02:19am 12 November 2026
NEWS
രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കർശന നിയന്ത്രണങ്ങളുമായി നഗരസഭ
30/05/2026  08:23 PM IST
nila
രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കർശന നിയന്ത്രണങ്ങളുമായി നഗരസഭ

​ചെങ്ങന്നൂർ: നഗരത്തെ ശ്വാസംമുട്ടിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കർശന നിയന്ത്രണങ്ങളുമായി നഗരസഭ. നഗരസഭാ അധ്യക്ഷൻ മനീഷ് കീഴാമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് നഗരത്തിൽ വിപുലമായ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനമായത്. വെള്ളവര കടന്ന് റോഡിലേക്ക് വാഹനം പാർക്ക് ചെയ്താൽ വൻ തുക പിഴയീടാക്കും. കെട്ടിടങ്ങളുടെ പാർക്കിംഗ് ഏരിയ ദുരുപയോഗം ചെയ്ത് നിർമാണം നടത്തുന്നവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ യു.എ നമ്പർ (അനധികൃത നിർമാണം) നൽകി മൂന്നിരട്ടി നികുതി ചുമത്താനും യോഗം തീരുമാനിച്ചു.
​നഗരസഭാ ചെയർപേഴ്‌സന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി എം.ഡി.ദീപ ,  എംവിഐ കിഷോർ രാജ്, ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഇ.ഡി. മനോജ് , എസ്. സുജിത് , മനീഷ് മുരളി, താലൂക്ക് ഓഫീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
​രണ്ട് മാസത്തേക്ക് പരീക്ഷണ പാർക്കിംഗ്:
നഗരത്തിലെ എംസി റോഡിൽ ഇരുവശങ്ങളിലും  പാർക്കിംഗ് സൗകര്യമുള്ള സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുമാസത്തേക്ക് പാർക്കിംഗ് അനുവദിക്കും. എന്നാൽ, യാതൊരു കാരണവശാലും റോഡിലെ വെള്ളവര (പാർക്കിംഗ് ലൈൻ) ക്രോസ് ചെയ്ത് റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ലൈനിന് പുറത്ത് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തും.
വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കും:
ദേശീയപാതയിലെ വഴിയോര കച്ചവടങ്ങൾ പൂർണമായും ഒഴിപ്പിക്കും. 
 കച്ചവട നിബന്ധനകൾ പാലിക്കാതെ നടത്തിയിട്ടുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കും. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ ഈ തീരുമാനം ദേശീയപാത അതോറിറ്റിയെ അറിയിക്കും.
എം.കെ റോഡിൽ കർശന നിയന്ത്രണം:
എം.കെ റോഡിൽ ആൽത്തറ ജംഗ്ഷനോട് ചേർന്ന് പോലീസ് പിടിച്ചിട്ട് റോഡ് സൈഡിൽ സ്ഥിരമായി പാർക്ക് ചെയ്തിരിക്കുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അവിടെനിന്നും അടിയന്തരമായി മാറ്റാൻ ട്രാഫിക് പോലീസിനെ ചുമതലപ്പെടുത്തി. റെയിൽവേ സ്റ്റേഷന് സമീപം റോഡിൽ പാർക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ നടപടികൾ സ്വീകരിക്കും. സ്ഥലപരിമിതിയുള്ളതിനാൽ റെയിൽവേ സ്റ്റേഷൻ ബാക്ക് സൈഡ് റോഡിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചു. നിയമലംഘകരിൽ നിന്നും പിഴ ഈടാക്കും.
​പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ; നടത്തിപ്പ് കുടുംബശ്രീക്ക്:
നഗരത്തിൽ സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. പൊതുസ്ഥലങ്ങൾ ഏറ്റെടുത്ത് പാർക്കിംഗ് ഏരിയ ഒരുക്കാനും സ്വകാര്യ വ്യക്തികൾക്ക് പാർക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങാനും നഗരസഭ മുൻകൈ എടുക്കും. ഇതിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകും. കൂടാതെ, കോടതിയോട് ചേർന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്കിലെ തടികൾ മാറ്റി പാർക്കിംഗ് ഏർപ്പെടുത്തും. ഹോസ്പിറ്റൽ ജംഗ്ഷനിലെ പുറമ്പോക്ക് സ്ഥലവും പാർക്കിംഗിനായി സജ്ജമാക്കും. കെഎസ്ആർടിസിക്ക് സമീപമുള്ള പഴയ സ്കൂൾ മൈതാനം വിട്ടുകിട്ടുന്ന മുറയ്ക്ക് അവിടെയും കുടുംബശ്രീ മുഖേന താത്കാലിക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും.
​ബിവറേജസിന് മുന്നിൽ സിഗ്സാഗ് ലൈൻ:
ഐ.റ്റിഐ ജംഗ്ഷനിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുൻവശം റോഡിന്റെ മറുഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ല. ഇവിടെ സിഗ്സാഗ്  ലൈൻ വരച്ച് പാർക്കിംഗ് നിരോധനം ഏർപ്പെടുത്താൻ കെ. എസ് റ്റിപിയോട്  നിർദേശിക്കും. ബഥേൽ ജംഗ്ഷനിൽ ട്രാഫിക് പരിഷ്‌കരണത്തിനായി പോലീസ് സ്ഥാപിച്ച വീപ്പകളിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അടിയന്തരമായി അവിടെനിന്നും മാറ്റും.
ബസുകൾക്കും ഓട്ടോകൾക്കും പുതിയ ക്രമീകരണം :
​കെഎസ്ആർടിസി ബസുകൾ നിർബന്ധമായും സ്റ്റാൻഡിനുള്ളിൽ കയറ്റി നിർത്തി മാത്രമേ യാത്രക്കാരെ ഇറക്കാവൂ എന്ന് കെഎസ്ആർടിസി അധികൃതർക്ക് കർശന നിർദേശം നൽകും. സ്റ്റാൻഡിന് മുൻവശത്തെ ഓട്ടോ സ്റ്റാൻഡ് റോഡിന്റെ ഒരു വശത്തേക്ക് മാത്രമായി പുനഃക്രമീകരിക്കും.
​എംകെ റോഡിൽ പ്രൈവറ്റ് ബസുകൾക്ക് നഗരസഭാ ബസ് സ്റ്റാൻഡ്, നവരത്‌ന ഹോട്ടലിന് മുൻവശം, മാർക്കറ്റ്, ആൽത്തറ ജംഗ്ഷൻ എന്നിവിടങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പ്. ഇവിടെ മാത്രമേ ആളുകളെ കയറ്റാനും ഇറക്കാനും പാടുള്ളൂ.
​മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റലിന് മുൻവശം റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന ബസ് ഷെൽട്ടർ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ കെഎസ് റ്റിപിയുടെ അനുമതി ലഭ്യമാക്കും. വെള്ളാവൂർ ജംഗ്ഷനിൽ തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ സിഗ്നൽ കഴിഞ്ഞ ശേഷം റോഡ് സൈഡിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ കയറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രാഫിക് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും.
ശബരിമല സീസണിൽ വൺവേ; റൂട്ടുകളിൽ മാറ്റം:
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബെഥേൽ - ത്രിവേണി റോഡ് വൺവേ ആക്കണമെന്ന നിർദേ ശം ശബരിമല സീസൺ സമയത്ത് മാത്രമായി നടപ്പിലാക്കും. തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബഥേൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയാൻ പാടില്ല. ഈ വാഹനങ്ങൾ ഇടതുവശത്തേക്ക് തിരിഞ്ഞ്, ബൂഫിയ ബേക്കറി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് നന്ദവനം ജംഗ്ഷൻ വഴി പോകേണ്ടതാണ്. പുലിയൂർ റോഡിലെ റെയിൽവേ അടിപ്പാതയിൽ വലിയ വാഹനങ്ങൾ കുടുങ്ങാതിരിക്കാൻ ഹൈറ്റ് ബാരിയർ  സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.