09:05pm 06 November 2026
NEWS
ഇടപ്പള്ളി രക്തസാക്ഷിയുടെ പേര് കല്ലറ ഫലകത്തിൽ പതിഞ്ഞു; ഇനി പൊലീസ് സ്റ്റേഷനിലൊരു സ്മാരകം വേണം
15/03/2026  09:17 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇടപ്പള്ളി രക്തസാക്ഷിയുടെ പേര് കല്ലറ ഫലകത്തിൽ പതിഞ്ഞു; ഇനി പൊലീസ് സ്റ്റേഷനിലൊരു സ്മാരകം വേണം

തന്റെയച്ഛൻ ഭൂമിയിൽ നിന്നും വിടപറഞ്ഞിട്ട് 76 വർഷങ്ങൾ പിന്നിടുന്നു. ആലപ്പുഴ പാതിരപ്പള്ളി കൂരൻവട്ടത്തറ വീട്ടിൽ ജോസ് കെ.എം എന്ന ജോസ് .കെ മാത്യുവിന് പ്രായം 75 തികഞ്ഞു. അച്ഛനെ കണ്ടിട്ടില്ലാത്ത മകൻ അച്ഛന്റെ കല്ലറ തിരിച്ചറിഞ്ഞ കാലം മുതൽ അവിടെ ഓരോ വർഷവും വന്ന് മെഴുകുതിരി കത്തിക്കും, പൂക്കളർപ്പിച്ച് പ്രാർഥിക്കും. ഈ വർഷവും അതിന് മാറ്റമുണ്ടായില്ല. ഈ വർഷം പക്ഷേ, അച്ഛന്റെ കുഴിമാടത്തിനരികെ നിൽക്കുമ്പോൾ ജോസ് .കെ മാത്യുവിന് അച്ഛനോട് പറയാനൊരു വിശേഷം കൂടിയുണ്ട്. കുടുംബ കല്ലറയിൽ നിന്നും ഒഴിവാക്കിയ അച്ഛന്റെ പേര് നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിൽ കല്ലറയ്ക്ക് മുകളിലെ മാർബിളിൽ കൊത്തിവെക്കാൻ കഴിഞ്ഞിരിക്കുന്നു. പേരെഴുതിയതിന് ശേഷമുള്ള ആദ്യ ഓർമദിനമായിരുന്നു ഈ ഫെബ്രുവരി 28. 

കുടുംബകല്ലറയുടെ മാർബിൾ ഫലകത്തിന് മുകളിൽ, സ്‌നേഹാദരത്തോടെ അർപ്പിച്ച ജെർബറാ പൂക്കളുടെ ബൊക്കെയിലെ പൂക്കാലം പറയുന്ന 'ഐ ലവ് യൂ' അടയാളത്തിനും കത്തിച്ചുവെച്ച മെഴുകുതിരികൾക്കുമിടയിൽ രേഖപ്പെടുത്തി വെച്ചത് ചരിത്രമായിരുന്നു. കേരളത്തിലെ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായി ഡ്യൂട്ടിക്കിടയിൽ സ്വന്തം പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെട്ട ഒരു പൊലീസുകാരന്റെ ചരിത്രം. അതിങ്ങനെയായിരുന്നു 'കെ.ജെ. മാത്യു. 1950 ഫെബ്രുവരി 28ന് നടന്ന ഇടപ്പള്ളി പോലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട (പി സി 2880) കോൺസ്റ്റബിൾ'.

ജോസ് .കെ മാത്യുവെന്ന ഭ്രൂണത്തിന് അമ്മയുടെ വയറ്റിൽ ഒരു മാസം പ്രായമായിരിക്കെയാണ് അച്ഛൻ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചവരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. വടക്കൻ പറവൂർ കോട്ടക്കാവ് മാർതോമ സിറോ മലബാർ ചർച്ചിലെ സെമിത്തേരി സന്ദർശിച്ച് ആദരവ് അർപ്പിക്കുന്നതുപോലെ ജോസ് കെ മാത്യു ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലും ഫെബ്രുവരിയിലെ 28-ാം നാൾ സന്ദർശിക്കും. കോട്ടക്കാവ് പള്ളിയിലെ സെമിത്തേരിയിൽ കൊത്തിവെച്ച മാർബിൾ കല്ലറ പോലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ ആക്രമണത്തിന്റെ സ്മാരകമായൊരു വെട്ടും ഇപ്പോഴുമുണ്ട്. ഡ്യൂട്ടിയിലിരിക്കെ ഒരു പൊലീസുകാരൻ പൊലീസ് സ്റ്റേഷനകത്ത് കൊല്ലപ്പെട്ടതിനാൽ അവിടൊരു സ്മാരകം വേണമെന്നത് ജോസ് കെ മാത്യുവിന്റെ ആവശ്യമാണ്. അങ്ങനെയൊരു സ്മാരകം കേരള പൊലീസിന്റെ ചരിത്രത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

