
ദോഹ: സ്മാർട്ട് ഗതാഗതം, റോഡ് സുരക്ഷാ പഠനങ്ങൾ, നിയമനിർമ്മാണം, ഗവേഷണവും വികസനവും (R&D) എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയവും (MoT) ഖത്തർ സൊസൈറ്റി ഓഫ് എൻജിനീയേഴ്സും (QSE) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
റോഡ് ഗതാഗത മേഖലയിൽ സ്വദേശി പ്രതിഭകളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിശീലനങ്ങൾ, ശിൽപശാലകൾ, വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഈ കരാർ വഴിയൊരുക്കും. ഗതാഗത മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് അഫയേഴ്സിന് കീഴിൽ ജോലി ചെയ്യുന്ന എൻജിനീയറിംഗ് ജീവനക്കാർക്കും പദ്ധതിയുടെ ഭാഗമായി ഉന്നത പരിശീലനങ്ങൾ ലഭ്യമാക്കും.
ഗതാഗത മന്ത്രാലയ ഓഫീസിൽ നടന്ന ചടങ്ങിൽ ലാൻഡ് ട്രാൻസ്പോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജി. അബ്ദുള്ള സെയ്ഫ് അൽ സുലൈത്തിയും, ഖത്തർ സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ചെയർപേഴ്സൺ എൻജി. ആംന മുഹമ്മദ് അൽ നഅമയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS3) എന്നിവക്ക് അനുസൃതമായി, ഗതാഗത മേഖലയിലെ നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.











