11:54am 01 September 2026
NEWS
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതല്ല ദേശീയഗീതം
31/08/2026  04:06 PM IST
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതല്ല ദേശീയഗീതം

ബംഗാളിഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു 1838-1894 കാലത്ത് ജീവിച്ച ബങ്കിംചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിംചന്ദ്ര ചാറ്റർജി. ഇദ്ദേഹം 1875 ൽ രചിച്ച ഗീതമാണ്, 1905 ലെ ബംഗാൾ വിഭജനകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരപോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന സമരമന്ത്രമായി മാറിയ വന്ദേമാതരം.

'അമ്മേ(മാതൃഭൂമി) ഞാൻ അങ്ങയെ വന്ദിക്കുന്നു' എന്നാണ് വന്ദേമാതരം എന്ന വാക്കിന്റെ പൊതുവായ അർത്ഥം. 1882 ൽ ചാറ്റർജി പ്രശസ്തമായ ആനന്ദമഠം നോവൽ രചിച്ചപ്പോൾ ഏതാനും വരികൾ കൂടി വന്ദേമാതരത്തിൽ ഉൾപ്പെടുത്തി.
വന്ദേമാതരം ആദ്യമായി വേദിയിൽ ആലപിച്ചത് 1896 ൽ കൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥടാഗോറാണ്. സ്വാതന്ത്ര്യസമര സേനാനികൾക്കിടയിൽ ദേശസ്‌നേഹം വളർത്തിയ ഗീതം എന്ന നിലയിൽ ബ്രിട്ടീഷ് സർക്കാർ ഈ ഗാനം നിരോധിച്ചിരുന്നു. സ്വാതന്ത്ര്യസമരസേനാനികൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമായ മർദ്ദനങ്ങളും വധശിക്ഷയും നേരിടുമ്പോൾ പോലും അവരുടെ ചുണ്ടുകളിൽ വന്ദേമാതരത്തിന്റെ ഈരടികൾ  ഉരുവിട്ടിരുന്നുവെന്നതാണ് ചരിത്രം.

1937 ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക സമിതി ഈ കവിതയുടെ ആദ്യരണ്ട് ചരണങ്ങൾ ദേശീയഗീതമായി സ്വീകരിക്കുന്നത്. ഒരു പ്രത്യേകമത വിഭാഗത്തിന്റെ ആരാധനമൂർത്തികളെക്കുറിച്ചുമാത്രം പരാമർശിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ച് ഗാന്ധിജിക്കും രവീന്ദ്രനാഥ ടാഗോറിനുമുൾപ്പെടെയുള്ള ദേശീയ നേതാക്കൾക്ക് വിയോജിപ്പുണ്ടായിരുന്നതിനാലാണ് അന്ന് ആദ്യരണ്ട് ചരണങ്ങൾ മാത്രമായി ദേശീയഗീതമായി സ്വീകരിച്ചത്.

1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ ഭരണഘടനാ നിർമ്മാണ സഭായോഗം ചേർന്നപ്പോൾ സഭയുടെ തുടക്കത്തിൽ വന്ദേമാതരത്തിന്റെ ആദ്യരണ്ട് ചരണങ്ങൾ ആണ് ആലപിച്ചത്. 1950 ജനുവരി 24 ന് രാജേന്ദ്രപ്രസാദ് ജനഗണമനയെ ദേശീയഗാനമായി പ്രഖ്യാപിച്ചതിനൊപ്പം സ്വാതന്ത്ര്യസമരത്തിൽ വന്ദേമാതരം വഹിച്ച ചരിത്രപരമായ പങ്ക് മാനിച്ച് ദേശീയഗാനത്തിന് തുല്യമായ ബഹുമാനവും പദവിയും നൽകിയത് ആദ്യരണ്ട് ചരണങ്ങൾ ഉൾക്കൊള്ളുന്ന ഗീതത്തിനായിരുന്നു. പിന്നീട് ഇന്ത്യൻ പാർലമെന്റിലുൾപ്പെടെ ആലപിച്ചിരുന്നതും വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ്.

വന്ദേമാതരത്തിലെ മതബന്ധമുള്ള ഭാഗങ്ങൾ ഒഴിവാക്കിയുള്ളതാവണം ഇന്ത്യയുടെ ദേശീയഗീതമെന്ന് ദേശീയപ്രസ്ഥാനത്തെ നയിച്ച നേതാക്കൾ അന്നുതന്നെ സുചിന്തിതമായി തീരുമാനിച്ചത് നാടിന്റെ ബഹുസ്വരതയ്ക്കും വൈവിധ്യത്തിനും അവർ അത്രമേൽ പ്രാധാന്യം നൽകിയിരുന്നതുകൊണ്ടാണ്. 1947 ന് മുമ്പ് വന്ദേമാതരത്തിന്റെ പൂർണ്ണരൂപത്തിന് ദേശീയഗാന പദവി വേണമെന്ന് ആവശ്യപ്പെട്ടത് ഹിന്ദു മഹാസഭയായിരുന്നു. ദേശീയ സമ്മേളന ഇനങ്ങളിലുൾപ്പെടെ കവിതയുടെ ആദ്യഭാഗം പാടിയാൽ മതിയെന്ന് 1937 ലെ കോൺഗ്രസ് സമ്മേളനം തീരുമാനിച്ചത് ഹിന്ദുമഹാസഭയുടെ ആവശ്യം തള്ളിക്കൊണ്ടാണ്.

നമ്മുടെ രാഷ്ട്രശിൽപ്പികൾ അന്നടച്ച അധ്യായമാണ് ബി.ജെ.പി ഭരണകൂടം ഇപ്പോൾ തുറന്നിരിക്കുന്നത്. രാഷ്ട്രപതിയും ഗവർണറും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിലും മറ്റും വന്ദേമാതരത്തിന്റെ പൂർണ്ണരൂപം പാടണമെന്ന് 2026 ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പിന്നാലെ ഇപ്പോൾ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെ എതിർക്കുന്നത് കുറ്റകരമാക്കുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ദേശീയഗാനത്തിന് മാത്രമുണ്ടായിരുന്ന വ്യവസ്ഥകൾ ഇനി വന്ദേമാതരം പൂർണ്ണരൂപത്തിനും ബാധകം. അവഹേളിച്ചാൽ 3 വർഷം വരെ തടവും പിഴയും ലഭിക്കാം.

ഏത് വിഷയത്തിലും മതത്തിന്റെ പേരിൽ വേർതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ  നേട്ടമുണ്ടാക്കാനുള്ള കൗശലം മാത്രമാണ് കേന്ദ്രസർക്കാരിനിക്കാര്യത്തിലുള്ളതെന്ന് വ്യക്തമാണ്. എക്കാലവും പോറലേൽക്കാതെ കാത്തുസൂക്ഷിക്കേണ്ട നമ്മുടെ മതനിരപേക്ഷതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് നമ്മുടെ ദേശീയതയുടെ പ്രതീകമായിരുന്ന ദേശീയഗീതം 'വന്ദേമാതരം' ജാതിഭേദമെന്യേ എല്ലാവരും പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിർബന്ധബുദ്ധിക്ക് പിന്നിൽ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.