ജോസ് .കെ മാത്യുവിന് അച്ഛനെന്നാൽ പൊലീസ് യൂണിഫോമിലുള്ള ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയും ബ്രിട്ടീഷ് സർക്കാറിന്റെ കാലത്തെ ഒരു പൊലീസ് വിസിലും അമ്മ പറഞ്ഞു കൊടുത്ത ഏതാനും കാര്യങ്ങളും മാത്രമാണ്. അതോടൊപ്പം കൂട്ടിച്ചേർത്തു വെക്കാനാവുക വടക്കൻ പറവൂരിലെ കല്ലറയും ഇടപ്പള്ളി പൊലീസ് ലോക്കപ്പിനു മുകളിലെ വെട്ടേറ്റ പാടുമാണ്. ഇതൊക്കെയാണ് അച്ഛന്റെ ബാക്കിപത്രങ്ങളെങ്കിൽ ജോസ് കണ്ടിട്ടില്ലാത്ത തന്റെ അച്ഛനു വേണ്ടി കുറേ ഫയലുകൾ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. നീതിതേടി പോരാട്ടം നടത്തിയ ഫയലുകളാണവ. മുഖ്യമന്ത്രി മുതലിങ്ങോട്ട് നൽകിയ അപേക്ഷകൾ, പത്രകട്ടിംഗുകൾ, അധികൃതരുടെ മറുപടികൾ തുടങ്ങി പഴക്കം ചെല്ലുന്തോറും അച്ചടി മഷി മങ്ങുകയും ഓർമകൾക്ക് കൂടുതൽ തിളക്കം നൽകുകയും ചെയ്യുന്ന ഫയലുകൾ. 

കേരള പൊലീസിന്റെ ചരിത്രത്തിലെ രക്തം തെറിച്ച ചരിത്രമുള്ള പൊലീസ് സ്റ്റേഷനുകളിലൊന്നാണ് ഇടപ്പള്ളി. 1950 ഫെബ്രുവരി 28 നാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടന്നത്. കേരളത്തിലെ ആദ്യത്തെ പൊലീസ് സ്റ്റേഷൻ ആക്രമണമാണിത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് ശേഷം പതിനെട്ടര വർഷം കഴിഞ്ഞാണ് മറ്റു രണ്ടു പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടത് തലശ്ശേരിയും പുൽപ്പള്ളിയും!
1950 മാർച്ച് ഒൻപതിന് രാജ്യവ്യാപകമായി റെയിൽവേ പണിമുടക്ക് നടത്താൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടാനുള്ള കാരണമുണ്ടായത്. മദ്രാസ് ഗവൺമെന്റിനെ അട്ടിമറിക്കാൻ റെയിൽവേ ഫാക്ടറിയിൽ ബോംബ് നിർമിച്ചെന്ന കുറ്റം ചുമത്തി 146 യൂണിയൻ നേതാക്കളെ പൊലീസ് പിടികൂടിയ 'ട്രിച്ചി ഗൂഢാലോചന'യെന്ന കേസിനെതിരെയുള്ള പ്രതിഷേധമായിരുന്നു റെയിൽവേ പണിമുടക്ക്. ആലുവ മേഖലയിൽ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച നേതാവായ എൻ.കെ. മാധവനും വറീതുകുട്ടിയും പണിമുടക്കുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് മടങ്ങുമ്പോൾ അറസ്റ്റിലായി. ഇരുനേതാക്കളേയും മോചിപ്പിക്കാൻ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയെന്ന ലക്ഷ്യം വളരെ പെട്ടെന്ന് കമ്യൂണിസ്റ്റുകാർ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തത് അങ്ങനെയായിരുന്നു. 

