക്കും അധികാരമുള്ള സാഹചര്യത്തിൽ, വാദികൾ എന്തുകൊണ്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്ന് ബെഞ്ച് ചോദിച്ചു.
കക്ഷികൾക്കും തർക്കത്തിന്റെ ഉത്ഭവത്തിനും കേസിന് ആധാരമായ സംഭവങ്ങൾക്കും ഒരു പ്രദേശവുമായി ബന്ധമുണ്ടെങ്കിൽ, കേസിന്റെ സൂക്ഷ്മവശങ്ങൾ മനസ്സിലാക്കാൻ സാധാരണയായി ആ പ്രദേശത്തെ കോടതികൾക്കാണ് കൂടുതൽ സൗകര്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നീതിയുടെ താൽപര്യവും കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പ്രായോഗിക വശങ്ങളും കണക്കിലെടുത്താണ് കോടതി സ്ഥലംമാറ്റ ഹർജി അനുവദിച്ചത്.










