11:48am 16 September 2026
NEWS
സുകുമാരൻ നായരുടെ മലക്കം മറിച്ചിലിന് പിന്നിലെ നിഗൂഢത
01/10/2025  08:18 PM IST
പി. ജയചന്ദ്രൻ
സുകുമാരൻ നായരുടെ മലക്കം മറിച്ചിലിന് പിന്നിലെ നിഗൂഢത
HIGHLIGHTS

അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയുടെ തേരുവലിക്കുന്നത് സുകുമാരൻ നായരും വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും രാമഭദ്രനും ചേർന്നായിരിക്കുമോ ?

 

ഒന്നും കാണാതെ അതിയാൻ ഇൻഡ്യൻ ടൈ അഴിക്കില്ല എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ശ്രേഷ്ഠ മലയാളത്തിൽ, നിന്നനിൽപ്പിൽ മലക്കം മറിഞ്ഞ ചങ്ങനാശ്ശേരിക്കാരൻ മണിച്ചേട്ടനെപ്പറ്റി ഓർത്തപ്പോൾ വിവരമുള്ളവരാരോ പണ്ടെന്നോ പറഞ്ഞുവെച്ച ആ ചൊല്ലാണ് ഓർമ്മ വന്നത്. ഒന്നും കാണാതെ മണിച്ചേട്ടൻ ടൈ അഴിക്കില്ല. എന്തെങ്കിലും കണ്ടുകൊണ്ടുതന്നെയാകും.

അതെന്തായിരിക്കും എന്ന് ആലോചിച്ച് തലപുകയ്ക്കുകയോ പാഴൂർപടിക്കൽ പോയി കവടി നിരത്തുകയോ ഒന്നും വേണ്ട. മണിച്ചേട്ടന്റെ തന്നെ വാക്കുകൾ വള്ളിപുള്ളി വിസർഗ്ഗം കളയാതെ എടുത്ത് സൂക്ഷ്മം സസൂക്ഷ്മം പരിശോധിച്ചാൽ സംഗതി പിടികിട്ടും- കാരണഭൂതനിപ്പോൾ പഴയ ആളല്ല. പൂർണ്ണമായും വിശ്വസിക്കാൻ കൊള്ളാവുന്നയാൾതന്നെ. പണ്ടത്തെപ്പോലെ കുണ്ടാമണ്ടികളൊന്നും കാട്ടില്ലെന്നും മണിച്ചേട്ടൻ മനസ്സിൽ കാണുന്നത് മരത്തിൽ കാണിച്ചുകൊടുക്കാമെന്നും ഉറപ്പുനൽകിയത്രെ. ഏഴരപ്പൊന്നാനയുടെ നാട്ടിൽ നിന്നും പോയി പുലിവാഹകനനെ നിയന്ത്രിക്കുന്ന സഹപ്രവർത്തകനാണു പോലും മണിച്ചേട്ടനും കാരണഭൂതർക്കും ഇടയിൽ പാലം പണിതത്.

ഇനി കാര്യത്തിലേക്ക് കടക്കാം.

ഇക്കഴിഞ്ഞ മന്നം ജയന്തി ആഘോഷവേളയിൽപ്പോലും രമേശ് ചെന്നിത്തലയെ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്നുള്ള എൻ.എസ്.എസിന്റെ താൽപ്പര്യം പറയാതെ പറഞ്ഞ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പൊടുന്നനെയുള്ള നിലപാടുമാറ്റം കേരള രാഷ്ട്രീയത്തിൽ മാത്രമല്ല നായർ സമുദായാംഗങ്ങൾക്കിടയിലും കടുത്ത ആശയക്കുഴപ്പവും അമ്പരപ്പും സൃഷ്ടിച്ചിരിക്കുകയാണ്. മുൻപൊരു കാലത്തും ഉണ്ടായിട്ടില്ലാത്തവിധം ഒന്നാം പിണറായി സർക്കാർ ശബരിമലയെ വിവാദകേന്ദ്രമാക്കുകയും, കോടതി ഉത്തരവിന്റെ മറവിൽ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കാൻ തയ്യാറാവുകയും ചെയ്തപ്പോൾ അതിനെതിരെ ഉയർന്നുവന്ന ഏറ്റവും വലിയ ആചാര സംരക്ഷണ പ്രക്ഷോഭമായിരുന്നല്ലോ നാമജപഘോഷയാത്ര. ആയിരക്കണക്കിന് സ്ത്രീഭക്തജനങ്ങൾ നാമജപവുമായി തെരുവിലൂടെ നടന്നുനീങ്ങിയപ്പോൾ അതിലൊരു വലിയ പങ്കും നായർ സമുദായത്തിൽപെട്ട സ്ത്രീകളായിരുന്നു. അതുകൊണ്ടുതന്നെ അവരിൽ പലരും കേസിൽ പ്രതികളുമായി. ആ കേസുകൾ പിൻവലിക്കണമെന്നും, സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകണമെന്നും എൻ.എസ്.എസ് ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടനകൾ പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും അതിനോട് പുറംതിരിഞ്ഞുള്ള സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചത്. എന്നിട്ടും അതേ പിണറായി സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, ശബരിമലയുടെ സമഗ്രവികസനം ചർച്ച ചെയ്യാൻ എന്നുപറഞ്ഞ് പമ്പയിൽ ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ ആദ്യമായി അനുകൂലിച്ചത് സംസ്ഥാന നായർ സർവ്വീസ് സൊസൈറ്റിയാണ്, എന്നുമാത്രമല്ല സംഗമത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനേയും സർക്കാരിനേയും വാനോളം പുകഴ്ത്തുവാനും സുകുമാരൻ നായർ തയ്യാറായി.