അറസ്റ്റിലായ നേതാക്കളുടെ സുരക്ഷയ്ക്ക് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൂടുതൽ ജാഗ്രത ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായി ശക്തമായി വെളിച്ചം പ്രസരിപ്പിക്കുന്ന ബൾബാണ് പൊലീസ് സ്റ്റേഷനു മുമ്പിലുണ്ടായിരുന്നത്. കോൺസ്റ്റബിൾ മാത്യുവായിരുന്നു നിറത്തോക്കുമായി സ്റ്റേഷനു മുമ്പിലെ പാറാവു ഡ്യൂട്ടിക്കുണ്ടായിരുന്നത്. രാത്രി പത്തു മണിയോടെയാണ് രണ്ട് വാക്കത്തി, കുറച്ചു വടികൾ, ഒരു കൈംബോബ് എന്നിവയുമായി കെ.സി. മാത്യുവിന്റെ നേതൃത്വത്തിൽ എം.എം ലോറൻസ്, വി. വിശ്വനാഥമേനോൻ, കെ.യു. ദാസ് തുടങ്ങി 17 പേർ അടങ്ങിയ സംഘം ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചെത്തിയത്. 

പൊലീസ് സ്റ്റേഷനിൽ നിന്നും ഏതാനും മീറ്ററകലെയുള്ള പ്രധാന റോഡ് മുറിച്ചു കടന്ന് പോണേക്കര ഭാഗത്തു നിന്നായിരുന്നു കമ്യൂണിസ്റ്റ് സംഘത്തിന്റെ വരവ്. ഒരു സംഘം തങ്ങളെ ആക്രമിക്കാനാണ് വരുന്നതെന്ന് മനസ്സിലാക്കിയ മാത്യു അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നതും ഡ്യൂട്ടിയിലില്ലാതെ വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്തിരുന്ന പൊലീസുകാരെയെല്ലാം ഉണർത്തിയെങ്കിലും അക്രമികളെ കണ്ട പലരും ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. അക്രമിസംഘം സ്റ്റേഷനിലേക്കെറിഞ്ഞ കൈബോംബ് പൊട്ടിയില്ല. കെ.സി. മാത്യുവിന്റെ നെഞ്ചിലേക്ക് കോൺസ്റ്റബിൾ മാത്യു തോക്കിന്റെ ബയണറ്റ് കുത്തിപ്പിടിച്ചെങ്കിലും കൂടുതൽ പേരുടെ ആക്രമണം തടയാൻ അദ്ദേഹത്തിന് സാധിച്ചില്ല. ലോക്കപ്പിന് സമീപം കോൺസ്റ്റബിൾ മാത്യുവും അധികാരികളെ ടെലിഫോണിൽ വിവരം അറിയിക്കാൻ എസ് ഐയുടെ മുറിയിലേക്ക് കയറിയ സ്റ്റേഷൻ ചാർജുള്ള കോൺസ്റ്റബിൾ വേലായുധനും അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു. കയ്യിലുള്ള ആയുധം ഉപയോഗിച്ച് ലോക്കപ്പ് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നതോടെ പതിനഞ്ച് മിനുട്ടിനകം ആക്രമികൾ രക്ഷപ്പെടുകയായിരുന്നു.

ലോക്കപ്പ് പൂട്ടി താക്കോലുമായി കോൺസ്റ്റബിൾ കൃഷ്ണപിള്ള വീട്ടിൽ പോയിരുന്നുവെന്നും അതല്ല കൊല്ലപ്പെട്ട കോൺസ്റ്റബിൾ മാത്യുവിന്റെ യൂണിഫോമിന്റെ കീശയിലായിരുന്നു താക്കോലെന്നും പറയുന്നുണ്ട്. രണ്ടായാലും അതിശക്തമായ ലോക്കപ്പ് പൊളിക്കാൻ അക്രമികൾക്ക് കഴിഞ്ഞില്ല. അന്ന് ലോക്കപ്പ് തകർക്കാൻ ശ്രമിച്ച അടയാളമാണ് ഇപ്പോഴും ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനു മുകളിലുള്ളത്. 
അച്ഛൻ മാത്യു വടക്കൻ പറവൂരിലെ കൂരൻവട്ടത്തറ കുടുംബാംഗവും അമ്മ മറിയക്കുട്ടി ചേർത്തല വെളിയിൽ പറമ്പ് കുടുംബക്കാരിയു മായിരുന്നു. മാത്യു കൊല്ലപ്പെട്ടതിന് ശേഷം മറിയക്കുട്ടി തന്റെ വീട്ടിലേക്ക് മാറി. ജോസ് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം അമ്മയുടെ നാട്ടിലായിരുന്നു. അമ്മയുടെ അച്ഛനും അധ്യാപകനും നാട്ടുപ്രമാണിയുമായിരുന്ന പൈലോ സാറായിരുന്നു ജോസിന്റെ രക്ഷാധികാരി. എങ്കിലും നാലാം ക്ലാസിൽ പഠിക്കുമ്പോൾ ജോസ് ആ വിവരമറിഞ്ഞു തന്റെ അച്ഛൻ പൊലീസ് കോൺസ്റ്റബിളായിരുന്നെന്നും ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെട്ടതാണെന്നും വടക്കൻ പറവൂരുകാരനാണെന്നും!

