
തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ അസംബന്ധമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കെ സുധാകരൻ കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ കെ സുധാകരൻ, സാഹചര്യങ്ങൾകൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു.
'ബിജെപിയിൽ ചേരുമെന്ന വാർത്ത ശുദ്ധ അസംബന്ധം. മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. സാഹചര്യങ്ങൾ കൊണ്ട് കഴിഞ്ഞില്ല. അതിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ ശ്രമിക്കില്ല. കോൺഗ്രസ് മിന്നും വിജയം നേടും. ബിജെപിയിൽ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ. പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും': കെ സുധാകരൻ പറഞ്ഞു.
ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസില്ഡ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥിത്വം നിഷേധിച്ചാലും പാർട്ടി വിടില്ല. സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കും. പാർട്ടി എത്രയോ വലുതാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മാരത്തൺ ചർച്ചകളാണ് നടന്നത്. ഇന്നലെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിട്ടും സീറ്റ് തർക്കം തുടർന്നു. പ്രധാമായും കെ സി വേണുഗോപാലും വി ഡി സതീശനുമായിരുന്നു ഭിന്നാഭിപ്രായങ്ങൾ ഉയർത്തിയത്. ഇടുക്കി, കൊച്ചി സീറ്റുകളിലായിരുന്നു ഭിന്നാഭിപ്രായമെന്നായിരുന്നു പുറത്തുവന്ന വിവരം.











