
2026 സെപ്റ്റംബർ 17ന് രാവിലെ 7.53നാണ് കന്നി രവി സംക്രമം നടന്നത്. അനിഴം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ, കന്നി ലഗ്നത്തിലും തൃതീയ ദ്രേക്കാണത്തിലുമാണ് സൂര്യസംക്രമം സംഭവിച്ചത്. സംക്രമസമയം പ്രാഹ്നത്തിലായതിനാൽ ഇതേ ദിവസം തന്നെ കന്നി മാസം ആരംഭിച്ചതായാണ് ജ്യോതിഷപരമായ കണക്കുകൂട്ടൽ.
കന്നി രവി സംക്രമം അനിഴം നക്ഷത്രത്തിലായതിനാൽ അടുത്ത ഒരു മാസക്കാലം അനിഴം നക്ഷത്രക്കാർക്ക് ചില പ്രതികൂല ഫലങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജ്യോതിഷവിശ്വാസം. മാനസിക സമ്മർദം, ശാരീരിക അസ്വസ്ഥതകൾ, കുടുംബത്തിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകാമെന്നാണ് പറയുന്നത്.
അനിഴത്തിനൊപ്പം അനുജന്മ നക്ഷത്രങ്ങളായ പൂയം, ഉത്തൃട്ടാതി നക്ഷത്രക്കാർക്കും ഈ കാലയളവിൽ ജാഗ്രത ആവശ്യമാണ്. ഈ നക്ഷത്രങ്ങളിൽ ജനിച്ചവർ എല്ലാ ദിവസവും പരമശിവനെ നീലകണ്ഠനായും മൃത്യുഞ്ജയനായും സങ്കൽപ്പിച്ച് ഭജിക്കുന്നത് ഗുണകരമാണെന്നാണ് ജ്യോതിഷ നിർദേശം.
ഭയവും മാനസിക അസ്വസ്ഥതകളും അകറ്റാൻ താഴെ പറയുന്ന സ്തുതി ജപിക്കാം:
“മൃത്യുഞ്ജയായ രുദ്രായ നീലകണ്ഠായ ശംഭവേ
അമൃതേശായ ശർവ്വായ മഹാദേവായ തേ നമഃ”
അതേസമയം അത്തം, തിരുവോണം, രോഹിണി, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും കന്നി രവി സംക്രമം ചില പ്രതികൂല ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷ വ്യാഖ്യാനം. ഇവർ പതിവായി ദുർഗ്ഗാ ഭജനം നടത്തുന്നത് ഗുണകരമാണെന്നും പറയുന്നു.
ഇതിനായി ജപിക്കാവുന്ന മന്ത്രം:
“ഓം സർവ്വ ശാസ്ത്ര വിശാരദായൈ നിത്യാനന്ദ പ്രദായിനൈ സുര സൌഖ്യ പ്രമോദിനൈ ഋഗ്യജുസ്സാമ രൂപിണൈ അതി സൗമ്യ രൂപിണൈ മഹാരൂപായൈ ശാസ്ത്ര ജ്ഞാന സമൃദ്ധിം മേ ദേഹി ദദാപയ സ്വാഹാ”
അതേസമയം, സംക്രമസമയത്തെ ഭാഗ്യ താരക സ്ഥിതി പരിഗണിക്കുമ്പോൾ അശ്വതി, മകം, മൂലം, പൂരുരുട്ടാതി, പുണർതം, വിശാഖം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് കന്നി മാസം പൊതുവെ അനുകൂലമായിരിക്കുമെന്നാണ് ജ്യോതിഷ വിലയിരുത്തൽ.
ഇവയ്ക്ക് പുറമെ പരാമർശിക്കാത്ത മറ്റ് നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് കന്നി മാസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും നൽകുകയെന്നാണ് പറയുന്നത്.










