03:18pm 03 May 2026
NEWS
രാഷ്ട്രശിൽപ്പികളുടെ നാമം ജനമനസ്സുകളിൽ നിന്ന് മായ്ക്കാൻ കഴിയില്ല
31/12/2025  07:16 PM IST
രാഷ്ട്രശിൽപ്പികളുടെ നാമം ജനമനസ്സുകളിൽ നിന്ന് മായ്ക്കാൻ കഴിയില്ല

അമേരിക്കൻ ഇടതുപക്ഷ ചിന്തകനും സാമൂഹിക വിമർശകനും എഴുത്തുകാരനുമായ നോംചോംസ്‌കി യുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. 'ജനങ്ങളെ ബലഹീനരാക്കാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് യഥാർത്ഥ മാറ്റങ്ങളുടെ കാരണക്കാരെ ചരിത്രത്തിൽനിന്ന് പുറത്താക്കുകയും, അവരുടെ പങ്ക് അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നത്. മഹാമനുഷ്യരുണ്ടായിട്ടില്ല എന്ന നിലയ്ക്ക് ചരിത്രം വളച്ചൊടിക്കപ്പെടുന്നു. തെറ്റായ പൊതുബോധം വളർത്തുന്നു. എല്ലാം ചെയ്തുകൊടുക്കുന്ന ഒരു മഹാമനുഷ്യനുവേണ്ടി കാത്തിരിക്കുന്നവരായി അവരെ പരുവപ്പെടുത്തുന്നു.'
അധികാരധാർഷ്ട്യത്തിന്റെയും മതാധിഷ്ഠിത പ്രത്യയശാസ്ത്രത്തിന്റെയും പിക്കാസുകൊണ്ട് വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും ഇന്ത്യാ എന്ന ആശയത്തിന്റെ പൈതൃകം തന്നെ പിഴുതുമാറ്റി അവിടെ വർഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകാൻ ശ്രമിക്കുന്ന വർത്തമാനകാല ഇന്ത്യയുടെ നേർചിത്രം ലോകത്തെ നോക്കി നോം ചോംസ്‌കി പറഞ്ഞ വാക്കുകളിൽ കാണാൻ സാധിക്കും.

ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യക്ക് മോചനം നേടിയെടുക്കുന്നതിന് വേണ്ടി ഗാന്ധി, നെഹ്‌റു, പട്ടേൽ, ആസാദ് തുടങ്ങിയ മഹാമനുഷ്യരുടെയും ദേശീയപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സ്ഥായിയാകണമെങ്കിൽ ഇന്ത്യയിൽ ഒരു ജനാധിപത്യമതേതര രാഷ്ട്രം സ്ഥാപിച്ച് ബലപ്പെടുത്തിയാൽ മാത്രമേ സാധിക്കൂ എന്ന് വിശ്വസിച്ചവരിൽ പ്രധാനിയായിരുന്നു ജവഹർലാൽ നെഹ്‌റു. അതുകൊണ്ടാകാം വർഗ്ഗീയശക്തികൾ അവരുടെ ഏറ്റവും വലിയ എതിരാളിയായി നെഹ്‌റുവിനെ കണ്ടത്.

നെഹ്‌റുവിന്റെ സമുന്നതമായ നേതൃത്വമാണ് സ്വതന്ത്ര ഇന്ത്യക്ക് അടിത്തറ പാകി ദിശാബോധം നൽകിയത് ആധുനിക ഇന്ത്യയുടെ ശിൽപ്പി എന്ന് നിസ്സംശയം പറയാം. ആ മഹാമനുഷ്യനെയാണ് തമസ്‌ക്കരിക്കാനും ദേശവിരുദ്ധനായി ചിത്രീകരിക്കാനും 2014 മുതൽ ഭരണകൂടം ആസൂത്രിതവും സംഘടിതവുമായി ശ്രമിച്ചിരുന്നത്. അതിന്റെ അടുത്തഘട്ടമായി രാഷ്ട്രപിതാവായ ഗാന്ധിജിയെന്ന മഹാത്മാവിനെയും ഇകഴ്ത്താനും തമസ്‌കരിക്കാനും ഭരണാധികാരികൾക്ക് മടിയില്ലാതായിരിക്കുന്നു.

നെഹ്‌റുവിനുശേഷം ഗാന്ധിയുടെയും പൈതൃകത്തെ മായ്ച്ചുകളയാനുള്ള അവധാനപൂർവ്വമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ ലോകം കാര്യമായി അറിഞ്ഞിരുന്നില്ലെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് ലോകത്തെ അമ്പരപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രചാരണ പോസ്റ്ററുകളിൽ ദേശീയ നേതാക്കളുടെ ചിത്രം കൊടുക്കുമ്പോൾ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുകളിൽ വി.ഡി.സവർക്കറുടെ ചിത്രം വലുപ്പത്തിൽ കൊടുക്കുന്നതും, നെഹ്‌റുവിന്റെ ചിത്രമേ ഇല്ലാതെ പോകുന്നതും യാദൃച്ഛികമല്ല. വി.ഡി. സവർക്കറുടെ ജന്മദിനമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത്.

2014 ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നയുടനെ ഗാന്ധിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒട്ടനവധി രേഖകൾ ആഭ്യന്തര മന്ത്രാലയത്തിൽ നശിക്കപ്പെട്ടത് എങ്ങനെയെന്ന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.

ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എം.ജി.എൻ.ആർ.ഇ.ജി.എസ്) തച്ചുടച്ച് പേരുമാറ്റി പുതിയ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) എന്ന പേരിലുള്ള പദ്ധതിക്കുവേണ്ടി പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി കഴിഞ്ഞു. കേരളത്തിലുൾപ്പെടെ ഒട്ടേറെ പാവപ്പെട്ടവരുടെ ജീവിതത്തിൽ വലിയ ആശ്വാസം അരുളിയ തൊഴിലുറപ്പുപദ്ധതിയിൽ വരുത്തിയിട്ടുള്ള മാറ്റം അതിന്റെ യഥാർത്ഥലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതാണ്. രാജ്യത്താകെ വലിയ സാമൂഹിക- പാരിസ്ഥിതിക വിപ്ലവം സൃഷ്ടിച്ച, ദരിദ്രരായ വലിയ ജനവിഭാഗത്തെ ഉൽപ്പാദനക്ഷമതയുള്ളവരാക്കിയ പദ്ധതിയുടെ കഴുത്ത് ഞെരിക്കുക കൂടിയാണ് ഒരു മഹാമനുഷ്യന്റെ പേരുവെട്ടിയ നടപടിക്ക് ഒപ്പം ചെയ്തിരിക്കുന്നത്. രാഷ്ട്രശിൽപ്പികളുടെ പേരുകൾ രേഖകളിൽ നിന്നേ മായ്ക്കാൻ കഴിയൂ, ജനകോടികളുടെ മനസ്സുകളിൽനിന്ന് മായ്ക്കാൻ കഴിയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.