ശബരിമലയുടെ വിശ്വാസസംരക്ഷണത്തിനും വികസനത്തിനും വേണ്ടിയാണ് സർക്കാർ ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് തിരിച്ചറിഞ്ഞു ക്ഷേത്രം നിലനിന്നുപോകാനാഗ്രഹിക്കുന്നവർ തീർച്ചയായും സർക്കാരിനൊപ്പം കൂടും... എന്നാണ് ഇക്കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള ദിനപ്പത്രത്തിൽ വന്ന സുകുമാരൻ നായരുടേതായ സംസാരം. ഒപ്പം പുതിയ ബാന്ധവത്തിൽ കല്ലുകടിയുണ്ടാകാതിരിക്കുവാൻ, അത് തങ്ങളുടെ ആഹ്വാനം ചെവിക്കൊണ്ട് നാമജപഘോഷയാത്രയുമായി തെരുവിലിറങ്ങിയവരെ നിഷ്‌ക്കരുണം തള്ളിപ്പറയുവാനും ഇദ്ദേഹം തയ്യാറായിട്ടുള്ളതായി കാണാം.

കേസുകൾ പിൻവലിക്കണമെന്ന് മുൻപേതന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിന് രണ്ട് രൂപമുണ്ട്. ആൾക്കൂട്ടമുണ്ടാക്കി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം മുടക്കി, പൊതുമുതൽ നശിപ്പിച്ചു എന്നീ വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്. റോഡ് തടഞ്ഞ ആളുകളുടെ കേസുകൾ പിൻവലിക്കുമെന്നാണറിയുന്നത്. എന്നാൽ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവം നിയമപരമായിത്തന്നെ പരിഹരിക്കപ്പെടേണ്ടതായാണെന്ന് അറിയുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞിട്ടുള്ളത്. അതേസമയം നിരപരാധികളായവരെപ്പോലും പൊതുമുതൽ നശിപ്പിച്ചു എന്ന വകുപ്പിലാണ് പെടുത്തിയിട്ടുള്ളതെന്നാണറിയുന്നത്. അതായത് കേസുകൾ കേസുകളായിത്തന്നെ നിലനിൽക്കുമെന്നു സാരം.

ഇതൊരു വലിയ ചതിയോ വഞ്ചനയോ ഒക്കെയായിട്ടാണ് പൊതുവേയുള്ള വിലയിരുത്തൽ. എൻ.ഡി.എയ്ക്ക് സർക്കാരുമായി പുത്തൻ ബാന്ധവം സൃഷ്ടിക്കുവാനായി, കാമുകനോടൊത്തു ജീവിക്കുവാൻ വേണ്ടി ആദ്യഭർത്താവിലെ കുഞ്ഞിനെ കൊല്ലുന്ന അമ്മയെപ്പോലെയാണ് നേതൃത്വം പെരുമാറുന്നതെന്നാണ് സംസാരം.

പിൻതുണയ്ക്ക് പിറകിൽ...?