നിരന്തരമായ അഭ്യർഥനകളെ തുടർന്ന് മറിയക്കുട്ടിക്കും ജോസിനും സർക്കാർ കംപാഷ്യനേറ്റ് അലവൻസ് എന്ന പേരിൽ പെൻഷൻ അനുവദിച്ചിരുന്നു. 1953-ൽ പെൻഷൻ അനുവദിച്ച കാലത്ത് മറിയക്കുട്ടിക്ക് 10 രൂപയും ജോസിന് 5 രൂപയുമായിരുന്നു അലവൻസ്. തന്നേയും കൂട്ടി അമ്മ അലവൻസ് വാങ്ങാൻ പോയിരുന്നതും വരുന്ന വഴിയിൽ എന്തെങ്കിലുമൊക്കെ ഭക്ഷണം വാങ്ങി ദരിദ്രർക്ക് നൽകിയിരുന്നതുമെല്ലാം ജോസിന് ഇന്നലെയെന്ന പോലെ ഓർമയുണ്ട്. 

പരിപ്പുവടയും ഉണ്ണിയപ്പവുമെല്ലാം വാങ്ങി സമീപത്തെ ആശുപത്രിയിൽ പോയി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അമ്മ നൽകിയിരുന്നു. പതിനെട്ടു വയസ്സു തികഞ്ഞപ്പോൾ ജോസിന് ലഭിക്കുന്ന അലവൻസ് നിർത്തലാക്കിയെങ്കിലും 1989 ജൂലൈ 16-ന് മരിക്കുവോളം മറിയക്കുട്ടിക്ക് അലവൻസ് കിട്ടിയിരുന്നു. മരിക്കുന്ന കാലത്ത് 200 രൂപയായിരുന്നു തുക.

ഇരുപത്തിയെട്ടാം വയസ്സിൽ വിധവയാകേണ്ടി വന്ന തന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ കണ്ടുവളർന്നതിനാൽ ജോസിന് അച്ഛനെന്ന പ്രതീകം തനിക്കു മുമ്പിലുണ്ടാവണമെന്ന നിർബന്ധമുണ്ടായിരുന്നു. 
അമ്മ സൂക്ഷിച്ചു വെച്ച അച്ഛന്റെ മരണ വാർത്ത അടങ്ങിയ പത്രങ്ങളിൽ നിന്നാണ് ജോസ് വിവരങ്ങൾ മനസ്സിലാക്കിയത്. നസ്രാണി ദീപികയുടേയും മലബാർ മെയിലിന്റേയുമെല്ലാം പത്രകട്ടിംഗുകൾ അമ്മയുടെ ശേഖരത്തിലുണ്ടായിരുന്നു. പൊലീസ് യൂണിഫോമിലുള്ള അച്ഛന്റെ ഫോട്ടോയും അമ്മയിൽ നിന്നാണ് കിട്ടിയത്. അതിന്റെ കോപ്പി ജോസ് തന്റെ പേഴ്‌സിൽ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. മാത്യു എന്ന പൊലീസ് കോൺസ്റ്റബിൾ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം അദ്ദേഹത്തിന്റെ ഫോട്ടോ മകൻ തന്റെ പേഴ്‌സിൽ സ്‌നേഹാദരവോടെ ചേർത്തുവെച്ചിരിക്കുന്നു. ഈ ഒറ്റ ചിത്രം മാത്രമാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മാത്യുവിന്റേതായി നിലവിലുള്ളത്. 

