06:33am 11 November 2026
NEWS
നിയുക്ത ഉപരാഷ്ട്രപതി ബഹു. സി.പി രാധാകൃഷ്ണന് ശ്രേഷ്ഠ കാതോലിക്ക ബാവ ആശംസകൾ നേർന്നു
09/09/2025  08:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയുക്ത ഉപരാഷ്ട്രപതി ബഹു. സി.പി രാധാകൃഷ്ണന് ശ്രേഷ്ഠ കാതോലിക്ക ബാവ ആശംസകൾ നേർന്നു

പുത്തൻകുരിശ് : രാജ്യത്തിന്റെ നിയുക്ത ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബഹു. സി.പി. രാധാകൃഷ്ണന്, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആശംസകൾ നേർന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ  പിന്നോക്കം നിൽക്കുന്നവരെ കരുതലോടെ ചേർത്തു നിർത്തുന്ന മനുഷ്യ സ്നേഹിയായ അദ്ദേഹം, സഭയുമായി എപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 

തൻ്റെ കാതോലിക്കാ സ്ഥാനലബ്ധിയിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചതും, സഭയുടെ വിവിധ സാമൂഹ്യ-സേവന പ്രവർത്തനങ്ങൾക്കും ലഹരി വിപത്തിനെതിരെ സഭ നടത്തുന്ന പോരാട്ടങ്ങൾക്കും അദ്ദേഹം പിന്തുണയും പ്രോത്സാഹനവും നൽകിയതും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. 

ഏവരെയും സൗമ്യതയോടെയും സ്നേഹത്തോടെയും ചേർത്തുനിർത്തുന്ന ശ്രീ. സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുവാൻ സാധിക്കട്ടെയെന്നും, അദ്ദേഹത്തിൻ്റെ സേവനം നമ്മുടെ രാഷ്ട്രത്തിന് വിലപ്പെട്ട സമ്പത്തായി മാറട്ടെയെന്നും ബാവ ആശംസിച്ചു. ഭാരതത്തിൻ്റെ മഹത്തായ പൈതൃകവും മതേതര മൂല്യങ്ങളും സംരക്ഷിച്ച് ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും സഭയുടെ എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതായും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img