അതേസമയം പിണറായി സർക്കാരുമായുള്ള എൻ.എസ്.എസിന്റെ ഈ പുത്തൻ ബാന്ധവത്തിന് പിന്നിൽ വലിയ വാഗ്ദാനങ്ങളുടെ കഥകളാണ് സംഘടനയ്ക്കുള്ളിൽ പറഞ്ഞുകേൾക്കുന്നത്. എൻ.എസ്.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സർക്കാരിൽ നിന്നും വാഗ്ദാനങ്ങൾ കിട്ടിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ നടക്കാതെ പോയ ആ നിയമന വിഷയം ഒടുവിൽ കോടതി കയറുന്ന സാഹചര്യം പോലുമുണ്ടായി. അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ കാരണം, എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡ് അംഗത്വത്തിൽ നിന്നും, പിണറായി സർക്കാരുമായി രക്തബന്ധമുള്ള ഒരു വ്യക്തിയെ പുറത്താക്കിയ സംഭവം പോലുമുണ്ടായി. എന്നാൽ ആ വ്യക്തിയുടെ മാന്യത കൊണ്ടുമാത്രമാണ്, പുറത്താക്കലിന് പിന്നിലെ കഥ പുറംലോകം അറിയാതെ പോയത്. എന്നുമാത്രമല്ല വേറെയും ചില തരംതാണ കളികൾ സുകുമാരൻ നായർ കളിച്ചു എന്നാണ് പറയപ്പെടുന്നത്.

എന്നാലിപ്പോൾ, മൂന്നാമൂഴത്തിന് വെമ്പുന്ന സി.പി.എം ജാതിമത സംഘടനകളെ ഏത് വിധേനയും ഒപ്പം കൂട്ടാൻ ശ്രമിച്ചപ്പോൾ അതിന് ആദ്യം തെരഞ്ഞെടുത്തത് എൻ.എസ്.എസിനെയാണ്. അദ്ധ്യാപക നിയമനവിഷയത്തിൽ സർക്കാരുമായി കടുത്ത ശത്രുത പുലർത്തുന്ന സുകുമാരൻ നായരെ വരുതിയിലാക്കുവാൻ, അക്കാര്യത്തിൽ ഒരു വാഗ്ദാനം നൽകിയാൽ മതി എന്ന് മനസ്സിലാക്കിയ മുഖ്യൻ, കോട്ടയത്തുകാരനും, എൻ.എസ്.എസുമായി നല്ല ബന്ധം പുലർത്തുന്നയാളുമായ ഒരു മന്ത്രിയെത്തന്നെ അതിനായി ചുമതലപ്പെടുത്തുകയായിരുന്നത്രെ. ആ മന്ത്രി നടത്തിയ ഇടപെടലാണ് സുകുമാരൻ നായർക്കും സർക്കാരിനും ഇടയ്ക്കുള്ള മഞ്ഞ് ഉരുക്കിമാറ്റിയത്. സുകുമാരൻ നായരുടെ അസുഖമറിയുവാൻ മുഖ്യമന്ത്രി പോയതും, ആഗോള അയ്യപ്പസംഗമത്തിന് പിൻതുണ പ്രഖ്യാപിച്ച് സുകുമാരൻ നായർ രംഗത്തുവന്നതും, സംഗമത്തിനുശേഷം പിണറായി സർക്കാരിന് വെരിഗുഡ് സർട്ടിഫിക്കറ്റ് നൽകിയതുമൊക്കെ മേൽപ്പറഞ്ഞ മന്ത്രി നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണെന്നുവേണം കരുതുവാൻ.

അതുപക്ഷേ നായർ സമുദായത്തിലുണ്ടാക്കിയിട്ടുള്ള അസ്വസ്ഥതകൾ ചില്ലറയല്ല. സമുദായ നേതൃത്വത്തിന്റെ ആഹ്വാനമനുസരിച്ച്, തെരുവിലിറങ്ങിയ സ്ത്രീകളുൾപ്പെടെയുള്ളവർ കേസിൽ കുടുങ്ങിനിൽക്കുമ്പോൾ, അവരെ ഒറ്റുകൊടുക്കുന്ന തരത്തിലുള്ള സുകുമാരൻ നായരുടെ പ്രവർത്തികൾ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എതിരഭിപ്രായങ്ങൾ പലതുണ്ടെങ്കിലും ഇത്രനാളും നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യാത്ത പാരമ്പര്യമായിരുന്നു നായർ സമുദായത്തിന്റേത്. എന്നാലിപ്പോൾ ആ അവസ്ഥ മാറുകയാണ്. സോഷ്യൽ മീഡിയാകളിൽ നിറയെ, സുകുമാരൻ നായർക്കെതിരെ സമുദായാംഗങ്ങൾ തന്നെയാണ് പൊങ്കാലയിടുന്നത്.

അതെന്തായാലും കാര്യങ്ങൾ ഇങ്ങനെ മുന്നേറുമ്പോൾ സുകുമാരൻ നായരും വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും രാമഭദ്രനും ചേർന്നുവലിക്കുന്ന രഥത്തിലായിരിക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പിണറായി വിജയന്റെ പര്യടനം എന്ന് ന്യായമായും കരുതാം. ശേഷം ചിന്ത്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img