
"അടിസ്ഥാനരഹിതമായ വിവരങ്ങളാണ് ധർമ്മസ്ഥല ക്ഷേത്രത്തെ പറ്റി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് കണ്ടപ്പോൾ മനസ്സ് വേദനിച്ചു. ക്ഷേത്രകാര്യങ്ങൾ പ്രചരിപ്പിക്കാൻ ഞങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല. ക്ഷേത്രവിരുദ്ധ വാർത്തകൾ പ്രചരിക്കാൻ അതും ഒരു കാരണമാണ്. എന്നാൽ എസ് ഐ ടി അന്വേഷണം വന്നത് നന്നായി. യഥാർത്ഥ വസ്തുതകൾ ജനങ്ങൾക്ക് മനസ്സിലായല്ലോ? " ധർമ്മസ്ഥല ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഗാഡെ വ്യക്തമാക്കി. പി ടി ഐ യുമായുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. " ധർമ്മസ്ഥല ക്ഷേത്രത്തെ താറടിക്കാൻ സംഘടിതശ്രമം ആരംഭിച്ചിട്ട് കുറച്ചുകാലമായി. അതിന്റെ പാരമ്യമാണ് ഇപ്പോൾ കണ്ടത്. അന്വേഷണം എത്രയും വേഗം തീരണമെന്നും തെറ്റുചെയ്തവരുണ്ടെങ്കിൽ അവരെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ ചെയ്യുന്ന സൽപ്രവൃത്തികൾ കണ്ട് സഹിക്കാഞ്ഞിട്ടാണ് ചില ദുഷ്ടമനസ്സുകൾ ക്ഷേത്രത്തിനെതിരെ കുപ്രചാരണം അഴിച്ചുവിട്ടത്. പക്ഷെ ലക്ഷക്കണക്കിന് ഭക്തർക്ക് ധർമ്മസ്ഥല മഞ്ജുനാഥനിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിക്കാൻ അതിനൊന്നും കഴിഞ്ഞില്ലെന്ന് മാത്രമല്ല കൂടുതൽ ദൃഢപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്" ധർമ്മാധികാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ധർമ്മസ്ഥലയിൽ വെച്ച് മരിച്ചാൽ പുണ്യം കിട്ടുമെന്ന വിശ്വാസം ഭക്തജനങ്ങൾക്കിടയിലുണ്ട്. മരണം സംഭവിച്ചാൽ ഞങ്ങൾ പഞ്ചായത്തിനെ അറിയിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിക്കുകയോ അവകാശികളുണ്ടെങ്കിൽ അവർക്ക് വിട്ടുകൊടുക്കുകയോ ചെയ്യുന്നത് അധികൃതരാണ്. ആ വസ്തുതയാണ് മറ്റൊരു തരത്തിൽ പ്രചരിപ്പിച്ചത്". " എല്ലാ രാഷ്ട്രീയപാർട്ടികളും ധർമ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെടുന്നവരാണ്. കോൺഗ്രസുകാരും ജെഡിഎസ്സുകാരുമൊക്ക ഇവിടെ വരാറുണ്ട്. ഡി കെ ശിവകുമാർ നിയമസഭയിൽ പറഞ്ഞത് കേട്ടിരുന്നില്ലേ? യഥാർത്ഥ വസ്തുതകൾ പുറത്തുവരട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്വീകരിച്ചത്". "സ്വത്തുവകകളൊന്നും കുടുംബത്തിന്റേതല്ല. എല്ലാം ട്രസ്റ്റിന്റെ കീഴിലാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. ഒരാൾ ക്ഷേത്രകാര്യങ്ങൾ നോക്കിനടത്തുന്നു. മറ്റൊരാൾ ബംഗളുരുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ഞങ്ങൾക്ക് ഒരു സഹോദരിയുണ്ട്. അവരുടെ ഭർത്താവ് ധാർവാഡയിലെ എസ് ഡി എം യൂണിവേഴ്സിറ്റി വൈസ് ചാൻസലരാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അതെല്ലാം ട്രസ്റ്റിന്റെ കീഴിലാണ്. ഏതാനും വർഷം മുമ്പ് നടന്ന സൗജന്യ കൊലക്കേസിൽ ഞങ്ങളുടെ കുടുംബത്തിൽ പെട്ടവർക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ ആ ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എന്നിട്ടും ചിലർ ആ കുറ്റം ഞങ്ങളിൽ ചുമത്തുന്നുണ്ട്. അതിന്റെ ഉദ്ദേശ്യം വേറെയാണ്" ." ഇത്ര വലിയ കോലാഹലങ്ങളൊക്കെ ഉണ്ടായിട്ടും ക്ഷേത്രനടത്തിപ്പിന് യാതൊരു തടസ്സവും ഉണ്ടായിട്ടില്ല. പൂജാകർമ്മങ്ങളും മറ്റു ചടങ്ങുകളും മുടങ്ങാതെ നടക്കുന്നുണ്ട്. ഭക്തരുടെ പ്രവാഹം വർധിക്കുകയാണ് ചെയ്തിട്ടുള്ളത് " ധർമ്മാധികാരി വിശദീകരിച്ചു. കുഴിയെടുത്തുള്ള പരിശോധന എസ് ഐ ടി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആദ്യനാളിൽ കണ്ടെടുത്ത അസ്ഥിഭാഗങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് കിട്ടിയശേഷമേ കുഴിയെടുത്തുള്ള പരിശോധന തുടരണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ.
Photo Courtesy - Google











