
ന്യൂഡൽഹി: ഗ്രാമീണ തൊഴിൽ മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിർണായക പങ്ക് വഹിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റിയും വ്യവസ്ഥകളിൽ കാതലായ പരിഷ്കാരങ്ങൾ വരുത്തിയും കൊണ്ടുള്ള ബദൽ ബിൽ കേന്ദ്ര സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. 'മഹാത്മാഗാന്ധി'യുടെ പേര് പദ്ധതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പുതിയ പദ്ധതി 'വികസിത ഭാരത് -ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ)' (VB-G RAM G) എന്ന പേരിലായിരിക്കും അറിയപ്പെടുക. 2047-ലെ 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം അവകാശപ്പെടുന്നു. 2005-ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോളാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.
വേതന വിഹിതത്തിൽ മാറ്റം, സംസ്ഥാനങ്ങൾക്ക് അധിക ഭാരം
നിലവിൽ കേന്ദ്രം പൂർണ്ണമായും നൽകിയിരുന്ന വേതന വിഹിതത്തിൽ പുതിയ ബിൽ വലിയ മാറ്റം വരുത്തും. ഇനി മുതൽ, തൊഴിലാളികളുടെ വേതനത്തിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കണം. എന്നാൽ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90% വിഹിതം കേന്ദ്രം നൽകും, നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിൽ മുഴുവൻ തുകയും കേന്ദ്രം നൽകും.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു: നിലവിലെ 100 ദിവസത്തിൽ നിന്ന് 125 ദിവസമായി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു.
തൊഴിൽ മേഖലകൾ: ജലസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, പ്രകൃതി ദുരന്ത ലഘൂകരണം തുടങ്ങിയവയായിരിക്കും പ്രധാന തൊഴിൽ മേഖലകൾ.
കേന്ദ്ര നിയന്ത്രണം: ഓരോ സാമ്പത്തിക വർഷത്തെയും സംസ്ഥാനം തിരിച്ചുള്ള വിഹിതവും പ്രവർത്തന മേഖലകളും കേന്ദ്ര സർക്കാർ നിർണ്ണയിക്കും. പദ്ധതി ആസൂത്രണവും നിരീക്ഷണവും പി.എം. ഗതി-ശക്തി പോലുള്ള കേന്ദ്ര പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും.
ഫണ്ട് ദുരുപയോഗം തടയാൻ കർശന നടപടികൾ:
തട്ടിപ്പും ഫണ്ട് ദുരുപയോഗവും തടയാനായി സാങ്കേതികവിദ്യയുടെ സഹായം തേടും.
ജോലി സ്ഥലങ്ങളുടെ ജിയോ ടാഗിംഗ് നിരീക്ഷണം.
തൊഴിലാളികൾക്ക് മൊബൈൽ ആപ്പ് അധിഷ്ഠിത ഹാജർ നിർബന്ധമാക്കും.
ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം.
തത്സമയ വിവരങ്ങൾക്കായി ജി.പി.എസ്, മൊബൈൽ അധിഷ്ഠിത നിരീക്ഷണം, എ.ഐ. സംവിധാനം എന്നിവ നടപ്പിലാക്കും.
ഗ്രാമപഞ്ചായത്തുകളിൽ വർഷത്തിൽ രണ്ടുതവണ വാർഷിക സോഷ്യൽ ഓഡിറ്റുകൾ നടത്തും.
കൃഷിക്ക് വേണ്ടി മാറ്റിവയ്ക്കാം:
വിതയ്‌ക്കൽ, വിളവെടുപ്പ് സീസണുകളിൽ 60 ദിവസം വരെ മറ്റ് ജോലികൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഈ സമയം തൊഴിലുറപ്പ് സേവനം കൃഷി കാര്യങ്ങൾക്കായി ഉപയോഗിക്കണം.