അമ്മാവനോടൊപ്പമാണ് ജോസ് ആദ്യമായി അച്ഛന്റെ കുഴിമാടം കാണാൻ പോയത് കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലെ 48-ാം നമ്പർ കുഴിമാടം. പിന്നീടൊരിക്കൽ വീട്ടിൽ നിന്നും പിണങ്ങിയും പറവൂരിലേക്ക് ബസ് കയറി. 

കുഴിമാടത്തിനു മുകളിൽ അക്കാലത്ത് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ രക്തസാക്ഷി എന്ന് രേഖപ്പെടുത്തിയ ഫലകമുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ ഫലകം പള്ളിക്കാർ എടുത്തുകളഞ്ഞു. തന്റെ അച്ഛനോടു മാത്രമല്ല ചരിത്രത്തോടും ചെയ്യുന്ന നീതിയില്ലായ്മയാണ് അതെന്ന് തിരിച്ചറിഞ്ഞ ജോസ് പിന്നീട് അച്ഛന്റെ പേരും വിവരങ്ങളും തിരികെ രേഖപ്പെടുത്തിക്കിട്ടാനുള്ള പോരാട്ടത്തിലായിരുന്നു. പല വർഷങ്ങളിലെ നിരന്തര പോരാട്ടത്തിനും ആവശ്യപ്പെടലുകൾക്കും ശേഷമാണ് ഇടപ്പള്ളി രക്തസാക്ഷിയുടെ പേരും വിവരവും കുഴിമാടത്തിനു മുകളിൽ രേഖപ്പെടുത്തിക്കിട്ടിയത്. അങ്ങനെ രേഖപ്പെടുത്തിയതിന് ശേഷം വന്ന ആദ്യത്തെ ഓർമ ദിനമായിരുന്നു ഈ ഫെബ്രുവരി 28. കൂരൻവട്ടത്തറ മാത്യു എന്ന മനുഷ്യൻ 76 വർഷം മുമ്പ് കുഴിമാടത്തിൽ അടക്കപ്പെട്ടത് വെറുതെയായിരുന്നില്ലെന്നും അതിനൊരു കാരണമുണ്ടായിരുന്നുവെന്ന് സമൂഹം ഓർക്കണമെന്നും ജോസ് കെ മാത്യുവിന് നിർബന്ധമുണ്ടായിരുന്നു. ആ ആഗ്രഹമാണ് ഈ വർഷം സഫലമായത്. 

തന്നെ അനാഥനും അമ്മയെ വിധവയുമാക്കിയ ലോകത്തോട് ജോസിന് ദേഷ്യമോ പരിഭവമോ ഇല്ല. അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കളിൽ പലരും തന്നെപ്പോലെയാണ് വളർന്നതെന്നും അദ്ദേഹത്തിന് അറിയാം. തന്റെ അച്ഛൻ കൊല്ലപ്പെട്ടതിനാൽ കൂടെയില്ല, അവരുടെയൊക്കെ അച്ഛന്മാരാകട്ടെ പാർട്ടി പ്രവർത്തനങ്ങളുടെ പേരിൽ പലയിടങ്ങളിലും ഒളിവും ജയിലിലും. രണ്ട് അവസ്ഥയും ഏതാണ് തുല്യം!

അച്ഛന്റെ കുഴിമാടത്തിൽ പൂക്കളർപ്പിച്ച് മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചതിന് ശേഷം ജോസ് കെ മാത്യു കോട്ടത്തറ പള്ളിയുടെ സ്റ്റേഷനറി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇടത്തേക്ക് പോയി. അവിടെ കൗണ്ടറിൽ പണമടച്ച് രസീതി വാങ്ങി കൂരൻവട്ടത്തറ മാത്യുവിന്റെ ഓർമ ദിനത്തിൽ കുർബാനയിൽ വിശ്വാസികൾ പ്രാർഥന നടത്തും. 

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും തീർഥക്കുളവും പിന്നിട്ട് ജോസ് കെ. മാത്യു തിരിച്ചിറങ്ങി. വടക്കൻ പറവൂരിലെ ശ്മശാനത്തിൽ നിന്ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക്.  ഒരു മനുഷ്യന്റെ ജീവിതതാളത്തിന് അദ്ദേഹത്തിന്റെ മകൻ സമർപ്പിക്കുന്ന ഹൃദയതാളം!

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img